ധർമ്മസ്ഥല: ആ മുഖം മൂടിക്കാരന്‍ ചിന്നയ്യ: ഒടുവില്‍ അന്വേഷണം നടന്നപ്പോള്‍ സാക്ഷി പ്രതിയായി
മംഗ്ലൂരു: ദേശീയ ശ്രദ്ധയാകർഷിച്ച ധർമ്മസ്ഥല കേസില്‍ വന്‍ ട്വിസ്റ്റ്. ക്ഷേത്ര നഗരമായ ധർമ്മസ്ഥലയില്‍ സ്ത്രീകളും കുട്ടികളുമായി നൂറിലധികം പേരുടെ മൃതദേഹം കുഴിച്ചുമൂടിയെന്ന് വെളിപ്പെടുത്തിയ ക്ഷേത്രം മുൻ ശുചീകരണ തൊഴിലാളിയെ കർണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇത്രയും നാള്‍ മുഖം മറച്ച് പൊലീസ് സംഘത്തിനൊപ്പം തെളിവെടുപ്പിനും മറ്റും എത്തിയ ഇദ്ദേഹത്തിന്റെ പേര് വിവരങ്ങള്‍ അടക്കം അന്വേഷണ സംഘം പുറത്ത് വിട്ടിട്ടുണ്ട്.
ശുചീകരണ തൊഴിലാളിയുടെ പേര് സിഎന്‍ ചിന്നയ്യ എന്നാണെന്നും മാണ്ഡ്യ സ്വദേശിയാണെന്നുമാണ് പ്രത്യേക അന്വേഷണ സംഘത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. 1995 മുതൽ 2014 വരെ ധർമ്മസ്ഥലയിൽ ബലാത്സംഗത്തിന് അടക്കം ഇരയായ നൂറിലധികം പേരുടെ മൃതദേഹങ്ങള്‍ കുഴിച്ചിടാന്‍ താന്‍ നിർബന്ധിതനായി എന്ന ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ വലിയ വിവാദങ്ങള്‍ക്കായിരുന്നു ഇടം നല്‍കിയത്. പിന്നീട് മജിസ്ട്രേറ്റിന് മുന്നില്‍ ഇത് സംബന്ധിച്ച രഹസ്യ മൊഴിയും അദ്ദേഹം നല്‍കിയിരുന്നു.

ചിന്നയ്യയുടെ മൊഴികളുടെ പശ്ചാത്തലത്തില്‍ എസ് ഐ ടി നേത്രാവതി നദീതീരത്ത് വലിയ തോതില്‍ പരിശോധന നടത്തി. എസ്ഐടി 17 സ്ഥലങ്ങളിൽ നടത്തിയ വിപുലമായ പരിശോധനയിൽ ഈ ആരോപണങ്ങളെ തെളിയിക്കുന്ന യാതൊരു തെളിവും കണ്ടെത്താനായിരുന്നില്ല. ഒടുവില്‍ അദ്ദേഹത്തിന്റെ മൊഴികളിലും രേഖകളിലും കണ്ടെത്തിയ വൈരുദ്ധ്യങ്ങൾ കാരണം ഇദ്ദേഹത്തെ വിശദമായ ചോദ്യം ചെയ്യുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
ശനിയാഴ്ച ബെൽത്തങ്ങാടി കോടതിയിൽ ഹാജരാക്കിയ ചിന്നയ്യയെ 10 ദിവസത്തെ എസ് ഐ ടി. കസ്റ്റഡിയിൽ വിട്ടു.
അതിനിടെ സംഭവത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ബി ജെ പി നേതാക്കള്‍ രംഗത്ത് വന്നു. ഒരു വ്യക്തിയുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങളെ അടിസ്ഥാനമാക്കി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ച സർക്കാർ നടപടിയെ മുൻ തമിഴ്‌നാട് ബിജെപി അധ്യക്ഷനും കർണാടക കേഡറിലെ മുൻ ഐപിഎസ് ഓഫീസറുമായ കെ അണ്ണാമലൈ "വിഡ്ഢിത്തം" എന്ന് വിശേഷിപ്പിച്ചു. ഈ ആരോപണങ്ങൾക്ക് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു മുഖംമൂടി ധാരിയായ വ്യക്തി സനാതന ധർമ്മത്തിന്റെ പ്രധാന കേന്ദ്രമായ ധർമ്മസ്ഥല ക്ഷേത്രത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നും, ഇത് ഒരു വ്യക്തിയുടെ മാത്രം പ്രവൃത്തിയല്ല, വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും അണ്ണാമല എക്സിലൂടെ ആരോപിച്ചു. "ഒരു മുഖംമൂടി ധാരി കർണാടക സർക്കാരിന്റെ ഭരണയന്ത്രത്തെ ഒരു മാസത്തിലേറെ കാലം വിഡ്ഢിയാക്കി. ഇതിന്റെ പിന്നിൽ ആരാണ്? ആരാണ് ഫണ്ട് ചെയ്തത്? ധർമ്മസ്ഥലത്തെ അപമാനിച്ചാല്‍ ആർക്കാണ് നേട്ടമുണ്ടാകുക?" എന്ന് അദ്ദേഹം ചോദിച്ചു.
13 സ്ഥലങ്ങളിൽ നടത്തിയ ഖനനത്തിൽ ഒരു തെളിവും ലഭിച്ചില്ലെന്നും, രണ്ടിടങ്ങളിൽ കണ്ടെത്തിയ അസ്ഥികൂടങ്ങൾ പുരുഷന്മാരുടേതാണെന്നും അണ്ണാമലൈ ചൂണ്ടിക്കാട്ടി. കോൺഗ്രസ് സർക്കാർ, ചിന്നയ്യയുടെ ആരോപണങ്ങൾക്ക് വിശ്വാസ്യത നൽകാൻ ശ്രമിക്കുകയും, ഈ സ്ഥലങ്ങളെ ക്ഷേത്രവുമായി ബന്ധപ്പെട്ട കൂട്ടക്കൊലപാതകങ്ങള്‍ എന്ന വ്യാജ പ്രചരണം നടത്തുമെന്നും അദ്ദേഹം ആരോപിച്ചു.
അതിനിടെ തന്റെ മകളായ അനന്യ ഭട്ടിനെ ധർമസ്ഥലയില്‍ വെച്ച് കാണാതായെന്ന പരാതി ഉയർത്തിയ സുജാത ഭട്ടും മലക്കം മറിഞ്ഞു. 2003-ൽ തന്റെ മകളെ കാണാതായെന്ന് ആരോപിച്ചായിരുന്നു സുജാത ഭട്ട് പരാതി നൽകിയിരുന്നത്. എന്നാൽ ഇത്തരം ഒരു മകള്‍ തനിക്ക് ഇല്ലെന്നും ചിലർ തന്നെ പരാതി നൽകാൻ നിർബന്ധിക്കുകയായിരുന്നുവെന്നുമാണ് ഇപ്പോഴും സുജാത വ്യക്തമാക്കുന്നത് . ഈ വെളിപ്പെടുത്തലും ഗൂഢാലോചനയുടെ സൂചനകൾ നൽകുന്നതായി അണ്ണാമലൈ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications