മതപരമായ ഭിന്നത സൃഷ്ടിക്കരുത്; മുസ്ലീം കച്ചവടക്കാരെ നിരോധിക്കുന്നതിൽ സർക്കാരിനെതിരെ കിരൺ മസൂംദാർ
ബെംഗളൂരു; കര്‍ണാടകയില്‍ ക്ഷേത്ര പരിസരത്ത് മുസ്ലിം കച്ചവടക്കാരെ വിലക്കുന്ന സംഭവത്തിൽ ബിജെപി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബയോക്കോൺ എക്സിക്യൂട്ടീവ് ചെയർപേഴ്സൺ കിരൺ മസൂംദാർ ഷാ. സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന മതപരമായ ഭിന്നത പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്നും ടെക്, ബയോടെക് മേഖലകളിലെ രാജ്യത്ത് നിന്നുള്ള ആഗോള നേതൃത്വം അപകടത്തിലാണെന്നും അവർ മുന്നറിയിപ്പ് നൽകി. ട്വിറ്ററിലൂടെയായിരുന്നു കിരണിന്റെ പ്രതികരണം.

എല്ലായപ്പോഴും എല്ലാവരേയും ഉൾക്കൊണ്ട് കൊണ്ടുള്ള സാമ്പത്തിക വികസനമാണ് കർണാടക കെട്ടിപ്പടുത്തിട്ടുള്ളത്. ഇപ്പോഴുള്ള നിലയിലുള്ള വർഗീയ ബഹിഷ്കരണം ഒരു തരത്തിലും അനുവദിക്കരുത്. ഐടി ,ബയോടെക് മേഖലകളിൽ വർഗീയത നിറയ്ക്കാൻ ശ്രമിച്ചാൽ അത് നമ്മുടെ ആഗോള നേതൃത്വത്തെ തന്നെ ഭീഷണിയിലാക്കും. ദയവ് ചെയ്ത് വളർന്ന് വരുന്ന മതപരമായ ഭിന്നതകൾ പരിഹരിക്കാൻ ശ്രമങ്ങൾ നടടത്തണം, മുഖ്യമന്ത്രി ബസവരാജ് ബൊമ്മിയെ ടാഗ് ചെയ്ത് അവർ ട്വീറ്റ് ചെയ്തു.
നമ്മുടെ മുഖ്യമന്ത്രി വളരെ പുരോഗമന വാദിയാണ്. അദ്ദേഹം ഈ പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, മറ്റൊരു ട്വീറ്റിൽ അവർ പറഞ്ഞു.
സംസ്ഥാനത്തുടനീളമുള്ള ക്ഷേത്രങ്ങൾ മുസ്ലീം വിഭാഗക്കാർ നടത്തുന്ന കടകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ആരാധനാലയങ്ങളുടെ പരിസരങ്ങളിലും ക്ഷേത്രോത്സവങ്ങളുടെ ഭാഗമായി സ്റ്റാളുകൾ സ്ഥാപിക്കുന്നതിനുമാണ് മുസ്ലീം വിഭാഗത്തിലുള്ളവർക്ക് അനുമതി നിഷേധിച്ചിരിക്കുന്നത്.2002ൽ കോൺഗ്രസ് ഭരണകാലത്ത് പാസാക്കിയ ഒരു നിയമം ഉദ്ധരിച്ചാണ് സർക്കാർ നീക്കം. സംഭവത്തിൽ ശക്തമായ പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. ബി ജെ പി പ്രതിനിധികൾ തന്നെ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. നടപടി ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും എത്രയും പെട്ടെന്ന് സർക്കാർ ഉചിതമായ നടപടി സ്വീകരിക്കണമെന്നുമാണ് നേതാക്കൾ ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications