ഏഷ്യാ കപ്പ് കിരീടം പാക് മന്ത്രി അടിച്ചുമാറ്റിയോ? ട്രോഫി നഖ്‌വിയുടെ ഹോട്ടല്‍ മുറിയില്‍; ഇന്ത്യ നടപടിയിലേക്ക്
ദുബായ്: തുടക്കം ഒന്ന് പതറിയെങ്കിലും ചിരവൈരികളായ പാകിസ്ഥാനെ 5 വിക്കറ്റിന് തകർത്തുവിട്ട് ഇന്ത്യ ഒരിക്കല്‍ കൂടെ ഏഷ്യാകപ്പില്‍ കിരീടം ചൂടിയിരിക്കുകയാണ്. പാകിസ്ഥാന്‍ ഉയർത്തിയ 147 റണ്‍സ് എന്ന വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ മൂന്ന് വിക്കറ്റുകള്‍ പവർപ്ലേയില്‍ തന്നെ നഷ്ടമായി. ഏഷ്യാകപ്പില്‍ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ച അഭിഷേക് ശർമ (5), ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (1), ഓപ്പണർ ശുഭ്മാൻ ഗിൽ (12) എന്നിവരാണ് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ആദ്യം കൂടാരം കയറിയത്.
പവർപ്ലേ അവസാനിക്കുമ്പോള്‍ 36/3 എന്ന നിലയിലായിരുന്നു ഇന്ത്യന്‍ സ്കോർ ബോർഡ്. എന്നാല്‍ തുടർന്ന് ക്രീസില്‍ നിലയുറപ്പിച്ച തിലക് വർമയും സഞ്ജുവും ചേർന്ന് സ്കോർ ബോർഡ് പതിയെ ചലിപ്പിച്ചു. നാലാം വിക്കറ്റില്‍ ഇരുവരും ചേർന്ന് 57 റണ്‍സിന്റെ കൂട്ടുകെട്ട് പടുതുയർത്തി. സഞ്ജു 24 റണ്‍സുമായി പുറത്തായപ്പോള്‍ പിന്നാലെ വന്ന ശിവം ദുബെ (33) യും മികച്ച പ്രകടനം കാഴ്ചവെച്ചു.

നാല് സിക്സും മൂന്നു ഫോറുമായി തിലക് വർമ പുറത്താകാതെ 69 റണ്‍സ് നേടി. നേരത്തെ കുല്‍ദീപ് യാദവിന്റെ 4 വിക്കറ്റ് പ്രകടനമാണ് പാകിസ്ഥാനെ 146 റണ്‍സില്‍ പിടിച്ച് കെട്ടിയത്. അക്ഷർ പട്ടേൽ, ജസ്പ്രീത് ബുമ്ര എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. പാക് ഓപ്പണർമാരായ സാഹിബ്‌സാദാ ഫർഹാനും (38 പന്തിൽ 57), ഫഖർ സമാനും (35 പന്തിൽ 46) ചേർന്ന് ഒന്നാം വിക്കറ്റില്‍ 84 റണ്‍സ് അടിച്ചെടുത്തെങ്കിലും പിന്നാലെ വന്നർക്ക് പിടിച്ച് നില്‍ക്കാനായില്ല.
കിരീടം ചൂടുവാങ്ങിയെങ്കിലും ജേതാക്കൾക്കുള്ള ട്രോഫി ഇന്ത്യ ഏറ്റുവാങ്ങിയില്ല. പാക് ക്രിക്കറ്റ് ബോർഡ് ചെയർമാന്‍ കൂടിയായി എ സി സി പ്രസിഡന്റ് മുഹസിന്‍ നഖ്വിയില്‍ നിന്നായിരുന്നു വിജയികള്‍ ട്രോഫി ഏറ്റുവാങ്ങേണ്ടിയിരുന്നത്. ഇതൊഴിവാക്കാനാണ് വിതരണ ചടങ്ങിൽനിന്ന് ഇന്ത്യ വിട്ടുനിന്നത്. നേരത്തെ ഹസ്തദാന വിവാദത്തിൽ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്‍ ഐസിസിയിൽ പരാതി നൽകിയിരുന്നു. വിജയികള്‍ക്കുള്ള മെഡലും ഇന്ത്യന്‍ താരങ്ങള്‍ സ്വീകരിച്ചില്ല.
