ഇന്ത്യൻ സൈന്യത്തിൽ അവസരം ലഭിച്ചില്ല; റഷ്യക്കെതിരെ പോരാടാന്‍ യുക്രൈൻ ആർമിയിൽ ചേർന്ന് ഇന്ത്യൻ വിദ്യാർത്ഥി
കീവ് : യുക്രെയിനില്‍ അധിനിവേശം തുടരുന്ന റഷ്യയ്‌ക്കെതിരെ പോരാടാന്‍ യുക്രെയിന്‍ സൈന്യത്തോടൊപ്പം ചേര്‍ന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥി . കോയമ്പത്തൂര്‍ സ്വദേശിയായ 21 കാരന്‍ സായ്നികേഷ് രവി ചന്ദ്രന്‍ എന്ന വിദ്യാര്‍ത്ഥിയാണ് യുക്രെയിന്‍ സൈന്യത്തോടൊപ്പം ചേര്‍ന്ന് റഷ്യക്കെതിരെ പോരാടുന്നത് . സംഭവത്തെ കുറിച്ച് പുറത്തറിഞ്ഞതിന് പിന്നാലെ അധികൃതര്‍ ഇതുമായി ബന്ധപ്പെട്ട് അന്വേഷിക്കാന്‍ സായ് നികേശിന്റെ കോയമ്പത്തൂരിലെ വീട്ടില്‍ എത്തി .

സായ്‌നികേഷ് നേരത്തെ ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ അപേക്ഷിച്ചിരുന്നെന്നും എന്നാല്‍ അവസരം ലഭിച്ചില്ലെന്നുമാണ് രക്ഷിതാക്കള്‍ അധികതൃതരോട് വ്യക്തമാക്കിയത്. 2018 ല്‍ ആണ് സായ്‌നികേഷ് ഖാര്‍കിവിലെ നാഷണല്‍ എയ്റോസ്പേസ് യൂണിവേഴ്സിറ്റിയില്‍ പഠിക്കാന്‍ യുക്രെയ്നിലേക്ക് പോയത് . 2022 ജൂലായ് മാസത്തോടെ ഇയാളുടെ പഠനം പൂര്‍ത്തിയാകും . യുക്രെയിനില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയില്‍ , അദ്ദേഹത്തിന്റെ കുടുംബത്തിന് സായ്‌നികേഷുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടിരുന്നു .

എംബസിയുടെ സഹായം തേടിയ ശേഷം അവര്‍ക്ക് സായ്‌നികേഷുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നു. അപ്പോഴാണ് താന്‍ റഷ്യക്കെതിരെ പോരാടുന്നതിനായി യുക്രെയിന്‍ സൈന്യത്തോടൊപ്പം ചേര്‍ന്നതായി കുടുംബത്തെ അറിയിച്ചത്. അതേസമയം, ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ രണ്ട് തവണ അപേക്ഷ സമര്‍പ്പിച്ച ഇദ്ദേഹത്തിന് രണ്ട് തവണയും അവസരം ലഭിച്ചിരുന്നില്ല. സന്നദ്ധപ്രവര്‍ത്തകര്‍ അടങ്ങുന്ന ജോര്‍ജിയന്‍ നാഷണല്‍ ലെജിയന്‍ അര്‍ദ്ധസൈനിക വിഭാഗത്തിന്റെ ഭാഗമായാണ് രവിചന്ദ്രന്‍ യുക്രേനിയന്‍ സേനയില്‍ ചേര്‍ന്നതെന്ന് തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സൈന്യത്തില്‍ അവസരം ലഭിക്കാത്തതിനെ തുടര്‍ന്ന് ഇദ്ദേഹം യു എസ് സൈന്യത്തില്‍ ചേരാന്‍ പറ്റുമോ എന്ന കാര്യം കോണ്‍സുലേറ്റില്‍ അന്വേഷിച്ചിരുന്നു . എന്നാല്‍ അതിനും സാധിക്കാതെ വന്നതോടെയാണ് 2018 സെപ്റ്റംബറില്‍ ഖാര്‍കിവില്‍ നാഷണല്‍ എയ്റോസ്പേസ് യൂണിവേഴ്സിറ്റി ചേരാന്‍ സായ്‌നികേഷ് തീരുമാനിച്ചത് . 2021 ജൂലൈയില്‍ , അദ്ദേഹം ഇന്ത്യ സന്ദര്‍ശിച്ച് ഒന്നര മാസത്തോളം താമസിച്ചിരുന്നു .

അതേസമയം, റഷ്യക്കെതിരെ പോരാടുന്നവര്‍ക്ക് ആയുധങ്ങള്‍ എത്തിച്ചുനല്‍കുമെന്ന് യുക്രെയിന്‍ പ്രസിഡന്റ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ എം പി അടക്കമുള്ളവര്‍ റഷ്യക്കെതിരെ പോരാടാന്‍ രംഗത്തെത്തിയിരുന്നു. രാജ്യത്തെ 18 നും 50നും ഇടയിലുള്ള പൗരന്മാര്‍ റഷ്യക്കെതിരെ പോരാടന്‍ രംഗത്തുവരണമെന്നാണ് യുക്രെയിന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതിനിടെ, റഷ്യന്‍ സൈന്യം ഷെല്ലാക്രമണം ശക്തമാക്കിയതോടെ യുക്രെയ്‌നിലെ മാനുഷിക പ്രതിസന്ധി രൂക്ഷമാവുകയും ഭക്ഷണം, വെള്ളം, മരുന്ന് എന്നിവയുടെ ദൗര്‍ലഭ്യം വര്‍ദ്ധിക്കുകയും ചെയ്തു.

സിവിലിയന്മാരെ യുദ്ധത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അനുവദിക്കുന്ന സുരക്ഷിത ഇടനാഴികള്‍ സ്ഥാപിക്കുന്നതില്‍ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ഒരു ഉന്നത യുക്രേനിയന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതോടെയാണ് ഇരുപക്ഷവും തമ്മിലുള്ള മൂന്നാം റൗണ്ട് ചര്‍ച്ചകള്‍ അവസാനിച്ചത്. ഇടനാഴികള്‍ ചൊവ്വാഴ്ച പ്രവര്‍ത്തനം തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി റഷ്യയുടെ ചീഫ് നെഗോഷ്യേറ്റര്‍ പറഞ്ഞു.

അതേസമയം, ഒപ്പറേഷന്‍ ഗംഗയുടെ ഭാഗമായി ഇതുവരെ 17000 ല്‍ അധികം ഇന്ത്യക്കാരെ യുക്രെയിനില്‍ നിന്നും മടങ്ങിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇതുവരെ 17,400 ഇന്ത്യക്കാരെ പ്രത്യേക വിമാനങ്ങളിലായി തിരികെ കൊണ്ടുവന്നതായാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. തിങ്കളാഴ്ച മാത്രം 1314 പേര്‍ യുക്രെയ്‌നില്‍ നിന്നും ഇന്ത്യയിലെത്തി. 7 വിമാനങ്ങളിലായാണ് തിങ്കളാഴ്ച രക്ഷൗദൗത്യം പൂര്‍ത്തിയാക്കിയത്. ബുഡാപെസ്റ്റില്‍ നിന്ന് അഞ്ച് വിമാനങ്ങളും ബുക്കാറെസ്റ്റില്‍ നിന്നും സുസെവയില്‍ നിന്നും ഓരോ വിമാനവും ഉണ്ടായിരുന്നു.












Click it and Unblock the Notifications