കര്‍ഷക സമരക്കാരെ ഒഴിപ്പിക്കാന്‍ യോഗിയുടെ നിര്‍ദേശം; നേതാക്കളെ അറസ്റ്റ് ചെയ്യും, ഫ്‌ളാഗ് മാര്‍ച്ച്
ദില്ലി: ദില്ലി അതിര്‍ത്തിയോട് ചേര്‍ന്ന യുപിയിലെ പ്രദേശങ്ങളില്‍ തമ്പടിച്ചിരിക്കുന്ന കര്‍ഷക സമരക്കാരെ ഒഴിപ്പിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ കളക്ടര്‍മാര്‍ക്കും പോലീസ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കി. യുപി-ദില്ലി അതിര്‍ത്തിയിലെ ഗാസിപൂരിലും സിംഘുവിലും കഴിഞ്ഞ രണ്ടു മാസമായി സമരം തുടരുകയാണ്. ഇവരോട് ഒഴിഞ്ഞുപോകാന്‍ ഗാസിപൂര്‍ കളക്ടര്‍ ഉത്തരവിട്ടു. ഇവിടേക്കുള്ള വെള്ളവും വൈദ്യുതിയും അധികൃതര്‍ തടഞ്ഞു. കൂടുതല്‍ പോലീസുകാരെ വിന്യസിച്ചു. പോലീസ് ഫ്‌ളാഗ് മാര്‍ച്ച് നടത്തി. നേതാക്കളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം.
അതേസമയം, സിംഘു അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകരെ ഒഴിപ്പിക്കാനും ശ്രമം തുടങ്ങി. 24 മണിക്കൂറിനകം ഒഴിഞ്ഞുപോയില്ലെങ്കില്‍ ബലമായി ഒഴിപ്പിക്കുമെന്ന ഹിന്ദുത്വ സംഘടനയായ ഹിന്ദു സേന ഭീഷണി മുഴക്കി. അതേസമയം, സംഘര്‍ഷം തങ്ങളുടെ അജണ്ടയല്ലെന്നും സമരക്കാരുടെ ഭാഗത്ത് നിന്ന് അങ്ങനെ ഒരു നീക്കം ഉണ്ടാകില്ലെന്നും ഗാസിപൂരിലെ സമര നേതാവ് രാകേഷ് തികിയാത്ത് പറഞ്ഞു. ഇദ്ദേഹത്തിനെതിരെ റിപബ്ലിക് ദിനത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ദില്ലി പോലീസ് കേസെടുത്തിട്ടുണ്ട്.
യൂത്ത് ലീഗ് കളം നിറയുന്നു; ഇത്തവണ 6 പേര് മല്‍സരിക്കും; എവിടെയുമെത്താതെ യൂത്ത് കോണ്‍ഗ്രസ്
സിംഘുവിലും ഗാസിപൂരിലും കൂടുതല്‍ പോലീസിനെ വിന്യസിച്ചതോടെ ഏത് സമയവും സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കുമെന്നാണ് സൂചന. അതേസസമയം, സിംഘുവിനോട് ചേര്‍ന്ന ഗ്രാമത്തിലുള്ളവര്‍ സമരക്കാരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു. ഭാരതീയ കിസാന്‍ യൂണിയന്‍ (ലോക് ശക്തി) എന്ന കര്‍ഷക സംഘടന ഇന്ന് സമരത്തില്‍ നിന്ന് പിന്‍മാറി. കഴിഞ്ഞ ദിവസം രണ്ടു സംഘടനകള്‍ പിന്‍മാറിയിരുന്നു. റിപബ്ലിക് ദിനത്തിലെ സംഘര്‍ഷം സമരക്കാര്‍ക്കിടയില്‍ ഭിന്നത ശക്തമാക്കിയിട്ടുണ്ട്.
കോട്ടയത്ത് കോണ്‍ഗ്രസിന് ചാകര; മൂന്ന് മണ്ഡലങ്ങള്‍ക്ക് അടിവലി, പിസി ജോര്‍ജും കാപ്പനും കനിയണം
സമരക്കാര്‍ക്കെതിരെ 25 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 37 കര്‍ഷക നേതാക്കള്‍ പ്രതികളാണ്. 394 പോലീസുകാര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു എന്നാണ് വിവരം. ആശുപത്രിയില്‍ കഴിയുന്ന പോലീസുകാരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദര്‍ശിച്ചു. അതേസമയം, കര്‍ഷക നിമയങ്ങള്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് എഎപി ഉള്‍പ്പെടെയുള്ള 17 പ്രതിപക്ഷ പാര്‍ട്ടികള്‍ നാളെ പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ബംഗാള്‍ നിയമസഭ പ്രമേയം പാസാക്കി. രാജ്യത്തെ കലാപഭൂമിയാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ആരോപിച്ചു.