അറിയാവുന്നത് ഹിന്ദി മാത്രം; ഉത്തരേന്ത്യക്കാര്‍ വരുന്നത് മേശ തുടയ്ക്കാന്‍; മന്ത്രിയുടെ വിവാദ പ്രസംഗം
ചെന്നൈ: ഉത്തരേന്ത്യന്‍ തൊഴിലാളികളെക്കുറിച്ച് തമിഴ്നാട് മന്ത്രി നടത്തിയ പ്രസ്താവന വിവാദത്തില്‍. ഡിഎംകെ മന്ത്രി എംആര്‍കെ പനീര്‍ സെല്‍വം നടത്തിയ പ്രസ്താവനയാണ് വിവാദത്തിന് തിരികൊളുത്തിയത്. ഉത്തരേന്ത്യക്കാര്‍ മേശ തുടയ്ക്കാനും പാനി പുരി വില്‍ക്കാനുമാണ് തമിഴ്‌നാട്ടില്‍ വരുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഹിന്ദി മാത്രം പഠിച്ചതു കൊണ്ട് അവര്‍ക്ക് അവിടെ തൊഴില്‍ അവസരങ്ങളില്ല. ആ സാഹചര്യത്തിലാണ് അവര്‍ ജോലി തേടി തമിഴ്നാട്ടിലേക്ക് വരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ബിജെപി ഇതിനെ പ്രതിരോധിച്ച് രംഗത്തു വന്നതോടെ ഇതു വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.
വടക്കേ ഇന്ത്യക്കാര്‍ തമിഴ്നാട്ടില്‍ വരുന്നത് മേശ തുടയ്ക്കാനും ശുചീകരണ ജോലികള്‍ ചെയ്യാനുമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ബിഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ വലിയ തോതിലാണ് തമിഴ്നാട്ടില്‍ എത്തുന്നത്. എന്നാല്‍ അവര്‍ വരുന്നത് പ്രധാനമായും ഹോട്ടലുകളില്‍ മേശ തുടയ്ക്കാനും പാനി പുരി വില്‍ക്കാനും നിര്‍മ്മാണ ജോലികള്‍ക്കും മറ്റ് ചെറിയ ജോലികള്‍ക്കുമാണെന്ന് അദ്ദേഹം പറഞ്ഞു. ചെങ്കല്‍പ്പേട്ടിലെ ഒരു പാര്‍ട്ടി യോഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശങ്ങള്‍.

പനീര്‍ സെല്‍വത്തിനെതിരെ ബിജെപി രംഗത്തെത്തി. ഉത്തരേന്ത്യക്കാരെ പരിഹസിക്കുന്ന ഡിഎംകെയുടെ സ്വഭാവമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. 'ഇന്നത്തെ ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ആളുകള്‍ ഇന്ത്യയില്‍ എല്ലായിടത്തും, ലോകമെമ്പാടും ജോലി ചെയ്യുന്നുണ്ട്. ഒരു ജോലിയും ചെറുതല്ല. ഒരു പൗരനും താഴ്ന്നവനല്ല' - പാര്‍ട്ടി എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.
ഇത് ഒറ്റപ്പെട്ട സംഭവമല്ല; വടക്കേ ഇന്ത്യക്കാരായതിനാലും ഹിന്ദി സംസാരിക്കുന്നതിന്റെ പേരിലും കുടിയേറ്റ തൊഴിലാളികളെ ഡിഎംകെ നേതാക്കള്‍ ആവര്‍ത്തിച്ച് പരിഹസിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ നിരപരാധികളായ കുടിയേറ്റ തൊഴിലാളികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സമയത്ത്, അത്തരം പ്രസ്താവനകള്‍ അശ്രദ്ധവും അപകടകരവുമാണ്, ഒരു സമൂഹത്തെ മുഴുവന്‍ 'താഴ്ന്ന നിലവാരം' ഉള്ളവരായി മുദ്രകുത്തുകയും തെരുവുകളില്‍ വിദ്വേഷം വളര്‍ത്തുകയും ചെയ്യുന്നു,' പോസ്റ്റില്‍ പറയുന്നു.
ഈ പ്രസ്താവന ഉത്തരേന്ത്യക്കാരെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി രംഗത്തെത്തി. ഡിഎംകെ നേതാക്കള്‍ തുടര്‍ച്ചയായി ഇത്തരത്തില്‍ വംശീയമായ അധിക്ഷേപങ്ങള്‍ നടത്തുകയാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. ഇതിനു മുമ്പും ഡിഎംകെ നേതാക്കള്‍ ഉത്തരേന്ത്യക്കാരെ 'പാനിപ്പൂരി വില്‍ക്കുന്നവര്‍' എന്നും മറ്റും വിളിച്ച് അധിക്ഷേപിച്ചത് വലിയ വാര്‍ത്തയായിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് പുതിയ വിവാദത്തെയും രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.












Click it and Unblock the Notifications