രാഹുലിനെതിരെ കളിക്കുന്നത് ദിഗ്‌വിജയ് സിംഗും പൃഥ്വിരാജും?
ദില്ലി: മുതിര്‍ന്ന നേതാക്കളായ ദിഗ്‌വിജയ് സിംഗും പൃഥ്വിരാജ് ചവാനും കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിക്കെതിരെ പാളയത്തില്‍ പടയൊരുക്കുന്നതായി ആരോപണം. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിനെതിരെ ചോദ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താനാണ് ഇരുവരും ശ്രമിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രി ബേനി പ്രസാദ് വര്‍മയാണ് സീനിയര്‍ നേതാക്കള്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയും രാജ്യസഭാംഗവുമാണ് ദിഗ്‌വിജയ് സിംഗ്. പൃഥ്വിരാജ് ചവാനാകാട്ടെ മഹാരാഷ്ട്ര മുഖ്യമന്ത്രിയും. രാഹുല്‍ ഗാന്ധി യു പി എ സര്‍ക്കാരില്‍ മന്ത്രിയായി പ്രവര്‍ത്തിക്കണമായിരുന്നു എന്ന സിംഗിന്റെ പ്രസ്താവനയാണ് ബേനി പ്രസാദ് ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടു വന്നിരിക്കുന്നത്. രാഹുല്‍ മന്ത്രിസഭയില്‍ ഉണ്ടായിരുന്നെങ്കില്‍ അത് പ്രധാനമന്ത്രിയുടെ അധികാരം കുറച്ചേനെ. രാഹുല്‍ ഗാന്ധി ചെയ്തതാണ് ശരി.

ബേനി പ്രസാദ് വര്‍മ അടുത്തിടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സന്ദര്‍ശിച്ചിരുന്നു. പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളുടെ മേല്‍ ഒരു കണ്ണ് വേണം എന്നായിരുന്നു കൂടിക്കാഴ്ചയില്‍ വര്‍മ പറഞ്ഞത്. എന്നാല്‍ അന്ന് വര്‍മ ദിഗ്‌വിജയ് സിംഗിനെ പേരെടുത്ത് പരമാര്‍ശിച്ചിരുന്നില്ല.
തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതും പ്രചാരണം നടത്തുന്നതും പ്രാദേശിക നേതാക്കളാണ്. എന്നാല്‍ പാര്‍ട്ടി തോറ്റുകഴിയുമ്പോള്‍ എല്ലാ ഉത്തരവാദിത്തവും പഴിയും രാഹുല്‍ ഗാന്ധിയുടെ പേരിലാകും. എന്തുകൊണ്ടാണ് പ്രാദേശിക നേതാക്കളുടെ പേരില്‍ നടപടി എടുക്കാത്തത് എന്നും ബേനിപ്രസാദ് ചോദിച്ചു.
താന്‍ സമാജ് വാദി പാര്‍ട്ടിയില്‍ ചേരുന്നു എന്ന റിപ്പോര്‍ട്ടുകളെ വര്‍മ നിഷേധിച്ചു. സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും തനിക്ക് ക്ഷണം ഉണ്ടായിരുന്നു. എന്നാല്‍ താന്‍ കോണ്‍ഗ്രസ് വിടുന്ന പ്രശ്‌നമില്ല.












Click it and Unblock the Notifications