92 പൈസക്ക് 10 ലക്ഷത്തിന്റെ ഇന്‍ഷൂറന്‍സ്; ട്രെയിന്‍ യാത്രക്കാരില്‍ നിന്നും മികച്ച പ്രതികരണം
ദില്ലി: യാത്രയ്ക്ക് മുന്‍പ് ടിക്കറ്റെടുക്കുമ്പോള്‍ 92 പൈസ അധികമായി നല്‍കിയാല്‍ 10 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് ലഭിക്കുമെന്ന റെയില്‍വെയുടെ പുതിയ പോളിസിക്ക് യാത്രക്കാരില്‍ നിന്നും മികച്ച പ്രതികരണം. ഇതാദ്യമായി റെയില്‍വെ അവതരിപ്പിച്ച പദ്ധതിക്ക് ആദ്യ 25 മണിക്കൂറിനുള്ളില്‍ തന്നെ അനുകൂല പ്രതികരണമാണ് ലഭിക്കുന്നത്.
ആദ്യത്തെ 25 മണിക്കൂര്‍ പിന്നിടുമ്പോള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത യാത്രക്കാരില്‍ 40 ശതമാനം പേരും 92 പൈസ മുടക്കാന്‍ തയ്യാറായി. പദ്ധതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ജനങ്ങളിലെത്തുമ്പോഴേക്കും എല്ലാവരും ഇന്‍ഷൂറന്‍സ് പ്രയോജനപ്പെടുത്തുമെന്നുറപ്പാണ്. ഓരോ സെക്കന്റിലും ഒരാള്‍ വീതം ഇപ്പോള്‍ ഇന്‍ഷൂറന്‍സ് എടുക്കുന്നുണ്ടെന്ന് റെയില്‍വെ അറിയിച്ചു.

റെയില്‍ ബജറ്റില്‍ മന്ത്രി സുരേഷ് പ്രഭു യാത്രക്കാര്‍ക്ക് ഇന്‍ഷൂറന്‍സ് വാഗ്ദാനം ചെയ്തിരുന്നു. ഐആര്‍സിടിസിയും ഐസിഐസിഐയും സുന്ദരം, ശ്രീരാം ഇന്‍ഷുറന്‍സ് കമ്പനികളും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. അതേസമയം, അഞ്ച് വയസ്സുവരെയുള്ള കുട്ടികളും വിദേശികളും പദ്ധതിയുടെ പരിധിയില്‍ വരില്ല.
യാത്രയ്ക്കിടെയുണ്ടാകുന്ന അപകടത്തില്‍ മരണം സംഭവിക്കുകയോ പൂര്‍ണമായി കിടപ്പിലാകുകയോ ചെയ്താല്‍ ബന്ധുക്കള്‍ക്ക് പരമാവധി പത്ത് ലക്ഷം രൂപ വരെ ലഭിക്കും. ഭാഗീകമായ പരിക്കാണ് ശരീരത്തിന് സംഭവിക്കുന്നതെങ്കില്‍ ഏഴരലക്ഷവും അപകടങ്ങളില്‍ പരിക്കുപറ്റി ആശുപത്രിയിലായാല്‍ രണ്ട് ലക്ഷം രൂപ വരെയും ലഭിക്കും.
യാത്രക്കാര്‍ നല്‍കുന്ന 92 പൈസയില്‍ 6 പൈസ സര്‍വീസ് ടാക്‌സ് ആണ്. റെയില്‍വെയും ഐആര്‍സിടിസിയും 7.5 പൈസവീതം ഷെയര്‍ ചെയ്യും. ശേഷിക്കുന്ന 71 പൈസയാണ് ഇന്‍ഷൂറന്‍സ് കമ്പനികളുടെ അക്കൗണ്ടിലെത്തുക. വര്‍ഷത്തില്‍ ഇതുവഴി 670 കോടിരൂപയുടെ അധികവരുമാനമാണ് റെയില്‍വെ പ്രതീക്ഷിക്കുന്നത്. റെയില്‍വെക്കും യാത്രക്കാര്‍ക്കും ഒരുപോലെ ഗുണം ചെയ്യുന്ന പദ്ധതിക്ക് വരും ദിവസങ്ങളില്‍ വന്‍ സ്വീകാര്യത ലഭിക്കുമെന്നുറപ്പാണ്.












Click it and Unblock the Notifications