ഗുജറാത്ത് തീരത്തിനടുത്ത് കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം; ചരക്ക് കപ്പലില്‍ ഉണ്ടായിരുന്നത് 20 ഇന്ത്യക്കാർ
പോർബെന്തർ: അറബിക്കടലില്‍ ഗുജറാത്ത് തീരത്തിന് സമീപം ചരക്ക് കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം. 20 ഇന്ത്യക്കാരുമായി സൗദി അറേബ്യയിൽ നിന്ന് ക്രൂഡ് ഓയിലുമായി വന്ന എംവി ചെം പ്ലൂട്ടോ എന്ന വ്യാപാരക്കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ കപ്പലിന് തീപിടിച്ചു. അതേസമയം ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
പോർബന്തർ തീരത്ത് നിന്ന് 217 നോട്ടിക്കൽ മൈൽ അകലെയായിരുന്നു കപ്പൽ. ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും കപ്പലുകൾ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

സൗദി അറേബ്യയിലെ തുറമുഖത്ത് നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരു കപ്പൽ. ഇന്ത്യയുടെ എക്ലൂസീവ് ഇക്കണോമിക് സോണിൽ പട്രോളിങ് നടത്തുന്ന കോസ്റ്റ് ഗാർഡ് കപ്പൽ ഐസിജിഎസ് വിക്രമിനെ എംവി ചെം പ്ലൂട്ടോയ്ക്ക് സമീപത്തേക്ക് അയച്ചതായി പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചു. കോസ്റ്റ് ഗാർഡ് കപ്പൽ പ്രദേശത്തെ എല്ലാ കപ്പലുകൾക്കും സഹായം നൽകുന്നതിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കപ്പലിലെ എല്ലാ ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. അടുത്തിടെ തിങ്കളാഴ്ച ഹൈജാക്ക് ചെയ്യപ്പെട്ട മാൾട്ടയുടെ ചരക്ക് കപ്പലിൽ നിന്ന് പരിക്കേറ്റ നാവികനെ ഇന്ത്യൻ നാവിക സേന രക്ഷിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ആറ് കടൽക്കൊള്ളക്കാർ അറബിക്കടലിൽ എംവി റൂൺ എന്ന കപ്പലിൽ അനധികൃതമായി കയറിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
അതിനിടെ കഴിഞ്ഞ മാസം ഇസ്രയേലിന്റെ കാർഗോ കപ്പലിനു നേരെ ഇന്ത്യൻ മഹാസമുദ്രത്തിൽ സമാനമായ ഡ്രോൺ ആക്രമണം ഉണ്ടായിരുന്നു. ഇറാന്റെ ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് ആണ് ഈ കപ്പലിനെ ആക്രമിച്ചത് എന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്.












Click it and Unblock the Notifications