'2029ന് ശേഷവും മോദി തന്നെ പ്രധാനമന്ത്രിയായി തുടരും'; പകരക്കാരനെ കുറിച്ചുള്ള അഭ്യൂഹങ്ങൾ തള്ളി ഫഡ്‌നാവിസ്
മുംബൈ: 2029ന് ശേഷവും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ നയിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. പകരക്കാരനെ കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായി തുടരുന്നതിനിടെയാണ് മോദി തന്നെ പാർട്ടിയെയും സർക്കാർ രൂപീകരിച്ചാൽ അതിനെയും നയിക്കുമെന്ന് ഫഡ്‌നാവിസ് പറഞ്ഞത്. നിലവിൽ മോദിയുടെ പിൻഗാമിയെക്കുറിച്ച് ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി പറഞ്ഞു.
ശിവസേനയാണ് നേരത്തെ മോദിയുടെ വിരമിക്കലിനെ കുറിച്ചുള്ള വാർത്ത ആദ്യം പങ്കുവച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നാഗ്‌പൂരിലെ ആർഎസ്‌എസ് ആസ്ഥാനം സന്ദർശിച്ച് വിരമിക്കുകയാണെന്ന് സന്ദേശം നൽകിയെന്ന ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്താണ് അവകാശവാദം ഉന്നയിച്ചത്. ഇതിന് മറുപടിയുമായാണ് ഇപ്പോൾ ഫഡ്‌നാവിസ് തന്നെ നേരിട്ട് രംഗത്ത് വന്നിരിക്കുന്നത്.

'മോദിയുടെ പിൻഗാമിയെക്കുറിച്ച് ചിന്തിക്കാൻ ഇത് ശരിയായ സമയമല്ലെന്ന് ഞാൻ പറഞ്ഞു, കാരണം 2029ൽ പ്രധാനമന്ത്രി മോദി വീണ്ടും പ്രധാനമന്ത്രിയാകും' മോദിയുടെ പിൻഗാമിയെക്കുറിച്ച് നാഗ്‌പൂരിൽ നടത്തിയ പരാമർശങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ഫഡ്‌നാവിസ് പ്രതികരിച്ചു. ഇതോടെ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന വലിയ ചർച്ചകൾക്കാണ് വിരാമമാവുന്നത്.
മുംബൈയിൽ നടന്ന ഇന്ത്യ ഗ്ലോബൽ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഞ്ജയ് റാവത്തിന്റെ അവകാശവാദം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്‌തിരുന്നു. മോദി വിരമിക്കുകയാണെങ്കിൽ പകരം ആരാവും പ്രധാനമന്ത്രി പദത്തിലേക്ക് എത്തുകയെന്നതായിരുന്നു ഏവരുടെയും ആകാംക്ഷ.
നമ്മുടെ സംസ്‌കാരത്തിൽ, പിതാവ് ജീവിച്ചിരിക്കുമ്പോൾ, പിന്തുടർച്ചയെക്കുറിച്ച് സംസാരിക്കുന്നത് അനുചിതമാണ്. അത് മുഗൾ സംസ്‌കാരമാണ്. അതിനെക്കുറിച്ച് ചർച്ച ചെയ്യാൻ സമയമായിട്ടില്ല; എന്നും ഫഡ്‌നാവിസ് പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ അടുത്ത പൊതുതിരഞ്ഞെടുപ്പിന് ശേഷവും മോഡി നേതൃനിരയിൽ തന്നെയുണ്ടാവും എന്ന സൂചനയാണ് ഫഡ്‌നാവിസ് നൽകുന്നത്.
സെപ്റ്റംബറിൽ വിരമിക്കുന്നതിനുള്ള അപേക്ഷ നൽകാനാണ് മാർച്ച് 30ന് പ്രധാനമന്ത്രി മോദി ആർഎസ്‌എസ് ആസ്ഥാനത്ത് പോയതെന്ന് സഞ്ജയ് റാവത്ത് അവകാശപ്പെട്ടിരുന്നു, ബിജെപിയിലെ ചില നേതാക്കൾ 75 വയസിൽ വിരമിക്കുന്നതായി സൂചന നൽകിയിരുന്നുവെന്നും അദ്ദേഹത്തെ ഉദ്ധരിച്ച് ദേശീയ വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്‌തു.
'പ്രധാനമന്ത്രി മോദിയുടെ അവകാശിയെ ആർഎസ്എസ് തീരുമാനിക്കുമെന്ന് തോന്നുന്നു, അതുകൊണ്ടാണ് മോദിയെ ആർഎസ്എസ് ആസ്ഥാനത്തേക്ക് വിളിപ്പിച്ചതും ചർച്ചകൾ നടത്തിയതും. സംഘത്തിന്റെ ചർച്ചകൾ അടച്ചിട്ട വാതിലുകൾക്ക് പിന്നിലാണ് നടക്കുന്നത്. സൂചനകൾ വളരെ വ്യക്തമാണ്. അടുത്ത നേതാവിനെ സംഘം തീരുമാനിക്കും, ആ നേതാവ് മഹാരാഷ്ട്രയിൽ നിന്നുള്ളയാളാകും' എന്നും സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു.












Click it and Unblock the Notifications