ഇലക്ട്രല്‍ ബോണ്ട്: എല്ലാ രേഖകളും പുറത്തുവിടാന്‍ എസ്ബിഐയോട് നിർദേശിച്ച് സുപ്രീംകോടതി
ഡല്‍ഹി: ഇലക്ട്രല്‍ ബോണ്ട് വിഷയത്തില്‍ എല്ലാ രേഖകളും പുറത്തുവിടണമെന്ന് എസ് ബി ഐയോട് ആവശ്യപ്പെട്ട് സുപ്രീംകോടതി. കഴിഞ്ഞ ദിവസം വിവരങ്ങള്‍ കൈമാറിയിരുന്നെങ്കിലും ഇത് മതിയാകില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ബോണ്ടിന്റെ സീരിയല്‍ നമ്പറുകള്‍ പുറത്തുവിടണമെന്നാണ് കോടതിയുടെ നിർദേശം. ഇതില്‍ ഏത് കമ്പനിക്ക് ഏത് കമ്പനിയാണ് സംഭാവന നൽകിയതെന്ന് പൊതുജനങ്ങൾക്ക് അറിയാന്‍ ഇത് സഹായിക്കും.
തിരഞ്ഞെടുപ്പ് ബോണ്ട് നമ്പര്‍ കൈമാറാത്തത് എന്ത് കൊണ്ടാണെന്ന് തിങ്കളാഴ്ചക്കകം അറിയിക്കാനുമാണ് നിർദേശം. തിരഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും തെരെഞ്ഞെടുപ്പ് കമ്മീഷന് കൈമാറാനായിരുന്നു തങ്ങളുടെ ഉത്തരവ്. എന്നാല്‍ എസ് ബി ഐ ഈ നിർദേശം പാലിച്ചില്ല. അതുകൊണ്ട് എത്രയും പെട്ടെന്ന് സീരിയല്‍ നമ്പറുകള്‍ ഉള്‍പ്പെടെ കൈമാറണം. കേസ് തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

രഞ്ഞെടുപ്പ് ബോണ്ട് നമ്പര്‍ എസ്ബിഐ കമ്മീഷന് കൈമാറിയിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകർ ചൂണ്ടിക്കാട്ടുകയായിരുന്നു. സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലും, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണുമായിരുന്നു ഹർജിക്കാർക്ക് വേണ്ടി ഹാജരായത്. എന്നാല്‍ ബാങ്കിന്റെ വാദം കേള്‍ക്കാന്‍ സമയം അനുവദിക്കണമെന്ന് സോളിസിസ്റ്റര്‍ ജനറല്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് കോടതി ബാങ്കിന് നോട്ടീസ് അയച്ചത്.
കഴിഞ്ഞ ദിവസം കോടതിയുടെ നിർദേശപ്രകാരം ഇലക്ടറൽ ബോണ്ട് വാങ്ങിയവരുടെ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. 6060 കോടി രൂപയാണ് ബിജെപിക്ക് 2019 മുതൽ 2024 വരെ സംഭാവനയായി കിട്ടിയത്. കൂടുതൽ ബോണ്ടുവാങ്ങിയ ആദ്യ അഞ്ച് കമ്പനികളിൽ മൂന്ന് കമ്പനികളും ബോണ്ട് വാങ്ങിയത് നടപടി നേരിടുമ്പോഴാണ് എന്നതും ശ്രദ്ധേയമാണ്. ഇവർക്കെതിരെ ഇഡി, ആദായനികുതി വകുപ്പ് അന്വേഷണം ഉണ്ടായിരുന്നു.
ഇലക്ടറൽ ബോണ്ട് വിശദാംശങ്ങൾ പുറത്തുവരുന്നത് തടയാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമം സുപ്രീംകോടതിയുടെ കർക്കശമായ നിലപാടിനെത്തുടർന്ന് ദയനീയമായി പരാജയപ്പെട്ടുവെന്നായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റററുടെ പ്രതികരണം. സി പി എം, സി പി ഐ പാർട്ടികള്‍
ഇലക്ടറൽ ബോണ്ടിനെതിരെ നിലപാട് സ്വീകരിക്കുകയും ഫണ്ടുകള്‍ സ്വീകരിക്കാതിരിക്കുകയും ചെയ്തിരുന്നു.
തെരഞ്ഞെടുപ്പ് കടപ്പത്രങ്ങൾ ആര് വാങ്ങിയെന്നും അത് ഏത് രാഷ്ട്രീയ പാർടിക്കാണ് നൽകിയതെന്നുമുള്ള വിവരം മാർച്ച് ആറിനകം തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിക്കാനായിരുന്നു ഫെബ്രുവരി 15ന്റെ ചരിത്രപരമായ വിധിന്യായത്തിൽ സുപ്രീംകോടതി പറഞ്ഞത്. ഈ വിവരങ്ങൾ പുറത്തുവരുന്നത് കോർപറേറ്റുകളും മോദി സർക്കാരും തമ്മിലുള്ള അവിഹിതബന്ധം പുറത്തുകൊണ്ടുവരുമെന്ന കാര്യത്തിൽ സംശയമില്ലെന്നും സി പി എം പറഞ്ഞു.












Click it and Unblock the Notifications