ആം ആദ്മി ഗോവയില്‍ വയസ്സറിയിച്ചേ ഇല്ല..! പഞ്ചാബില്‍ കഷ്ടി രണ്ടാമത്..!പ്രവചനങ്ങള്‍ കാറ്റില്‍പ്പറത്തി !
ദില്ലി: അരവിന്ദ് കെജരിവാളിന്റെ ആം ആദ്മി പാര്‍ട്ടി ഇത്തവണ ഏറെ പ്രതീക്ഷകളോടെയാണ് പഞ്ചാബിലും ഗോവയിലും മല്‍സരിക്കാനിറങ്ങിയത്. ദില്ലിയില്‍ മാത്രം കരുത്ത് തെളിയിച്ചിട്ടുള്ള ആപ്പിന് മറ്റു സംസ്ഥാനങ്ങളിലും ശക്തി തെളിയിക്കാനുള്ള സുവര്‍ണാവസരമായിരുന്നു 5 സംസ്ഥാനങ്ങളിലേക്കുള്ള ഈ നിയമസഭാ തിരഞ്ഞെടുപ്പ്. എന്നാല്‍ ആപ്പിന് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനായിട്ടില്ല. ദേശീയ രാഷ്ട്രീയത്തിൽ മോദിക്കെതിരെയും ബിജെപിയ്ക്കെതിരെയും വൻ ശക്തിയായി ഉയർന്നു വരാനുള്ള അവസരമാണ് ആപ്പ് കളഞ്ഞ്കുളിച്ചത്.

ശിരോമണി അകാലിദള്‍, ബിജെപി സഖ്യം ഭരിക്കുന്ന പഞ്ചാബിലും ബിജെപി ഭരണത്തിലുള്ള ഗോവയിലും ആം ആദ്മി പാര്‍ട്ടി വന്‍ മുന്നേറ്റം ഉണ്ടാക്കും എന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഇന്ത്യാ ടുഡെ സര്‍വ്വേ ആം ആദ്മി പാര്‍ട്ടിക്ക് പഞ്ചാബില്‍ 42 മുതല്‍ 51 വരെ സീറ്റുകള്‍ പ്രവചിച്ചിരുന്നു.

ആജ്തക് 42 മുതല്‍ 51 വരെയും ചാണക്യ 55 സീറ്റുകളും സി വോട്ടര്‍ 59 മുതല്‍ 67 വരെയും സീറ്റുകള്‍ ആപ്പിന് ലഭിക്കുമെന്ന് പ്രവചിച്ചു. എന്നാല്‍ മുപ്പ്ത് സീറ്റുകള്‍ പോലും പഞ്ചാബില്‍ ആം ആദ്മിക്ക് നേടാന്‍ കഴിഞ്ഞിട്ടില്ല.

ഗോവയിലേയും സ്ഥിതി വ്യത്യസ്തമല്ല. ആം ആദ്മിക്ക് ആകെയുള്ള നാല്‍പത് സീറ്റില്‍ 7 വരെ ലഭിക്കുമെന്നായിരുന്നു പ്രവചനങ്ങള്‍. എന്നാല്‍ അക്കൗണ്ട് പോലും തുറക്കാനാവാതെ പരുങ്ങലിലാണ് ആപ്. അമിത ആത്മവിശ്വാസമാണ് പഞ്ചാബിലും ഗോവയിലും ആപ്പിന് തിരിച്ചടിയായത്.

യുവാക്കളുടേയും കര്‍ഷകരുടേയും പിന്തുണയോടെ പഞ്ചാബില്‍ വന്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന് ആം ആദ്മി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആം ആദ്മി മുന്നേറ്റമുണ്ടാക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളില്‍ ബിജെപി കോണ്‍ഗ്രസ്സിന് വോട്ട് മറിച്ചുവെന്ന് ആരോപണം ഉയരുന്നുണ്ട്.

മാത്രമല്ല സംസ്ഥാനത്തെ പാര്‍ട്ടിയിലുള്ള പോരും ആപ്പിന് തിരിച്ചടിയായി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജയിച്ച 4 പേരില്‍ 2 പേര്‍ പാര്‍ട്ടിക്കുള്ളില്‍ കലാപമുണ്ടാക്കി പുറത്ത് പോയിരുന്നു. ഇതിന് ഫലം ആപ്പിന് എതിരാവാന്‍ കാരണമായി. എന്നാല്‍ ശിരോമണി അകാലിദളിന് മുന്നിലെത്താന്‍ സാധിച്ചത് ആപ്പിന് നേട്ടമാണ്.

മാത്രമല്ല ആം ആദ്മി പാര്‍ട്ടിക്കെതിരെ കോണ്‍ഗ്രസ്സിനെപ്പോലെ തന്നെ കനത്ത പ്രചാരണമാണ് ശിരോമണി അകാലിദള്‍ അഴിച്ചുവിട്ടത്. ആം ആദ്മി ജയിച്ചാല്‍ പഞ്ചാബില്‍ നിന്നും ഹരിയാനയിലേക്ക് വെള്ളം കൊണ്ടുപോകും എന്നതടക്കമുള്ള പ്രചാരണങ്ങള്‍ ആപ്പിന് കനത്ത പ്രഹരമേല്‍പ്പിച്ചു.












Click it and Unblock the Notifications