24 മണിക്കൂറില്‍ 50 ശതമാനം വര്‍ധനവ്: ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് വീണ്ടും കൊവിഡ് കേസുകള്‍ ഉയരുന്നു. പുതുതായി ഡല്‍ഹിയില്‍ 299 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 50 ശതമാനം വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം 202 പേര്‍ക്കാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ 18,66,881 ആയി.
കഴിഞ്ഞ രണ്ട് മാസമായി കൊവിഡ് കേസുകളില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് ഈ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേ സമയം 24 മണിക്കൂറില്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.49 ആയി വര്‍ധിച്ചിട്ടുണ്ട്. സിറ്റി ഭരണകൂടങ്ങള്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ അഭിപ്രായപ്പെട്ടിരുന്നു. 100 മുതല്‍ 200 വരെ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ കൊടുക്കുമെന്നും ഇപ്പോള്‍ പോസിറ്റിവിറ്റി നിരക്കില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി 14ന് ഡല്‍ഹിയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 30.6 ശതമാനം ആയിരുന്നു. കൊവിഡ് തരംഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ് ഈ നിരക്കില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ മാസ്‌ക് ഉപയോഗം നിര്‍ബന്ധമാക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
കൊവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ വീണ്ടും കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. ചൈനയിലെ ഷാങ്ഹയിലെ അടിയന്തര ചുമതല നിര്‍വഹിക്കാത്ത അമേരിക്കന്‍ കോണ്‍സുലേറ്റിലെ ജീവനക്കാരോട് ഷാങ്ഹയ് വിടാന്‍ അമേരിക്കന്‍ വിദേശ മന്ത്രാലയം ഉത്തരവിട്ടിരുന്നു. രണ്ട് കോടി അറുപത് ലക്ഷം ജനങ്ങള്‍ താമസിക്കുന്ന നഗരമാണ് ചൈനയിലെ ഷാങ്ഹ. പ്രദേശത്ത് കഴിഞ്ഞ രണ്ട് ആഴ്ചയോളമായി കര്‍ശന ലോക്ക്ഡൗണ്‍ ആണ് നിലനില്‍ക്കുന്നത്.
നഗരത്തിലെ വീടുകളില്‍ നിന്ന് ആരും പുറത്തിറങ്ങരുതെന്നും ഇതിലൂടെ രോഗവ്യാപനം കുറക്കാമെന്നുമാണ് ഭരണകൂടത്തിന്റെ കര്‍ശന നിര്‍ദേശം. കൊവിഡ് നിയന്ത്രണങ്ങള്‍ കൃത്യമായി നടപ്പാകുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വലിയ നിരീക്ഷണം സംവിധാനങ്ങളും നഗരത്തില്‍ സജ്ജമാക്കിയിട്ടുണ്ട്.
ചൈനയിലെ നിലവില്‍ കൊവിഡ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന നഗരമാണ് ഷാങ്ഹായ്. ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ ഭൂരിഭാഗം കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത് ഷാങ്ഹായ് നഗരത്തിലാണ്. നഗരത്തില്‍ പ്രത്യേക അനുമതിയുള്ളവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് വളണ്ടിയര്‍മാര്‍ക്കും ഭക്ഷണ വിതരണക്കാര്‍ക്കും മാത്രമേ നഗരത്തില്‍ പുറത്തിറങ്ങാന്‍ അനുവാദമുള്ളു.
നഗരത്തിലെ 2.6 കോടി ജനങ്ങളും വീടുകളില്‍ തന്നെയാണ് കഴിയുന്നത്. നഗരത്തിലെ നിയന്ത്രണങ്ങളുടെ നിരവധി ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അധികൃതര്‍ ഡ്രോണുകള്‍ ഉപയോഗിച്ചാണ് ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ജനങ്ങളിലെത്തിക്കുന്നത്. ഭക്ഷണം ലഭിക്കാത്തതിനെ തുടര്‍ന്ന് നഗരത്തില്‍ ജനം ബാല്‍ക്കണികളില്‍ കയറി പ്രതിഷേധിച്ചിരുന്നു. ഇത് നിരീക്ഷിക്കുന്നതിനായും നിര്‍ദേശങ്ങള്‍ നല്‍കാനുമായി ഡ്രോണുകളുടെ സേവനംകൂടി ഭരണകൂടം ഉപയോഗപ്പെടുത്തിയത്.
ഭക്ഷണം ലഭിക്കാത്തതിനെ തുടര്‍ന്ന് നഗരത്തില്‍ ജനം ബാല്‍ക്കണികളില്‍ കയറി പ്രതിഷേധിച്ചിരുന്നു. ഇത് നിരീക്ഷിക്കുന്നതിനായും നിര്‍ദേശങ്ങള്‍ നല്‍കാനുമായി ഡ്രോണുകളുടെ സേവനംകൂടി ഭരണകൂടം ഉപയോഗപ്പെടുത്തിയത്. വ്യത്യസ്ത നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുള്ളത്. വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്, ജനല്‍ തുറക്കരുത്, പാട്ടു പാടരുത് തുടങ്ങിയ കര്‍ശന നിര്‍ദേശങ്ങളാണ് ഭരണകൂടം പുറത്തിറക്കിയിട്ടുള്ളത്. ദമ്പതിമാര്‍ വെവ്വേറെ കിടന്ന് ഉറങ്ങണം, ചുംബിക്കരുത്, ആലിംഗനം ചെയ്യരുത്, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കരുത് എന്നീ നിര്‍ദേശങ്ങള്‍ നല്‍കുന്ന ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. റോബോട്ടുകള്‍ പട്രോളിങ് നടത്തുന്ന ഷാങ്ഹായ് നഗരത്തിന്റെ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.












Click it and Unblock the Notifications