സ്റ്റേജിൽ കയറാൻ കൂട്ടാക്കാതെ മമത ബാനർജി, വന്ദേഭാരത് ഫ്‌ളാഗ് ഓഫിനിടെ നാടകീയ രംഗങ്ങൾ
കൊല്‍ക്കത്ത: വന്ദേഭാരത് എക്‌സ്പ്രസ്സിന്റെ ഫ്‌ളാഗ് ഓഫ് പരിപാടിയില്‍ നാടകീയ രംഗങ്ങള്‍. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വേദിയിലേക്ക് വരാന്‍ വിസമ്മതിച്ചതാണ് ഉദ്ഘാടന പരിപാടിയില്‍ നാടകീയ രംഗങ്ങള്‍ക്ക് വഴി വെച്ചത്. ബംഗാളിലെ ഹൗറ സ്റ്റേഷനില്‍ വെച്ചായിരുന്നു വന്ദേ ഭാരത് ട്രെയിനിന്റെ ഫ്‌ളാഗ് ഓഫ്. പ്രധാനമന്ത്രി നരേന്ദ്ര മോദി വെര്‍ച്വല്‍ ആയിട്ടായിരുന്നു ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചത്.
ചടങ്ങില്‍ വേദിയില്‍ കയറാതെ സദസ്സില്‍ തന്നെ ഇരിക്കുകയായിരുന്നു മമത ബാനര്‍ജി. ചടങ്ങിന് എത്തിയ ആള്‍ക്കൂട്ടം വളരെ ഉച്ചത്തില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കിയതാണ് മമത ബാനര്‍ജിയെ ചൊടിപ്പിച്ചത്. കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ്, പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസ് എന്നിവര്‍ മമതയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും അവര്‍ വഴങ്ങിയില്ല. സദസ്സിലെ കസേരയില്‍ ഇരുന്നുകൊണ്ടാണ് മമത ബാനര്‍ജി പരിപാടിക്ക് സാക്ഷ്യം വഹിച്ചത്.

ഹൗറയേയും ന്യൂ ജല്‍പൈഗുരിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ബംഗാളിലെ ആദ്യത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്തത്. ഇതിനൊപ്പം നിരവധി വികസന പദ്ധതികളും പ്രധാനമന്ത്രി വെര്‍ച്വലായി ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രിയുടെ അമ്മ ഹീര ബെന്‍ മോദി ഇന്ന് രാവിലെയാണ് അന്തരിച്ചത്. അഹമ്മദാബാദിലെത്തി അമ്മയുടെ അന്തിമ കര്‍മ്മങ്ങള്‍ ചെയ്തതിന് ശേഷമാണ് പ്രധാനമന്ത്രി വന്ദേ ഭാരത് അടക്കമുളള വിവിധ വികസന പരിപാരികളുടെ ഉദ്ഘാടനം വെര്‍ച്വല്‍ ആയി നിര്‍വ്വഹിച്ചത്. നേരത്തെ നിശ്ചയിച്ച പരിപാടികള്‍ മാറ്റി വെക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.












Click it and Unblock the Notifications