ജമ്മു കാശ്‌മീരിലെ ഉധംപൂരിൽ ഏറ്റുമുട്ടൽ; മൂന്ന് ജെയ്ഷെ ഭീകരരെ വധിച്ച് സുരക്ഷാ സേന
ശ്രീനഗർ: ജമ്മു കാശ്‌മീരിലെ ഉധംപൂരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. മൂന്ന് ഭീകരരെ ഏറ്റമുട്ടലിലൂടെ സൈന്യം വധിച്ചു. ജമ്മു കാശ്‌മീരിലെ കത്വ-ഉധംപൂർ അതിർത്തിക്കടുത്തുള്ള ബസന്ത്ഗഡ് മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. നേരത്തെ ഇന്ന് രാവിലെ ഉധംപൂർ ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ വെടിവെപ്പ് നടന്നിരുന്നു.
തുടർന്ന് മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിന് പിന്നാലെ അർദ്ധസൈനിക വിഭാഗവും പോലീസും ബസന്ത്ഗഢിലെത്തി പ്രദേശം ഒന്നാകെ വളയുകയായിരുന്നു. നാലോളം ഭീകരർ ഇവിടെ ഉണ്ടായിരുന്നു എന്നാണ് വിവരം. കൊല്ലപ്പെട്ട രണ്ട് ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്..

സൈന്യത്തിന്റെ 1 പാരാ, 22 ഗർവാൾ റൈഫിൾസ്, യൂണിയൻ ടെറിട്ടറി പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്ഒജി) എന്നിവയാണ് ഓപ്പറേഷനിൽ പങ്കെടുത്ത വിവിധ യൂണിറ്റുകൾ. പ്രദേശത്ത് തിരച്ചിൽ നടത്താനെത്തിയ സൈന്യത്തിന് നേരെ ഭീകരർ അപ്രതീക്ഷിതമായി വെടിയുതിർക്കുകയായിരുന്നു.
അതേസമയം, ജമ്മുവിലെ അഖ്‌നൂർ സെക്‌ടറിലെ നിയന്ത്രണ രേഖയിൽ (എൽഒസി) പാകിസ്ഥാൻ റേഞ്ചേഴ്‌സ് യാതൊരു പ്രകോപനമില്ലാതെ വെടിവയ്പ്പ് നടത്തിയതിനെ തുടർന്ന് അതിർത്തി രക്ഷാ സേനയിലെ (ബിഎസ്എഫ്) ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു. ഈ സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ഏറ്റുമുട്ടൽ ഉണ്ടായിരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ശേഷിക്കെയാണ് ജമ്മു കാശ്‌മീരിൽ നിരന്തരമായി ഭീകരരുടെ നുഴഞ്ഞു കയറ്റവും ആക്രമണങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. സെപ്റ്റംബർ 18 മുതൽ മൂന്ന് ഘട്ടങ്ങളിലായാണ് ജമ്മു കാശ്‌മീരിൽ വോട്ടെടുപ്പ് നടക്കുന്നത്. സെപ്റ്റംബർ 25നും ഒക്ടോബർ 1നും തിരഞ്ഞെടുപ്പിലെ രണ്ടും മൂന്നും ഘട്ടങ്ങൾ നടക്കും. വോട്ടെണ്ണൽ ഒക്ടോബർ എട്ടിനാണ് നടക്കുക.
ഒരാഴ്‌ച മാത്രമാണ് ഇനി ആദ്യഘട്ട വോട്ടെടുപ്പിന് ശേഷിക്കുന്നത്. അതിനിടയിൽ ഉണ്ടായ ഭീകരാക്രമണം മേഖലയിലെ സമാധാന അന്തരീക്ഷം തകരാൻ കാരണമാവുമോ എന്നാണ് ഉയരുന്ന ചോദ്യം. ഏകദേശം 3323 കിലോമീറ്ററോളം ദൈർഘ്യമേറിയതാണ് ഇന്ത്യ-പാക് അതിർത്തി. ഇന്നത്തെ സംഭവത്തോടെ അതിർത്തിയിൽ പ്രത്യേക ജാഗ്രത ഏർപ്പെടുത്തിയതായി ബിഎസ്എഫ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
കാശ്‌മീർ താഴ്‌വരയുടെ പ്രത്യേക അവകാശങ്ങൾ റദ്ദാക്കിയ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് കൂടിയാണ് ഇത്തവണത്തേത്. കഴിഞ്ഞ പത്ത് വർഷമായി ഇവിടെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നിരുന്നില്ല. ഈ സാഹചര്യത്തിൽ ജമ്മു കാശ്‌മീരിൽ കർശന സുരക്ഷയാണ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.












Click it and Unblock the Notifications