ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചിട്ടില്ലെന്ന് വ്യോമസേന, 'ഇതുവരെയുള്ള ദൗത്യം വിജയകരം'
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂരില്‍ തങ്ങളുടെ നിയുക്ത ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഇന്ത്യന്‍ വ്യോമസേന. ഓപ്പറേഷന്‍ സിന്ദൂര്‍ ഇപ്പോഴും തുടരുകയാണ് എന്നും വ്യോമസേന വ്യക്തമാക്കി. എക്‌സിലായിരുന്നു സേനയുടെ പ്രതികരണം. ഓപ്പറേഷന്‍ സിന്ദൂരിന്റെ ഭാഗമായുള്ള തന്ത്രപരമായ ലക്ഷ്യങ്ങള്‍ കൃത്യമായി നിറവേറ്റി എന്നും വ്യോമസേന ട്വീറ്റില്‍ പറയുന്നു.
'ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യന്‍ വ്യോമസേന (ഐഎഎഫ്) തങ്ങളില്‍ നിയുക്തമാക്കിയ ചുമതലകള്‍ കൃത്യതയോടെയും പ്രൊഫഷണലിസത്തോടെയും വിജയകരമായി നിര്‍വഹിച്ചു. ദേശീയ ലക്ഷ്യങ്ങളുമായി യോജിപ്പിച്ച് ആസൂത്രിതവും വിവേകപൂര്‍ണ്ണവുമായ രീതിയിലാണ് ഓപ്പറേഷന്‍ നടത്തിയത്. ഓപ്പറേഷന്‍സ് ഇപ്പോഴും തുടരുന്നതിനാല്‍, യഥാസമയം വിശദമായ ഒരു ബ്രീഫിംഗ് നടത്തും.

സ്ഥിരീകരിക്കാത്ത വിവരങ്ങളുടെ ഊഹാപോഹങ്ങളില്‍ നിന്നും പ്രചാരണത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഇന്ത്യന്‍ വ്യോമസേന എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു,' ഒരു എക്‌സ് പോസ്റ്റില്‍ സേന വ്യക്തമാക്കി. ഇന്നലെ കരയിലും കടലിലും ആകാശത്തും ഉള്ള എല്ലാ സൈനിക നടപടികളും ഉടനടി നിര്‍ത്തിവയ്ക്കുന്നതിന് ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തല്‍ ധാരണയില്‍ എത്തിയിരുന്നു.
എന്നാല്‍ വെടിനിര്‍ത്തല്‍ കരാറിന് ശേഷവും പാകിസ്ഥാന്‍ പ്രകോപനം തുടര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വ്യോമസേനയുടെ വിശദീകരണം എന്നും ശ്രദ്ധേയമാണ്. പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ സൈനിക നടപടിയെ തുടര്‍ന്നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായത്. ഏപ്രില്‍ 22-ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടത്തിയ ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യന്‍ സൈന്യം മെയ് 7-ന് 'ഓപ്പറേഷന്‍ സിന്ദൂര്‍' നടത്തിയത്.
പാകിസ്ഥാന്‍, പാക് അധീന കശ്മീര്‍ എന്നിവിടങ്ങളിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചായിരുന്നു ഓപ്പറേഷന്‍. വിശ്വസനീയമായ ഇന്റലിജന്‍സ് വിവരങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ അവരുടെ പങ്കാളിത്തവും അടിസ്ഥാനമാക്കിയാണ് സ്ഥലങ്ങള്‍ തിരഞ്ഞെടുത്തത്. പാകിസ്ഥാന്റെ ആക്രമണങ്ങള്‍ക്കുള്ള എല്ലാ പ്രതികരണങ്ങളും ഓപ്പറേഷന്‍ സിന്ദൂരിന്റെ ഭാഗമായിട്ടാണ് ഇന്ത്യ നടത്തിയത്.
പാകിസ്ഥാനില്‍ നിന്നുള്ള അതിര്‍ത്തി കടന്നുള്ള ഷെല്ലാക്രമണത്തിനും അതിനനുസരിച്ച് ഇന്ത്യന്‍ സായുധ സേനയുടെ പ്രത്യാക്രമണങ്ങള്‍ക്കുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ലോകം സാക്ഷിയായത്. സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന്, അതിര്‍ത്തി പ്രദേശങ്ങള്‍ അതീവ ജാഗ്രതയിലായിരുന്നു. മുന്‍കരുതല്‍ നടപടിയായി പാകിസ്ഥാന്‍ ആക്രമണങ്ങള്‍ നടത്തുമ്പോള്‍ ഇവിടങ്ങളില്‍ വൈദ്യുതി വിച്ഛേദിച്ചു.
ഇന്ത്യന്‍ വ്യോമാതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറാന്‍ പാകിസ്ഥാന്‍ നിരവധി ഡ്രോണുകള്‍ ഉപയോഗിച്ചിട്ടുണ്ട് എന്നും പക്ഷേ ഇന്ത്യന്‍ സൈന്യത്തില്‍ നിന്ന് ആനുപാതികവും ഫലപ്രദവുമായ പ്രതികരണം അവര്‍ക്ക് ലഭിച്ചു എന്നും വ്യോമസേന കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാന്‍ സൈന്യം പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി പലതവണ ലംഘിച്ചു എന്നും സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി നീക്കം നടത്തി എന്നും വിങ് കമാന്‍ഡര്‍ വ്യോമിക സിംഗ് വ്യക്തമാക്കിയിരുന്നു.
അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലും ലേ മുതല്‍ സര്‍ ക്രീക്ക് വരെയുള്ള 36 സ്ഥലങ്ങളില്‍ ഏകദേശം 300 മുതല്‍ 400 വരെ ഡ്രോണുകള്‍ ഉപയോഗിച്ച് നുഴഞ്ഞുകയറ്റത്തിന് പാകിസ്ഥാന്‍ ശ്രമിച്ചു. ''ഇന്ത്യന്‍ സായുധ സേന കൈനറ്റിക്, നോണ്‍-കൈനറ്റിക് മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് ഈ ഡ്രോണുകളില്‍ പലതും വീഴ്ത്തിയത്.
ഈ വലിയ തോതിലുള്ള വ്യോമാക്രമണങ്ങളുടെ സാധ്യമായ ലക്ഷ്യം വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പരീക്ഷിക്കുകയും രഹസ്യാന്വേഷണം ശേഖരിക്കുകയും ചെയ്യുക എന്നതായിരുന്നു', വ്യോമിക സിംഗ് കൂട്ടിച്ചേര്‍ത്തു. മെയ് 10 മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തി. പഹല്‍ഗാം ആക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടിരുന്നത്.
ഒരു നേപ്പാളി പൗരനും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം സാധാരണക്കാരെ ലക്ഷ്യമിട്ട് രാജ്യത്ത് നടന്ന ആദ്യത്തെ ഭീകരാക്രമണമായിരുന്നു ഇത്. മുംബൈ ഭീകരാക്രമണത്തിന് ശേഷം സാധാരണക്കാര്‍ക്കെതിരെ നടത്തിയ ഏറ്റവും വലിയ ഭീകരാക്രമണവും ഇതായിരുന്നു. പഹല്‍ഗാമില്‍ ഭീകരര്‍ നടത്തിയ വെടിവെയ്പ്പില്‍ ഒരു മലയാളിയും കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications