
അമേരിക്ക മാത്രമല്ല, കോടികളുടെ കളിയുമായി യുഎഇയും എത്തും യുപിയിലേക്ക്; യോഗിയുടെ പുതിയ തന്ത്രം
ഗൾഫ് മേഖലയിൽ നിന്നുള്ള നിക്ഷേപകർ ഉത്തർപ്രദേശിൽ വന്‍ തോതില്‍ നിക്ഷേപം നടത്താൻ ഒരുങ്ങുന്നു. 2023 ഫെബ്രുവരി 10 നും 12 നും ഇടയിൽ നടത്താൻ ഉദ്ദേശിക്കുന്ന ഉത്തർപ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടിയുടെ (ജിഐഎസ്) പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് നിക്ഷേപം നടത്താനുള്ള ഗള്‍ഫ് രാജ്യങ്ങളുടെ തയ്യാറെടുപ്പ്.
ഉത്തർപ്രദേശ് സർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദുബായ് (യുഎഇ), അബുദാബി എന്നിവിടങ്ങളിൽ നിന്നുള്ള താൽപ്പര്യമുള്ള സംരംഭകർക്ക് ജിഐഎസ് 2023 പരിപാടിയിൽ പങ്കെടുക്കാനുള്ള ക്ഷണം നൽകിയിട്ടുണ്ടെന്നും സർക്കാർ അറിയിക്കുന്നു.

വൈദ്യുതി (പുനരുപയോഗിക്കാവുന്ന ഊർജം), ആശുപത്രി, മെഡിക്കൽ വിദ്യാഭ്യാസം, വസ്ത്രങ്ങളും തുണിത്തരങ്ങളും, കാർഷിക-ഭക്ഷ്യ സംസ്കരണം, തുകൽ, പാദരക്ഷകൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നീ ആറ് മേഖലകളിലാണ് ഗള്‍ഫ് രാജ്യങ്ങള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതെന്നാണ് യുപി സർക്കാർ വ്യക്തമാക്കുന്നത്. ഏതാനും അമേരിക്കൻ കമ്പനികൾ സംസ്ഥാനത്ത് നിക്ഷേപം നടത്താൻ സന്നദ്ധത പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഗള്‍ഫ് മേഖലകളില്‍ നിന്നുള്ള രാജ്യങ്ങളും യുപിയിലേക്ക് എത്തുന്നത്.
ദില്‍ഷ ചെയ്തതല്ല ബ്ലെസ്ലി ചെയ്തത്: എന്താണ് ക്യൂ ആർ കോഡ് വിഷയം, ബ്ലെസ്ലിയുടെ അനിയന് പറയുന്നു

ഉത്തർപ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടി വന്‍ വിജയമാക്കുന്നതിനും പരിപാടിയിലൂടെ വലിയ തോതിലുള്ള നിക്ഷേപം സംസ്ഥാനത്തേക്ക് എത്തിക്കുന്നതിനുമായി വലിയ തോതിലുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. യുപി സർക്കാരിന് വേണ്ടി കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് (സി ഐ ഐ) സംസ്ഥാനത്തെ നിക്ഷേപം സംബന്ധിച്ച് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സംരംഭകരുമായി ചർച്ച നടത്തുന്നുണ്ട്. ഉത്തർപ്രദേശ് ജിഐഎസ് 2023 പരിപാടിയിലൂടെ 10 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്നതും എടുത്തുപറയേണ്ടതാണ്.

അതേസമയം, ഉച്ചകോടിയിലൂടെ കാർഷിക മേഖലകൾ ഉൾപ്പെടെ ഒമ്പത് മേഖലകളിൽ അമേരിക്കയിൽ നിന്ന് വൻ നിക്ഷേപം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചകോടിയുടെ നോഡൽ ഏജൻസിയായ ഇൻവെസ്റ്റ് യുപിയുടെ അഭിപ്രായത്തിൽ, മുൻനിര അമേരിക്കൻ കമ്പനികളിൽ നിന്നുള്ള വൻതോതിലുള്ള നിക്ഷേപമാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്.

