ഹരിയാന തിരഞ്ഞെടുപ്പ് ഫലം; കോൺഗ്രസിന് പണി കൊടുത്തത് വിമതരോ?, ബിജെപിക്ക് ചിരി, തന്ത്രം വിജയിച്ചു?
ഹരിയാനയിൽ ബി ജെ പിയുണ്ടാക്കിയ അപ്രതീക്ഷിത മുന്നേറ്റത്തിന്റെ ഞെട്ടലിലാണ് കോൺഗ്രസ് ക്യാമ്പ്. ഭരണം പിടിച്ചുവെന്ന പ്രതീക്ഷയിൽ പാർട്ടി ആസ്ഥാനത്ത് ആഘോഷങ്ങൾ പുരോഗമിക്കുന്നതിനിടെയായിരുന്നു നേതൃത്വത്തെ ഞെട്ടിച്ച് കൊണ്ട് കണക്കിൽ വൻ ട്വിസ്റ്റ് സംഭവിച്ചത്. കോൺഗ്രസിനെ ബഹുദൂരം പിന്നിലാക്കി വമ്പൻ കുതിപ്പാണ് ഇപ്പോൾ ബി ജെ പി നടത്തുന്നത്. നിലവിൽ 46 സീറ്റിലാണ് ബി ജെ പി മുന്നേറ്റം. കോൺഗ്രസ് ആകട്ടെ 37 ലേക്ക് ചുരുങ്ങി. 7 സ്വതന്ത്രരും മുന്നേറുന്നുണ്ട്. ഇതോടെ സംസ്ഥാനത്ത് ബി ജെ പി മൂന്നാമതും അധികാരത്തിലേറുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
പോസ്റ്റൽ വോട്ടുകളും ബാലറ്റുകളും എണ്ണി തുടങ്ങിയപ്പോൾ ആദ്യ ലീഡ് ലഭിച്ചത് കോൺഗ്രസിനായിരുന്നു. എന്നാൽ ആദ്യ നാല് റൗണ്ട് കഴിഞ്ഞതോടെയാണ് ബിജെപിയുടെ സീറ്റുകൾ കുതിക്കാൻ തുടങ്ങിയത്. നിലവിൽ പല സീറ്റുകളിലും കോൺഗ്രസിന്റെ ലീഡ് ആയിരത്തിൽ താഴെ വോട്ടുകൾക്കാണ് എന്നാണ് റിപ്പോർട്ട്. തെക്കൻ ഹരിയാന ഉൾപ്പെടെയുള്ള മേഘലകൾ ബി ജെ പി തൂത്തുവാരുന്നതാണ് കാഴ്ച. മാത്രമല്ല ജാട്ട് വോട്ടുകളും ബി ജെ പിയിലേക്ക് ഒഴുകിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

അതേസമയം കോൺഗ്രസിന് വിമതരാണോ പണികൊടുത്തത് എന്ന നിരീക്ഷണവും ഉയരുന്നുണ്ട്. സീറ്റ് ലഭിക്കാത്തതിനെ ചൊല്ലി നിരവധി നേതാക്കൾ പാർട്ടി വിട്ടിരുന്നു. ഇതിൽ പലരും സ്വതന്ത്രരായി മത്സരിക്കുകയും ചെയ്തു. ഇവരെല്ലാം തന്നെ വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. കോൺഗ്രസ് വിമതർക്കെതിരെ ദുർബലരായ സ്ഥാനാർത്ഥികളെയായിരുന്നു ബി ജെ പി ഇറക്കിയത്. ഇതുവഴി വോട്ട് ഭിന്നിപ്പിക്കുകയാണ് ബി ജെ പി ലക്ഷ്യം. ഇതും വിജയം കണ്ടെന്ന് വേണം കരുതാൻ.

90 അംഗ സഭയിൽ കേവല ഭൂരിപക്ഷത്തിന് ആവശ്യം 46 സീറ്റുകളാണ്. മാന്ത്രിക സംഖ്യ തൊടാൻ സാധിച്ചില്ലെങ്കിലും സ്വതന്ത്രരെ കൂട്ടുപിടിച്ച് ഭരണം പിടിക്കാൻ ബി ജെ പി ശ്രമിച്ചേക്കും. കോൺഗ്രസ് വിമതരിൽ പലരും ബി ജെ പിയ്ക്ക് പിന്തുണ കൊടുക്കാനുള്ള സാധ്യതയും ഏറെയാണ്. അതേസമയം മികച്ച വിജയം നേടാനായില്ലെങ്കിൽ ഹരിയാനയിൽ കോൺഗ്രസിന്റെ നില കൂടുതൽ പരിങ്ങലിലായേക്കും. ഇതിനോടകം തന്നെ പാർട്ടിയിൽ അധികാരത്തർക്കം നിലനിൽക്കുന്നുണ്ട്. മുതിർന്ന നേതാവ് ഭൂപേന്ദർ സിംഗ് ഹൂഡയും ദളിത് നേതാവ് കുമാര സെൽജയും തമ്മിലാണ് തർക്കങ്ങൾ. ഫലം അനുകൂലമായാലും പ്രതികൂലമായും ഇത് കോൺഗ്രസിന് വലിയ തലവേദന തീർത്തേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications