എയർ ഇന്ത്യ വിമാനത്തിൽ തീപിടിച്ച സംഭവം; മുഴുവൻ യാത്രക്കാർക്കും മടങ്ങാൻ ബോർഡിംഗ് പാസ് നൽകിയില്ല, പ്രതിഷേധം
ബെംഗളൂരു: എഞ്ചിനില്‍ തീ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരിച്ചിറക്കിയ എയർ ഇന്ത്യ വിമാനത്തിലെ മുഴുവൻ യാത്രക്കാർക്കും നാട്ടിലേക്ക് തിരികെ വരാൻ ബോർഡിംഗ് പാസ് നൽകിയില്ലെന്ന് പരാതി. 179 യാത്രക്കാരാണ് ടിക്കറ്റെടുത്തിരുന്നത്. ഇതിൽ 120 പേർക്ക് മാത്രമാണ് തിരികെ വരാൻ ബോർഡിംഗ് പാസ് നൽകിയതെന്നാണ് യാത്രക്കാർ പറയുന്നത്. സംഭവത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ഇന്ന് രാവിലെ 9.30 യോടെ പകരം വിമാനം ബെംഗളൂരുവിൽ നിന്ന് പുറപ്പെടുമെന്നാണ് എയർ ഇന്ത്യ അധികൃതർ അറിയിച്ചിരുന്നത്. ഇത് പ്രകാരം ബോർഡിംഗ് പാസ് നൽകുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ കുറച്ച് പേർക്ക് ആദ്യം പോകാമെന്നും മറ്റ് യാത്രക്കാരെ അടുത്ത സർവ്വീസിൽ നാട്ടിലേക്ക് അയക്കാമെന്നുമാണ് എയർ ഇന്ത്യ അറിയിച്ചത്. ഇതാണ് പ്രതിഷേധത്തിന് വഴിവെച്ചത്.

പകരം വിമാനത്തിൽ എല്ലാ യാത്രക്കാരേയും ഉൾപ്പെടുത്തിയില്ലെങ്കിൽ നാട്ടിലേക്ക് മടങ്ങില്ലെന്നാണ് യാത്രക്കാർ പറയുന്നത്. കുടുംബമായി യാത്ര ചെയ്യുന്നവരിലെ പകുതി പേർക്ക് മാത്രമാണ് ബോർഡിംഗ് പാസ് നസ്‍കിയത്. ഇതെങ്ങനെ അംഗീകരിക്കുമെന്നും ചിലർ ചോദിക്കുന്നു. എയർ ഇന്ത്യയുടെ ഭാഗത്ത് നിന്ന് വന്ന വീഴ്ച കാരണമാണ് തങ്ങൾ എയർപോർട്ടിൽ ഇപ്പോഴും കുടുങ്ങി കിടക്കുന്നത്. രാത്രി അടക്കം പലരും എയർപോർട്ടിൽ സമയം തള്ളി നീക്കി. അതിനിടയിൽ ഇത്തരമൊരു നിലപാട് കൂടി സ്വീകരിച്ചാൽ യാത്രക്കാർ എന്ത് ചെയ്യുമെന്നും ഇവർ ചോദിക്കുന്നു. പലരും ബോർഡിംഗ് പാസ് ലഭിച്ചെങ്കിലും വിമാനത്തിൽ കയറില്ലെന്ന നിലപാടിൽ എയർപോർട്ടിൽ തുടരുകയാണ്.
അടുത്ത സർവ്വീസ് 12.30ക്ക് തന്നെ നടത്തുമെന്നും ബോർഡിംഗ് പാസ് ലഭിച്ചിട്ടും യാത്രക്കാർ പോകാൻ തയ്യാറായില്ലെങ്കിൽ തങ്ങൾക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കില്ലെന്നുമാണ് എയർ ഇന്ത്യ അധികൃതരുടെ നിലപാടെന്നും യാത്രക്കാർ പറയുന്നു.
ഇന്നലെ രാത്രിയോടെയാണ് എൻജിനിൽ തീ കണ്ടെത്തിയതിനെ തുടര്‍ന്ന് ബെംഗളൂരു - കൊച്ചി എയർ ഇന്ത്യ വിമാനം രാത്രി 11.12 ഓടെയാണ് ബെംഗളൂരു വിമാനത്താവളത്തിൽ അടിയന്തര ലാന്‍ഡിങ് നടത്തിത്. പറന്നുയര്‍ന്ന ഉടന്‍ എൻജിനിൽ തീ കത്തുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടൻ തന്നെ വിമാനം ലാൻഡ് ചെയ്ത് തീ അണച്ചു. . 179 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. എല്ലാവരെയും സുരക്ഷിതരായി പുറത്തെത്തിച്ചെന്ന് ബെംഗളൂരു വിമാനത്താവള അധികൃതര്‍ അറിയിച്ചത്.












Click it and Unblock the Notifications