'എല്ലാം അനുകൂലം'; ഉത്തരാഖണ്ഡിൽ 40 സീറ്റ് നേടി അധികാരത്തിലേറുമെന്ന് കോൺഗ്രസ്
ദില്ലി; ഉത്തരാഖണ്ഡിൽ ഇത്തവണ അധികാരം പിടിക്കുമെന്ന് കോൺഗ്രസ്. 60 അംഗ നിയമസഭയിൽ കുറഞ്ഞത് 40 സീറ്റുകൾ വരെ ലഭിക്കുമെന്നും കോൺഗ്രസ് അവകാശപ്പെട്ടു. '40 മുതൽ 48 സീറ്റ് വരെയാണ് പ്രതീക്ഷിക്കുന്നത്. 42 ശതമാനം വോട്ട് വിഹിതവും ലഭിക്കും, 2017 നെ അപേക്ഷിച്ച് 10 ശതമാനം വർധനവാണ് വോട്ട് വിഹിതത്തിൽ പ്രതീക്ഷ', പിസിസി ജനറൽ സെക്രട്ടറി മധുരദത്ത് ജോഷി പറഞ്ഞു.
കുമയൂൺ മേഖലയിലെ 29 സീറ്റുകളിൽ കോൺഗ്രസിന് കുറഞ്ഞത് 18 സീറ്റുകളെങ്കിലും ലഭിക്കും. കൂടാതെ ഡെറാഡൂൺ, ഉദ്ദം സിംഗ് നഗർ, ഹരിദ്വാർ എന്നീ മൂന്ന് ജില്ലകളിലെ 30 സീറ്റുകളിൽ ഭൂരിഭാഗം സീറ്റുകളിലും പ്രതീക്ഷയുണ്ടെന്നും മധുരദത്ത് പറ്ഞു. ഉത്തരകാശി, പൗരി, ചമോലി, രുദ്രപ്രയാഗ് എന്നിവയുൾപ്പെടെ ഗർവാൾ മലയോര ജില്ലകളിൽ സ്ഥിതി ചെയ്യുന്ന സീറ്റുകളിലും കോൺഗ്രസിന് വലിയ മുന്നേറ്റം ഉണ്ടാകും. തൊഴിൽ എന്ന പ്രതീക്ഷയോടെയാണ് ഇവിടുത്തെ ജനം ഇക്കുറി വോട്ട് ചെയ്തത്. ഫെബ്രുവരി 14 ന് വോട്ടെടുപ്പ് പൂർത്തിയ ശേഷമുള്ള ചില ഘടകങ്ങൾ വ്യക്തമാക്കുന്നത് ജനം കോൺൺഗ്രസിന് വോട്ട് ചെയ്തുവെന്നാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
സൂചകങ്ങൾ പുറത്തുവന്നതിന് ശേഷം, നിരവധി ബിജെപി നേതാക്കൾ ഞങ്ങളെ അഭിനന്ദിക്കുന്നുണ്ട്. സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥരുടെ പ്രതികരണങ്ങളിൽ നിന്ന് ഞങ്ങൾക്ക് മനസിലാക്കാൻ സാധിച്ചത് സംസ്ഥാനത്ത് കോണ്ഡഗ്രസ് തന്നെ അധികാരത്തിൽ വരുമെന്നാണെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിന് മുൻപുള്ള പല സൂചകങ്ങളും കോൺഗ്രസിന് അനുകൂലമായിരുന്നു. ഡെറാഡൂണിലെ നരേന്ദ്ര മോദിയുടെ യോഗത്തിൽ എത്തിയതിനേക്കാൾ മൂന്നിരട്ടി ജനമാണ് രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്. പ്രിയങ്ക ഗാന്ധിയുടെ റാലിക്കെത്തിയതും വൻ ജനാവലിയായിരുന്നു.തൊഴിലില്ലായ്മ ഇല്ലാതാക്കുക, പണപ്പെരുപ്പം കുറയ്ക്കുക, എൽപിജി സിലിണ്ടർ വില 500 രൂപയിൽ കൂടാൻ അനുവദിക്കില്ല തുടങ്ങിയ വാഗ്ദാനങ്ങളാണ് ഞങ്ങൾ ജനങ്ങൾക്ക് നൽകിയത്. അത് അനുകൂലമായി പ്രവർത്തിച്ചുവെന്ന് തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ. കോൺഗ്രസ് അധികാരത്തിൽ വന്ന ഉടൻ സംസ്ഥാനത്തിന് ലക്ഷ കണക്കിന് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും.ഒഴിവുകൾ എല്ലാം നികത്തും ഗ്രാമപ്രദേശങ്ങളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും അതുവഴി ഇവിടെ നിന്നുള്ള കുടിയേറ്റം തടയുമെന്നും മധുരദത്ത് പറഞ്ഞു.
