ജമ്മു കാശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടൽ; രണ്ട് വ്യത്യസ്‌ത സംഭവങ്ങളിലായി മൂന്ന് ഭീകരരരെ വധിച്ച് സുരക്ഷാ സേന
ശ്രീനഗർ: ജമ്മു കാശ്‌മീരിലെ കുപ്‌വാര ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ രണ്ട് വ്യത്യസ്‌ത ഏറ്റുമുട്ടലുകളിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്. സൈന്യവും ജമ്മു കാശ്‌മീർ പോലീസും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
മേഖലയിൽ ഭീകരരുടെ സാന്നിധ്യത്തെ കുറിച്ച് ഇന്റലിജൻസ് വിവരം ലഭിച്ചിരുന്നു, തുടർന്നാണ് തിരച്ചിൽ നടത്തിയത്. ഇന്ത്യൻ ആർമിയുടെ ചിനാർ കോർപ്‌സ് റിപ്പോർട്ട് ചെയ്‌തത് അനുസരിച്ച് കുപ്‌വാരയിലെ മച്ചിൽ സെക്‌ടറിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിക്കുകയായിരുന്നു. മറ്റൊരു ഭീകരനെ കുപ്‌വാരയിലെ താങ്‌ധർ സെക്‌ടറിൽ വച്ചാണ് വെടിവെച്ചു കൊന്നത്.

ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി താങ്ധർ മേഖലയിൽ ഭീകരരെ കണ്ടതിനെത്തുടർന്ന് സുരക്ഷാ സേന നീക്കങ്ങൾ ആരംഭിച്ചത്. പിന്നീട് മച്ചിൽ മേഖലയിലും സമാനമായ ഭീകരവിരുദ്ധ ഓപ്പറേഷൻ ആരംഭിക്കുകയായിരുന്നു. ഇതിന് പിന്നാലെ 57 രാഷ്ട്രീയ റൈഫിൾസിന്റെ (ആർആർ) അംഗങ്ങൾ പ്രദേശത്ത് തീവ്രവാദ സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു.
ഇതിന് പിന്നാലെ മൂന്നോ നാലോ ഭീകരർ ഒളിച്ചിരിക്കുന്നതായി സംശയിക്കുന്ന രജൗരി ജില്ലയിലെ ലാത്തി ഗ്രാമത്തിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ മൂന്നാമത്തെ ഏറ്റുമുട്ടൽ ആരംഭിക്കുകയും ചെയ്‌തിരുന്നു. 'നുഴഞ്ഞുകയറ്റത്തെ കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സൈന്യവും കാശ്‌മീർ പോലീസും കുപ്‌വാരയിലെ തങ്ധർ മേഖലയിൽ ഓപ്പറേഷൻ ആരംഭിച്ചു. ഇവിടെ ഒരു ഭീകരനെ വധിച്ചു.' ചിനാർ കോർപ്‌സ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.
കൂടാതെ കുപ്‌വാരയിലെ മച്ചൽ മേഖലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചതായും അവർ അറിയിച്ചു. കൂടാതെ കഴിഞ്ഞ ദിവസം രാത്രിയോടെ രജൗരി മേഖലയിലും തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ നടന്നിരുന്നു എന്നാണ് സൈനിക വൃത്തങ്ങൾ അറിയിക്കുന്നത്. ഈ മേഖലയിൽ മൂന്നോ നാലോ ഭീകരർ ഒളിച്ചിരിക്കുന്നു എന്ന സംശയമുണ്ടെന്നും അവർ വ്യക്തമാക്കുന്നു.
അതേസമയം, പത്ത് വർഷത്തിന് ശേഷം ജമ്മു കാശ്‌മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തുടർച്ചയായ ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സെപ്റ്റംബർ 18, സെപ്റ്റംബർ 25, ഒക്ടോബർ 1 തീയതികളിൽ മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക . ഒക്ടോബർ 4 ന് ഫലം പ്രഖ്യാപിക്കും.












Click it and Unblock the Notifications