കര്‍ഷകര്‍ ഒത്തുപിടിച്ചിട്ടും രക്ഷയില്ല, പഞ്ചാബില്‍ എഎപിക്ക് മുന്നില്‍ തകരുമെന്ന് സര്‍വേകള്‍
ദില്ലി: കര്‍ഷക സംഘടനകളുടെ രാഷ്ട്രീയ പാര്‍ട്ടി പഞ്ചാബില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഒരുപോലെ ഭീഷണിയാകുമെന്നായിരുന്നു പ്രവചനങ്ങള്‍. എന്നാല്‍ സര്‍വേ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ഇതെല്ലാം മാറി മറിഞ്ഞിരിക്കുകയാണ്. കര്‍ഷക സംഘടനകള്‍ക്ക് പഞ്ചാബില്‍ വലിയ സ്വാധീനമുണ്ടെന്നായിരുന്നു കണക്ക് കൂട്ടല്‍.
എന്നാല്‍ സംയുക്ത സമാജ് മോര്‍ച്ചയ്ക്ക് കര്‍ഷകരെ പോലും സ്വാധീനിക്കാനായില്ലെന്നാണ് വിലയിരുത്തല്‍. 22 കര്‍ഷക സംഘടനകളുടെ രാഷ്ട്രീയ പാര്‍ട്ടിയാണ് സംയുക്ത സമാജ് മോര്‍ച്ച. ഇവര്‍ ആദ്യമായിട്ടാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഇന്ത്യ ടുഡേ സര്‍വേയില്‍ ഇവര്‍ക്ക് സീറ്റുകള്‍ കിട്ടാനുള്ള സാധ്യത കുറവാണെന്നാണ് പ്രവചിച്ചത്. അതിന് കാരണങ്ങള്‍ ഏറെയാണ്.

പല സ്ഥലത്ത് നിന്ന് സംയുക്ത സമാജ് മോര്‍ച്ചയ്ക്ക് പിന്തുണ ലഭിച്ചിരുന്നു. എന്നാല്‍ അതൊന്നും വോട്ടാക്കി മാറ്റാന്‍ ഇവര്‍ക്ക് സാധിക്കില്ലെന്നാണ് സര്‍വേകള്‍ പറയുന്നത്. അനുകൂല ഘടകങ്ങളുണ്ടായിട്ടും അത് മുതലെടുക്കാനും സാധിച്ചില്ല. അഞ്ച് കാരണങ്ങളാണ് അതിനുള്ളത്. ദില്ലിയില്‍ അടക്കം നടത്തിയ കര്‍ഷക സമരങ്ങളില്‍ വലിയ ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കര്‍ഷക സംഘടനകള്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ പ്രമുഖ നേതാവ് ബല്‍ബീര്‍ സിംഗ് രജേവാളിന് അടക്കം വളരെ കുറച്ച് പേരെ മാത്രമാണ് പ്രചാരണത്തില്‍ ആകര്‍ഷിക്കാന്‍ കഴിഞ്ഞത്. തീരെ കുറവായിരുന്നു ആളുകള്‍.

വളരെ മോശം പ്രതികരണമാണ് ബല്‍ബീര്‍ സിംഗിന്റെ റാലികള്‍ക്ക് ലഭിച്ചത്. എതിരാളികളെല്ലാം അദ്ദേഹത്തെ പരിഹസിക്കുകയും ചെയ്തിരുന്നു. അതേസമയം തോല്‍വിക്ക് പ്രധാന കാരണം ജനങ്ങള്‍ക്കിടയിലോ കര്‍ഷകര്‍ക്കിടയിലോ സ്വാധീനമുണ്ടാക്കാന്‍ ഇവര്‍ക്ക് സാധിച്ചില്ല എന്നതാണ്. മറ്റൊന്ന് മോര്‍ച്ചയ്ക്ക് തിരഞ്ഞെടുപ്പില്‍ പരിചയസമ്പത്തില്ലായിരുന്നു എന്നതാണ്. അതുകൊണ്ട് എങ്ങനെ തിരഞ്ഞെടുപ്പിനെ നേരിടണമെന്ന് അവര്‍ക്കറിയില്ലായിരുന്നു. പ്രചാരണത്തിന് കൊഴുപ്പേകാനുള്ള ഒരു കാര്യവും അവരുടെ കൈവശമില്ലായിരുന്നു. അഴിമതിയും പണത്തിന്റെ കുറവും അടക്കം ബല്‍ബീര്‍ സിംഗ് ഈ വീഴ്ച്ചയ്ക്ക് കുറ്റപ്പെടുത്തിയിരുന്നു.

