വൃദ്ധന്റെ വയറ്റില്‍ 12 സ്വര്‍ണബിസ്‌കറ്റുകള്‍!
ദില്ലി: അറുപത്തിമൂന്നുകാരന്റെ വയറ്റില്‍ നിന്ന് ശാസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ നീക്കിയത് പന്ത്രണ്ട് സ്വര്‍ണ ബിസ്‌കറ്റുകള്‍. ദില്ലിയിലെ ചാദ്‌നി ചൗക്ക് സ്വദേശിയും അതി സമ്പന്നനുമായ ഈ ബിസ്‌നസുകാരന്റെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കലശലായ വയറുവേദനയുണ്ടെന്നു പറഞ്ഞാണ് ഇയാള്‍ കുടുംബ ഡോക്ടറെ സമീപിച്ചത്. വാട്ടര്‍ ബോട്ടിലിന്റെ അടപ്പ് വിഴിങ്ങിപ്പോയെന്നാണ് ഡോക്ടര്‍മാരോട് രോഗി പറഞ്ഞത്. എന്നാല്‍ പരിശോധനയില്‍ സ്വര്‍ണ ബിസ്‌കറ്റാണ് അറുപത്തിമൂന്നുകാരന്റെ വയറ്റിലെന്ന് കണ്ടെത്തുകയായിരുന്നു.

പത്ത് ദിവസം മുമ്പാണ് ഇയാള്‍ സിംഗപ്പൂരില്‍ നിന്ന് നാട്ടിലെത്തിയത്. വയറ്റിലൂടെ സ്വര്‍ണം കടത്തുകയായിരുന്നു ഉദ്ദേശം. വിമാനത്താവളത്തിലെ പരിശോധനയില്‍ സ്വര്‍ണം വിഴുങ്ങിയ കാര്യം കണ്ടെത്താന്‍ കഴിഞ്ഞില്ല. മലവിസര്‍ജ്ജനത്തിലൂടെ സ്വര്‍ണ ബിസ്‌കറ്റ് തിരിച്ചെടുക്കാമെന്നായിരുന്നു ഇയാളുടെ പദ്ധതി.
എന്നാല്‍ വയറിളക്കത്തിനുള്ള മരുന്ന് കഴിച്ചിട്ടും സ്വര്‍ണ ബിസ്‌കറ്റുകള്‍ പുറത്തേക്ക് വന്നില്ല. എന്നു മാത്രമല്ല കലശലായ വയറു വേദനയും അനുഭവപ്പെട്ടു. സ്വര്‍ണ ബിസ്‌കറ്റുകള്‍ പുറത്തിറക്കാന്‍ വേണ്ടി കഴിഞ്ഞ പത്ത് ദിവസമായി ഇയാള്‍ ആഹാരമൊന്നും കഴിച്ചിരുന്നില്ല. ഒടുവിലാണ് ഡോക്ടര്‍മാരെ സമീപിച്ചത്.
നേരത്തെ പിത്താശയം നീക്കം ചെയ്യല്‍ ശാസ്ത്രക്രിയയടക്കം നാലു ശാസ്ത്രക്രിയയ്ക്ക് വിധേയനായതു കാരണം ഇനിയുമൊരു ശാസ്ത്രക്രിയ രോഗിയെ അപകടത്തിലാക്കുമെന്നായിരുന്നു ഡോക്ടര്‍മ്മാരുടെ നിഗമനം. അതിനാല്‍ തന്നെ ശാസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല. ഒടുവില്‍ ഡോക്ടര്‍മാരുടെ വിദഗ്ദ സംഘം രൂപീകരിച്ചാണ് ഓപ്പറേഷന്‍ നടത്തിയത്.
33 ഗ്രാം ഭാരമുള്ള 12 സ്വര്‍ണ ബിസ്‌കറ്റുകളാണ് ഖനിയില്‍ നിന്ന് കുഴിച്ചെടുക്കുമ്പോലെ ഡോക്ടര്‍മാര്‍ 63കാരന്റെ വയറ്റില്‍ നിന്നും എടുത്തത്. ഇതിന് ഇന്ന് അന്താരാഷ്ട്ര വിപണിയില്‍ 12 ലക്ഷം രൂപ വിലമതിക്കും.












Click it and Unblock the Notifications