60 അംഗ നിയമസഭയാണ് ഉത്തരാഖണ്ഡിൽ. 2017 ൽ 57 സീറ്റ് നേടിയായിരുന്നു ബി ജെ പി ഭരണത്തിലേറിയത്. കോൺഗ്രസ് വെറും 11 സീറ്റിൽ ഒതുങ്ങി. ബി ജെ പിയും കോൺഗ്രസും മാറി മാറി ഭരിക്കുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. അതുകൊണ്ട് തന്നെ പതിവ് തെറ്റിയില്ലേങ്കിൽ കോൺഗ്രസിനാണ് ഭരണം. അതേസമയം ഇത്തവണ ചരിത്രം തിരുത്തി കുറിക്കുമെന്നാണ് ബി ജെ പി ക്യാമ്പ് അവകാശപ്പെടുന്നത്. കുറഞ്ഞത് 60 സീറ്റെങ്കിലും ഇത്തവണ പാർട്ടിക്ക് ലഭിക്കുമെന്നും നേതാക്കൾ അവകാശപ്പെടുന്നുണ്ട്.
Recommended Video
പ്രീ പോൾ സർവ്വേകൾ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഉത്തരാഖണ്ഡിൽ പ്രവചിച്ചത്. തൂക്ക് സഭയ്ക്ക് സാധ്യത ഉണ്ടെന്ന പ്രവചനങ്ങളും സർവ്വേകളിൽ ഉണ്ടായിരുന്നു. അത്തരത്തിലൊരു സാഹചര്യം ഉണ്ടായാൽ സർക്കാർ രൂപീകരിക്കാനുള്ള ചടുല നീക്കങ്ങൾക്കുള്ള പദ്ധതിയും ബി ജെ പി ഒരുക്കുന്നുണ്ട്. ശക്തരായ സ്വതന്ത്ര സ്ഥാനാർത്ഥികളുമായി ഇതിനോടകം തന്നെ നേതൃത്വം ചർച്ച ആരംഭിച്ച് കഴിഞ്ഞു. കുറഞ്ഞത് 5 സ്വതന്ത്രരെ തങ്ങളുടെ പക്ഷത്ത് എത്തിക്കാനാണ് ബി ജെ പി ശ്രമം. അതേസമയം മാന്ത്രിക സംഖ്യ തൊടാൻ സാധിച്ചില്ലേങ്കിൽ ബി ജെ പി തങ്ങളുടെ എം എൽ എമാരെ ചാക്കിട്ടേക്കുമെന്ന ആശങ്കയിലാണ് കോൺഗ്രസ്. അത്തരമൊരു സാഹചര്യം ഉരുത്തിരിഞ്ഞാൽ എം എൽ എമാരെ രാജസ്ഥാനിലെ റിസോർട്ടിലേക്ക് മാറ്റി പ്രതിരോധിക്കാനാണ് കോൺഗ്രസ് പദ്ധതി.












Click it and Unblock the Notifications