സ്ത്രീകളെ ഇനി രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യിപ്പിക്കരുത്, ഐടി സ്ഥാപനങ്ങള്‍ക്ക് തിരിച്ചടി?
എന്‍എ ഹാരിസ് അദ്ധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
ബെംഗളൂരു: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതിനിടെ കര്‍ണ്ണാടകയില്‍ സുപ്രധാന നിര്‍ദേശം. ബെംഗളൂരുവിലെ ഐടി-ബയോടെക്‌നോളജി സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകളെ നൈറ്റ് ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കണമെന്നാണ് നിയമസഭാ സമിതിയുടെ നിര്‍ദേശം.
ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കഴിഞ്ഞദിവസം നിയമസഭയില്‍ സമര്‍പ്പിച്ചു. സ്ത്രീകളുടെ സുരക്ഷിതത്വവും സ്വകാര്യതയും മുന്‍നിര്‍ത്തിയാണ് രാത്രി സമയത്തെ ഷിഫ്റ്റുകളില്‍ നിന്നും സ്ത്രീകളെ ഒഴിവാക്കണമെന്ന് സമിതി നിര്‍ദേശിച്ചിരിക്കുന്നത്. എന്‍എ ഹാരിസ് അദ്ധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

പകരം പുരുഷന്മാരെ നിയമിക്കണം...
നഗരത്തിലെ ഐടി-ബയോടെക്‌നോളജി സ്ഥാപനങ്ങളില്‍ സ്ത്രീകളെ രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യിക്കരുതെന്നാണ് സമിതിയുടെ നിര്‍ദേശം. പകരം പുരുഷന്മാരെ രാത്രി ഷിഫ്റ്റുകളില്‍ നിയമിക്കണം. സ്ത്രീകളുടെ സുരക്ഷയും സ്വകാര്യതയും കണിക്കിലെടുത്താണ് ഈ നിര്‍ദേശമെന്നും എന്‍എ ഹാരിസിന്റെ അദ്ധ്യക്ഷതയിലുള്ള സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു...
രാത്രികളിലെ ഷിഫ്റ്റിന് പകരം സ്ത്രീകളെ രാവിലെയോ, ഉച്ചയ്‌ക്കോ ആരംഭിക്കുന്ന ഷിഫ്റ്റുകളില്‍ നിയമിക്കണമെന്നാണ് സമിതി നിര്‍ദേശിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്‍ഫോസിസ്, ബൈക്കോണ്‍ അടക്കമുള്ള ഐടി സ്ഥാപനങ്ങളില്‍ സമിതിയംഗങ്ങള്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഐടി സ്ഥാപനങ്ങളിലെ മാനേജ്‌മെന്റുമായും, തൊഴിലാളികളുമായും ചര്‍ച്ച നടത്തിയ ശേഷമാണ് സമിതി ഇത്തരമൊരു തീരുമാനത്തിലെത്തിയത്.

നിയമം മാറ്റിയെഴുതേണ്ടി വരും...
എന്നാല്‍ സമിതിയുടെ പുതിയ നിര്‍ദേശം സര്‍ക്കാരിന്റെ കഴിഞ്ഞ വര്‍ഷത്തെ തീരുമാനത്തിന് വിരുദ്ധമാണെന്നും ആരോപണമുണ്ട്. സ്ത്രീകള്‍ക്ക് ജോലി സ്ഥലത്ത് തുല്യപ്രാധാന്യം ഉറപ്പുവരുത്തുന്നതിനായി മതിയായ സുരക്ഷാ സംവിധാനങ്ങളോട് കൂടി രാത്രി ഷിഫ്റ്റുകളിലും സ്ത്രീകളെ ജോലിക്ക് നിയമിക്കണമെന്നായിരുന്നു ആ തീരുമാനം. പുതിയ നിര്‍ദേശം നടപ്പിലാക്കണമെങ്കില്‍ പഴയ നിയമത്തില്‍ ഭേദഗതി വരുത്തേണ്ടി വരുമെന്നും റിപ്പോര്‍ട്ടുണ്ട്.

സ്ത്രീകള്‍ക്ക് പ്രത്യേക ബസ് സര്‍വ്വീസ്...
സ്ത്രീകള്‍ക്കായി ജോലിസ്ഥലത്ത് പ്രത്യേക ബസ് സര്‍വ്വീസ് ഏര്‍പ്പെടുത്തണം, ബെംഗളൂരുവില്‍ ആരംഭിച്ച പിങ്ക് പോലീസും, പിങ്ക് പോലീസ് അപ്പ് സേവനങ്ങളും സംസ്ഥാനത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുക, സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും, മുതിര്‍ന്ന പൗരന്മാര്‍ക്കുമായി ആംബുലന്‍സ്-പോലീസ് സഹായം ലഭ്യമാക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തുക തുടങ്ങിയവയാണ് സമിതിയുടെ മറ്റു നിര്‍ദേശങ്ങള്‍.












Click it and Unblock the Notifications