മാപ്പ് പറയൂ അല്ലെങ്കില്‍ നടപടി; രാഹുല്‍ ഗാന്ധിയോട് സുപ്രീം കോടതി!
ദില്ലി: കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതിയുടെ ശക്തമായ താക്കീത്. രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയത് ആര്‍ എസ് എസ് ആണ് എന്ന വിവാദ പരാമര്‍ശമാണ് രാഹുല്‍ ഗാന്ധിയെ വെട്ടിലാക്കിയത്. പൊതുജനത്തിന് ഗുണകരമായ എന്താണ് ഈ പ്രസ്താവനയിലുള്ളത് എന്നാണ് ജസ്റ്റിസ് ദീപക് മിശ്ര, ആര്‍ എഫ് നരിമാന്‍ എന്നിവരടങ്ങിയ ബഞ്ച് രാഹുല്‍ ഗാന്ധിയോട് ചോദിച്ചത്.
ഏതെങ്കിലും ഒരു സംഘടനയ്‌ക്കെതിരെ വ്യക്തമായ തെളിവുകള്‍ ഇല്ലാതെ എന്തെങ്കിലും പറയുന്നത് ശരിയല്ല. ആര്‍ എസ് എസുമായി ബന്ധപ്പെട്ട എല്ലാവരെയും വേദനിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ എന്നും കോടതി പറഞ്ഞു. ഒന്നുകില്‍ മാപ്പ് പറയുക. അല്ലെങ്കില്‍ അപകീര്‍ത്തി കേസില്‍ നടപടി നേരിടുക. ഇതാണ് സുപ്രീം കോടതി രാഹുല്‍ ഗാന്ധിക്ക് നല്‍കിയ താക്കീത്.

ചരിത്രരേഖകള്‍ വെച്ചാണ് രാഹുല്‍ ഗാന്ധി ഇങ്ങനെ ഒരു പരാമര്‍ശം നടത്തിയതെന്ന് സ്ഥാപിക്കാനായിരുന്നു രാഹുലിന്റെ വക്കീലിന്റെ ശ്രമം. സര്‍ക്കാര്‍ രേഖകളിലും ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ആര്‍ എസ് എസിനെതിരെ എന്ത് തെളിവാണ് രാഹുലിന്റെ പക്കല്‍ ഉള്ളതെന്ന് വ്യക്തമല്ല. രാഹുലിന് മാപ്പ് പറയാനല്ല താല്‍പര്യം, സ്വന്തം ഭാഗം ന്യായീകരിക്കാനാണ്. അതുകൊണ്ട് വിചാരണ തുടരുന്നതാണ് നല്ലതെന്ന് കോടതി നിരീക്ഷിച്ചു.
സുപ്രീം കോടതി കേസ് പരിഗണിക്കുന്നത് ജൂലൈ 27 ലേക്ക് മാറ്റിവെച്ചു. കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കണം എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആവശ്യം. രാഹുലിന്റെ വക്കീലായ കപില്‍ സിബല്‍ രണ്ടാഴ്ച തിരക്കിലാണ് എന്നത് കൊണ്ടാണ് ഇത്. എന്നാല്‍ ഈ ആവശ്യം കോടതി പരിഗണിച്ചില്ല. 2014 മാര്‍ച്ചിലാണ് താനെയില്‍ നടന്ന ഒരു റാലിയില്‍ രാഹുല്‍ ഗാന്ധി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.












Click it and Unblock the Notifications