എക്‌സിറ്റ് പോളിനെ വിശ്വസിക്കാമോ? ഹരിയാനയിലും ജമ്മു കശ്മീരിലും അന്നത്തെ എക്‌സിറ്റ് പോള്‍ ഫലം ഇങ്ങനെ
ന്യൂഡല്‍ഹി: ഹരിയാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് പൂര്‍ത്തിയാകുന്നതോടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും. ഹരിയാനയ്‌ക്കൊപ്പം ജമ്മു കശ്മീരിലേയും എക്‌സിറ്റ് പോള്‍ ഇന്ന് വൈകീട്ട് ആറ് മണിക്ക് ശേഷം വിവിധ മാധ്യമസ്ഥാപനങ്ങള്‍ പുറത്തുവിടും. ജമ്മു കശ്മീരിലെയും ഹരിയാനയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഒക്ടോബര്‍ 8 ന് പ്രഖ്യാപിക്കും. ഈ അവസരത്തില്‍ മുന്‍കാലങ്ങളിലെ എക്‌സിറ്റ് പോളുകള്‍ എത്രത്തോളം കൃത്യത പുലര്‍ത്തിയിരുന്നു എന്ന് നോക്കാം.
ഹരിയാനയില്‍ മൂന്നാം തവണയും അധികാരത്തിലെത്താം എന്ന പ്രതീക്ഷയിലാണ് ബിജെപി. എന്നാല്‍ പത്ത് വര്‍ഷത്തിന് ശേഷം ഭരണം തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഹരിയാനയില്‍ 2014 ലെ തിരഞ്ഞെടുപ്പില്‍ 76.54 ശതമാനം ആയിരുന്നു പോളിംഗ് രേഖപ്പെടുത്തി. അന്നത്തെ എക്‌സിറ്റ് പോള്‍ സര്‍വേയില്‍ ഭൂരിഭാഗം പേരും ബിജെപി ജയിക്കും എന്നായിരുന്നു പ്രവചിച്ചിരുന്നത്.

ആ വര്‍ഷം, ഇന്ത്യ ടിവി - സി വോട്ടര്‍, എബിപി ന്യൂസ് - നീല്‍സണ്‍, ടൈംസ് നൗ, ന്യൂസ് 24 - ചാണക്യ എന്നീ എക്‌സിറ്റ് പോളുകള്‍ 37 മുതല്‍ 52 വരെ സീറ്റുകള്‍ വരെ ബിജെപിക്ക് പ്രവചിച്ചു. ഫലം വന്നപ്പോള്‍ 90 അംഗ നിയമസഭയില്‍ 47 സീറ്റുകള്‍ നേടി ബിജെപി അധികാരം പിടിച്ചു. 2019 ലും ബിജെപിക്ക് അനുകൂലമായ വിധിയെഴുത്തുണ്ടാകും എന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍.
ബിജെപിക്ക് സംസ്ഥാനത്ത് 51 മുതല്‍ 78 വരെ സീറ്റുകള്‍ നേടാനാകുമെന്നായിരുന്നു പല സര്‍വേഫലങ്ങളും പ്രവചിച്ചത്. എബിപി ന്യൂസ്-സിവോട്ടര്‍ 78 സീറ്റുകള്‍ ബിജെപി നേടുമെന്ന് പ്രവചിച്ചപ്പോള്‍ ദേശഭക്തി വോട്ടര്‍ 51 സീറ്റുകള്‍ ലഭിക്കുമെന്നുറപ്പിച്ചു. ന്യൂസ് എക്‌സ് - പോള്‍സ്ട്രാറ്റ് 76 സീറ്റുകളും റിപ്പബ്ലിക് - ജാന്‍ കി ബാത്ത് 58 നും 70 നും ഇടയില്‍ സീറ്റ് ലഭിക്കുമെന്നും പ്രവചിച്ചു.
എന്നാല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ബിജെപിക്ക് മുന്‍ തിരഞ്ഞെടുപ്പിലെ പ്രകടനം ആവര്‍ത്തിക്കാനായില്ല. 40 സീറ്റുകള്‍ നേടിയ ബിജെപിക്ക് ഒറ്റക്ക് കേവലഭൂരിപക്ഷം ലഭിച്ചില്ല. ജനനായക് ജനതാ പാര്‍ട്ടിയുമായും ഏഴ് സ്വതന്ത്ര എംഎല്‍എമാരുമായും സഖ്യമുണ്ടാക്കിയാണ് പാര്‍ട്ടി അന്ന് സര്‍ക്കാര്‍ രൂപീകരിച്ചത്. ജമ്മു കശ്മീരില്‍ പത്ത് വര്‍ഷത്തിന് ശേഷം നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണിത്.
2014-ല്‍ സി-വോട്ടര്‍ എക്സിറ്റ് പോള്‍ പോള്‍ സര്‍വേ പ്രകാരം ബിജെപി 27-33 സീറ്റുകളും കോണ്‍ഗ്രസ് 4-10 സീറ്റുകളും ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് 8-14 സീറ്റുകളും നേടുമെന്ന് പ്രവചിച്ചിരുന്നു. പിഡിപി 32-38 സീറ്റുകളും മറ്റുള്ളവര്‍ 2-8 സീറ്റുകളും നേടും എന്നായിരുന്നു പ്രവചനം. ഏറെ കുറെ ഈ പ്രവചനത്തോടെ അടുത്ത് നില്‍ക്കുന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലം.
പിഡിപി 28 സീറ്റുകളുമായി ഏറ്റവും വലിയ കക്ഷിയായി ഉയര്‍ന്നു. ബിജെപി 25 സീറ്റുകള്‍ നേടി. നാഷണല്‍ കോണ്‍ഫറന്‍സ് 15 സീറ്റുകളും കോണ്‍ഗ്രസ് 12 സീറ്റുകളും നേടി. ഇത്തവണ മൂന്ന് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ ജമ്മു കശ്മീരില്‍ 63.45 ശതമാനം വോട്ടിംഗ് ശതമാനമാണ് രേഖപ്പെടുത്തിയത്.












Click it and Unblock the Notifications