രാഷ്ട്രീയം അതിന്റെ മോശം അവസ്ഥയില്‍ എത്തിയത് കൊണ്ടാണ് പാര്‍ട്ടിയുണ്ടാക്കി മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് ബല്‍ബീര്‍ സിംഗ് പറയുന്നു. പരമ്പരാഗത പാര്‍ട്ടികള്‍ക്കെല്ലാം ഒരുപാട് പണമുണ്ടായിരുന്നു. അവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ബിസിനസ് പോലെയാണ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നത് ആവശ്യമായിരുന്നു. പ്രവാസികളും തങ്ങളെ പിന്തുണയ്ക്കുന്നവരും അതിനെ ശക്തമായി പിന്തുണച്ചിരുന്നുവെന്നും, നിരസിച്ചാല്‍ അവര്‍ തന്നെ ഘെരാവോ ചെയ്യുമായിരുന്നുവെന്നും രജേവാള്‍ പറയുന്നു. അതേസമയം കേഡര്‍ വോട്ടുകള്‍ ഇല്ല എന്നതാണ് ഇത്രയും ദുരന്തം പ്രകടനം കര്‍ഷക സംഘടനയ്ക്ക് ഉണ്ടായേക്കാന്‍ ഇടയാക്കുന്നത്.

സംയുക്ത സമാജ് മോര്‍ച്ച സ്വന്തമായി കേഡര്‍ വോട്ടുകള്‍ ഉണ്ടാക്കിയെടുക്കുന്നതില്‍ പരാജയപ്പെട്ടു. മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അത് കൃത്യമായി ഉണ്ടായിരുന്നു. പ്രത്യേകിച്ച് കോണ്‍ഗ്രസിനും അകാലിദളിനും വിശ്വസ്തരായ വോട്ടുബാങ്കുണ്ട്. കര്‍ഷക നേതാക്കളുടെ അമിത ആത്മവിശ്വാസവും പ്രധാന പ്രശ്‌നമായിരുന്നു. കര്‍ഷക അനുകൂല തരംഗം മുതലെടുക്കാമെന്നാണ് ഇവര്‍ കരുതിയത്. എന്നാല്‍ ഒരു ബദലും പറയാനാവാത്ത കര്‍ഷക പാര്‍ട്ടിക്ക് എങ്ങനെ വോട്ട് ചെയ്യുമെന്ന് വോട്ടര്‍മാര്‍ ചിന്തിച്ചിട്ടുണ്ടാവാം. രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ചിലര്‍ മത്സരിച്ചത് തന്നെ. ഇവര്‍ക്കൊന്നും ജനങ്ങളുടെ പിന്തുണയുണ്ടായിരുന്നില്ല. ചെറിയ പോക്കറ്റുകളില്‍ മാത്രമാണ് ഇത്തരം നേതാക്കള്‍ക്ക് പിന്തുണയുണ്ടായിരുന്നത്.

കര്‍ഷക സംഘടനകള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ രണ്ട് തട്ടിലായിരുന്നു. പഞ്ചാബില്‍ 31 കര്‍ഷക സംഘടനകളുണ്ട്. ഇതില്‍ 22 സംഘടനകള്‍ മാത്രമാണ് കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിച്ചത്. ഇവര്‍ക്കിടയില്‍ ഐക്യമില്ലാത്തത് തെറ്റായ സന്ദേശമാണ് വോട്ടര്‍മാര്‍ക്ക് നല്‍കിയത്. ബല്‍ബീര്‍ രജേവാളും ജോഗീന്ദര്‍ സിംഗ് ഉഗ്രഹനും ചേര്‍ന്ന് രണ്ട് പക്ഷത്തായി കര്‍ഷക സംഘടനകള്‍. ഉഗ്രഹന്‍ കര്‍ഷകര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന നിലപാടിലായിരുന്നു. രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ സര്‍ക്കാരിനെതിരായ പോരാട്ടത്തെ ദുര്‍ബലമാക്കുമെന്ന് അദ്ദേഹം കരുതിയിരുന്നു. സ്വന്തം വിഭാഗത്തില്‍ നിന്ന് പോലും കര്‍ഷകര്‍ക്ക് വോട്ട് കിട്ടില്ല എന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications