ജാര്‍ഖണ്ഡ് ആക്ടിംഗ് ഡിജിപിയെ ഉടന്‍ മാറ്റണം; സംസ്ഥാന സര്‍ക്കാരിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡിലെ ആക്ടിംഗ് ഡിജിപിയെ ഉടന്‍ തന്നെ സ്ഥാനത്ത് നിന്ന് മാറ്റണം എന്ന് സംസ്ഥാന സര്‍ക്കാരിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ആക്ടിംഗ് ഡിജിപി അനുരാഗ് ഗുപ്തയ്‌ക്കെതിരെ സ്വീകരിച്ച മുന്‍കാല നടപടികളുടെ പശ്ചാത്തലത്തില്‍ ആണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം എന്നാണ് അറിയുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആക്ടിംഗ് ഡിജിപി കേഡറില്‍ ലഭ്യമായ ഏറ്റവും മുതിര്‍ന്ന ഡിജിപി തലത്തിലുള്ള ഉദ്യോഗസ്ഥന് പകരം ചുമതല നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. തങ്ങളുടെ നിര്‍ദേശങ്ങള്‍ പാലിച്ചു എന്നതിന്റെ സത്യവാങ്മൂലം ഇന്ന് വൈകിട്ട് 7 മണിക്കകം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയതായും വൃത്തങ്ങള്‍ അറിയിച്ചു. മാത്രമല്ല ഒക്ടോബര്‍ 21 ന് രാവിലെ 10 മണിക്ക് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ ഒരു പാനല്‍ ലിസ്റ്റും സര്‍ക്കാര്‍ സമര്‍പ്പിക്കണം.

മുന്‍ തിരഞ്ഞെടുപ്പുകളില്‍ അനുരാഗ് ഗുപ്തയ്ക്കെതിരെ കമ്മീഷന്‍ സ്വീകരിച്ച പരാതികളുടെയും നടപടികളുടെയും ചരിത്രം കണക്കിലെടുത്താണ് ഈ തീരുമാനം. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) അനുരാഗ് ഗുപ്തയ്‌ക്കെതിരെ പക്ഷപാതപരമായ പെരുമാറ്റം എന്ന ആരോപണം ഉന്നയിച്ചിരുന്നു. അന്ന് അനുരാഗ് ഗുപ്തയെ സംസ്ഥാനത്തെ എഡിജി (സ്‌പെഷ്യല്‍ ബ്രാഞ്ച്) ചുമതലകളില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
ഡല്‍ഹിയിലെ റസിഡന്റ് കമ്മീഷണര്‍ ഓഫീസിലേക്ക് മാറ്റി നിയമിക്കുകയായിരുന്നു അന്ന് ചെയ്തത്. മാത്രമല്ല തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുന്നത് വരെ ജാര്‍ഖണ്ഡിലേക്ക് മടങ്ങുന്നത് വിലക്കുകയും ചെയ്തിരുന്നു. നിലവില്‍ ജാര്‍ഖണ്ഡിലെ ഭരണകക്ഷിയാണ് ജെഎംഎം. 2016-ല്‍ ജാര്‍ഖണ്ഡ് സംസ്ഥാന കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പിനിടെ, അന്നത്തെ അഡീഷണല്‍ ഡിജിപിയായിരുന്ന ഗുപ്തയ്ക്കെതിരെ അധികാര ദുര്‍വിനിയോഗ ആരോപണങ്ങളും ഉയര്‍ന്നിരുന്നു.
ഇതിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണ സമിതിക്ക് രൂപം നല്‍കിയിരുന്നു. അതിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ വകുപ്പുതല അന്വേഷണത്തിനായി അനുരാഗ് ഗുപ്തയ്‌ക്കെതിരെ കുറ്റപത്രം പുറപ്പെടുവിക്കുകയായിരുന്നു.
ഐപിസി സെക്ഷന്‍ 171(ബി)(ഇ)/ 171(സി)(എഫ്) പ്രകാരം ജഗന്നാഥ്പൂര്‍ താനയില്‍ കേസും രജിസ്റ്റര്‍ ചെയ്തു. 2021-ല്‍ അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 17(എ) പ്രകാരമുള്ള അന്വേഷണത്തിന് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു.
നവംബര്‍ 13, 20 തിയതികളില്‍ രണ്ട് ഘട്ടങ്ങളിലായിട്ടാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. 81 അംഗ നിയമസഭയിലേക്കാണ് തിരഞ്ഞെടുപ്പ്. നവംബര്‍ 20 ന് മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലത്തോടൊപ്പം ജാര്‍ഖണ്ഡിലേയും ഫലം പ്രഖ്യാപിക്കും.












Click it and Unblock the Notifications