'ജനം മണ്ടന്മാരാണ് എന്നാണോ കരുതുന്നത്'? ആദിപുരുഷിന്റെ അണിയറ പ്രവര്‍ത്തകരോട് കോടതി
ലഖ്‌നൗ: വിവാദ രംഗങ്ങളുടെ പേരില്‍ പ്രഭാസ് ചിത്രം ആദിപുരുഷിന്റെ അണിയറ പ്രവര്‍ത്തകരെ വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി. രാജ്യത്തെ ജനങ്ങള്‍ ബുദ്ധിയില്ലാത്തവരാണ് എന്നാണോ കരുതുന്നതെന്ന് കോടതി ചോദിച്ചു. ചിത്രത്തിന്റെ സഹരചയിതാവ് മനോജ് മുന്‍താഷിര്‍ ശുക്ലയെ കേസില്‍ കക്ഷി ചേര്‍ക്കാന്‍ കോടതി നിര്‍ദേശിച്ചു. ഒരാഴ്ചയ്ക്കകം മറുപടി നല്‍കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ആദിപുരുഷ് മതവികാരം വ്രണപ്പെടുത്തിയെന്നും അതിനാല്‍ നിരോധിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ടുളള ഹര്‍ജി പരിഗണിക്കുകയായിരുന്നു അലഹബാദ് ഹൈക്കോടതി. രാമായണം പ്രമേയമാക്കിയുളള ചിത്രം ട്രെയിലര്‍ പുറത്തിറങ്ങിയത് മുതല്‍ വിവാദങ്ങളിലായിരുന്നു. രാമായണത്തെ വളരെ വികലമാക്കി അവതരിപ്പിച്ചു എന്നതാണ് ചിത്രം നേരിടുന്ന പ്രധാന വിമര്‍ശനം.

''ഈ ചിത്രത്തിലെ സംഭാഷണങ്ങളുടെ സ്വഭാവം ഒരു പ്രധാന പ്രശ്‌നമാണ്. രാമായണം ഒരു മാതൃകയാണ്. വീട്ടില്‍ നിന്നിറങ്ങുന്നതിന് മുന്‍പ് ആളുകള്‍ രാമചരിതമാനസം വായിക്കാറുണ്ട്'', കോടതി ചൂണ്ടിക്കാട്ടി. ''സഹിഷ്ണുത ഉളളവരാണ് ഈ മതവിഭാഗത്തില്‍പ്പെട്ടവര്‍ എന്ന കാരണം കൊണ്ട് ഈ പ്രശ്‌നത്തിന് നേര്‍ക്കും കണ്ണടയ്ക്കാന്‍ നിന്നാല്‍ ആ ക്ഷമയും പരീക്ഷിക്കപ്പെടുമോ'' എന്നും കോടതി ചോദിച്ചു.
സെന്‍സര്‍ ബോര്‍ഡിനേയും കോടതി വിമര്‍ശിച്ചു. തങ്ങളുടെ ഉത്തരവാദിത്തം സെന്‍സര്‍ ബോര്‍ഡ് പൂര്‍ണാര്‍ത്ഥത്തില്‍ നിറവേറ്റിയോ എന്നാണ് കോടതി സംശയം പ്രകടിപ്പിച്ചത്. ''ഈ സിനിമ കണ്ടതിന് ശേഷം ആളുകള്‍ നിയമം കയ്യിലെടുത്തില്ല എന്നത് നല്ല കാര്യം തന്നെ. ഭഗവാന്‍ ഹനുമാനെയും സീതയേയും ഈ സിനിമയില്‍ കാണിച്ചിരിക്കുന്നത് അവര്‍ ഒന്നുമല്ലാത്ത തരത്തിലാണ്. ഇക്കാര്യങ്ങള്‍ തുടക്കത്തിലേ നീക്കം ചെയ്യണമായിരുന്നു'', കോടതി അഭിപ്രായപ്പെട്ടു.
സിനിമയിലെ ചില രംഗങ്ങള്‍ അഡള്‍ട്ട് വിഭാഗത്തില്‍ വരുന്നത് പോലെയുണ്ടെന്ന് പറഞ്ഞ കോടതി ഇത്തരം സിനിമകള്‍ കാണുന്നത് വളരെ ബുദ്ധിമുട്ടാണെന്നും പറഞ്ഞു. ഇതൊരു ഗുരുതരമായ വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി സെന്‍സര്‍ ബോര്‍ഡ് ഇക്കാര്യത്തില്‍ എന്താണ് ചെയ്തത് എന്നും ചോദിച്ചു. വിവാദ സംഭാഷണങ്ങള്‍ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്തതായി ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.












Click it and Unblock the Notifications