യു പി ജി ഐ എസ് 2023-ന് വേണ്ടി നിരവധി യുഎസ് കമ്പനികൾക്ക് സർക്കാർ ക്ഷണങ്ങൾ അയച്ചിട്ടുണ്ട്. ഇതിനുപുറമെ, ഗവൺമെന്റ് ഉദ്യോഗസ്ഥർ അമേരിക്കയിലെ വിവിധ വ്യാപാര സംഘടനകളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്, അവിടെ നിന്ന് പ്രോത്സാഹജനകമായ പ്രതികരണങ്ങൾ ലഭിച്ചെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

ഐടി, ഇലക്ട്രോണിക്‌സ്, കൃഷി, ഭക്ഷ്യ സംസ്‌കരണം, പ്രതിരോധം, എയ്‌റോസ്‌പേസ്, ഫാർമസ്യൂട്ടിക്കൽ, മെഡിക്കൽ ഉപകരണങ്ങൾ, ഊർജം, റീട്ടെയ്‌ൽ, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളാണ് യുഎസ് കമ്പനികള്‍ ലക്ഷ്യം വെക്കുന്നത്. വലിയൊരു വിഭാഗം നിക്ഷേപകരും യുപിയിൽ വലിയ തോതില്‍ പണമിറക്കാന്‍ തയ്യാറാണ്. നിക്ഷേപം ക്ഷണിക്കുന്നതിനായി അമേരിക്കൻ നിക്ഷേപകരുമായി സർക്കാർ തലത്തിൽ തുടർച്ചയായി ബന്ധപ്പെടുന്നുണ്ട്.

തൊഴിൽ തേടി സംസ്ഥാനത്ത് നിന്ന് യുവാക്കൾ മറ്റ് സ്ഥലങ്ങളിലേക്ക് കുടിയേറുന്നത് തടയാനും സ്റ്റാർട്ടപ്പുകളുടെ അഭിവൃദ്ധിയെ സഹായിക്കാനും നിക്ഷേപം സഹായിക്കുമെന്നാണ് സർക്കാർ കണക്ക് കൂട്ടുന്നത്. ആപ്പിള്‍, മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ആമസോണ്‍, മെറ്റ, വിസ, ഇന്റല്‍, ഓറാക്കില്‍ അഡോബി തുടങ്ങിയ കമ്പനികളുമായി ആശയവിനിമയം തുടരുകയാണ്.

ഓട്ടോ മൊബൈല്‍ രംഗത്ത് ജനറൽ മോട്ടോഴ്‌സ്, ഫോർഡ് മോട്ടോർ, ബിഎംഡബ്ല്യു, ഫോക്‌സ്‌വാഗൺ, ടെസ്‌ല, ഡിയർ കോ, പെസ്‌കാർ ഇൻക്, നിസാൻ മോട്ടോഴ്‌സ തുടങ്ങിയ ബിസിനസ് സ്ഥാപനങ്ങളുമായും സർക്കാർ ആശയവിനിമയം നടത്തുന്നുണ്ട്. അമേരിക്കൻ കമ്പനികളിൽ നിന്ന് നിക്ഷേപം ശേഖരിക്കാൻ യോഗി സർക്കാർ ഉദ്യോഗസ്ഥരുടെ ഒരു പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്.

പ്രത്യേക സംഘത്തില്‍ സെക്രട്ടറി തലത്തിനു മുകളിലുള്ള രണ്ട് ഉദ്യോഗസ്ഥർ, ഐടി, ഇലക്‌ട്രോണിക്‌സ് ആന്റ് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിൽ നിന്ന് രണ്ട് ഓഫീസർമാർ, പ്ലാനിംഗ് വിഭാഗത്തിൽ നിന്ന് ഒരു ഓഫീസർ, വ്യവസായ വകുപ്പിൽ നിന്ന് ഒരു ഓഫീസർ എന്നിവരുള്‍പ്പെടുന്നു.. ഇതിനുപുറമെ, മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥനും ഇൻവെസ്റ്റ് യുപിയിലെ മൂന്ന് ഓഫീസർമാരോടും അമേരിക്കൻ കമ്പനികളുമായുള്ള ഇടപാടുകൾ പൂർത്തിയാക്കാൻ ദ്രുതഗതിയില്‍ പ്രവർത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.