വ്യക്തിഗത പുരസ്കാരങ്ങൾ സ്വീകരിച്ചെങ്കിലും ഒരു പാക് മന്ത്രിയില്‍ നിന്നും തങ്ങൾക്ക് കിരീടം വേണ്ടെന്ന നിലപാട് സ്വീകരിച്ച ഇന്ത്യന്‍ താരങ്ങള്‍ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുകയായിരുന്നു. തുടർന്ന് 'സാങ്കല്‍പ്പിക കിരീടം' ഉയർത്തി ഇന്ത്യന്‍ താരങ്ങള്‍ ഫോട്ടോക്ക് പോസ് ചെയ്തു. പകുതിയോളം ആരാധകർ മൈതാനം വിട്ട ശേഷമായിരുന്നു സമ്മാനദാനം ആരംഭിച്ചത്.
പാക് താരങ്ങളുടെ നിസഹകരണത്തെ തുടർന്നായിരുന്നു സമ്മാനദാനത്തിന് മത്സരം അവസാനിച്ച് ഒരു മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നത്. ഇന്ത്യൻ ടീം അംഗങ്ങളും മറ്റ് വി ഐ പി കളും മൈതാനത്തേക്ക് എത്തിയെങ്കിലും പാക് ടീം ഗ്രൗണ്ടിലേക്കെത്താൻ മനപ്പൂർവ്വം വൈകി.
ഇന്ത്യ കിരീടം നേടിയാലും പാക് മന്ത്രിയുടെ കൈയില്‍ നിന്ന് കിരീടം വാങ്ങില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചതായിരുന്നു. ടൂർണമെന്റിനിടെ നിരവധി തവണ പ്രകോപനപരമായ പോസ്റ്റുകൾ അദ്ദേഹം പങ്കുവെച്ചിരുന്നു. അത് മാത്രമല്ല പഹല്‍ഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനേ പരിഹസിച്ചും നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് വന്ന മന്ത്രിയായിരുന്നു മുഹസിന്‍ നഖ്വി.
അതേസമയം, നഖ്‌വി ട്രോഫിയും മെഡലുകളും കൊണ്ട് സ്റ്റേഡിയം വിട്ടതായും ബി സി സി ഐയും ആരോപിച്ചു. 'ഇന്ത്യ ട്രോഫ് ഇന്ന് സ്വീകരിക്കില്ലെന്ന് മാത്രമാണ് ഇന്ത്യ അറിയിച്ചത്. എന്നാല്‍ നഖ്‌വി ട്രോഫിയും മെഡലുകളും കൊണ്ട് സ്റ്റേഡിയം വിട്ടു. ട്രോഫ് അദ്ദേഹം തന്റെ ഹോട്ടല്‍ മുറിയിലേക്ക് കൊണ്ടുപോയി' ബി സി സി ഐ ആരോപിച്ചു.
ഇന്ത്യ ഏഷ്യാ കപ്പ് ട്രോഫി സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് വേദിയിൽ നിന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ചെയർമാൻ മൊഹ്‌സിൻ നഖ്‌വി ഏഷ്യാ കപ്പ് ട്രോഫി സ്വീകരിച്ച നടപടി ശരിയായ നടപടി അല്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സെക്രട്ടറി ദേവജിത് സൈകിയയും വ്യക്തമാക്കി. നവംബറിൽ നടക്കുന്ന അടുത്ത അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ബോർഡ് യോഗത്തിൽ ബിസിസിഐ ഈ വിഷയം ഉന്നയിക്കുമെന്നും സൈകിയ വ്യക്തമാക്കി.












Click it and Unblock the Notifications