മണിപ്പൂരിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിവെപ്പ്; പോലീസിന്റെ ആയുധശേഖരണ കേന്ദ്രത്തിനും തീയിട്ടു
ഇംഫാൽ: മണിപ്പൂരിൽ സംഘർഷം രൂക്ഷമാകുന്നു. ഇംഫാലിൽ ആൾക്കൂട്ടം സുരക്ഷ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തു. ബിഷ്ണുപൂർ ജില്ലയിലെ ക്വാക്ത, ചുരാചന്ദ്പൂർ ജില്ലയിലെ കാങ്‌വായ് എന്നിവിടങ്ങളിൽ നിന്നാണ് ഇന്നലെ രാത്രി വെടിവെപ്പ് ഉണ്ടായത്. പുലർച്ചവരെ വെടിവെപ്പ് തുടർന്നതായും പോലീസ് - സൈനിക വൃത്തങ്ങൾ അറിയിച്ചു.
അഡ്വാൻസ് ആശുപത്രിക്ക് സമീപം പാലസ് കോമ്പൗണ്ടിലുള്ള പോലീസിന്റെ ആയുധശേഖരണ കേന്ദ്രത്തിനും ആൾക്കൂട്ടം തീയിട്ടു. ആയിരത്തോളം വരുന്ന ജനക്കൂട്ടം സംഘടിച്ചെത്തിയായിരുന്നു തീയിട്ടത്. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ദ്രുതകർമ്മ സേന കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റുകളും പ്രയോഗിച്ചു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.

മണിപ്പൂർ സർവ്വകലാശാലയ്ക്ക് സമീപം ആൾക്കൂട്ട ആക്രമണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബി ജെ പി നേതാക്കളുടെ വീടുകളും വ്യാപകമായി ആക്രമിക്കപ്പെട്ടു. വെള്ളിയാഴ്ച രാത്രി 10.40 ന് തോങ്‌ജുവിന് സമീപം 300 ഓളം ആളുകൾ എത്തിയാണ് ബി ജെ പി എം എൽ എ ബിശ്വജിത്ത് സിംഗി വസതിക്ക് നേരെ ആക്രമണം നടത്തിയത്. അർധരാത്രിയോടെ സിൻജെമൈയിലെ ബി ജെ പി ഓഫീസും പ്രക്ഷോഭകാരികൾ ആക്രമിച്ചു. ജനക്കൂട്ടം ഓഫീസ് വളയുകയായിരുന്നുവെന്ന് സൈന്യം വ്യക്തമാക്കി. ഇംഫാൽ വെസ്റ്റിലെ സംസ്ഥാന ബി ജെ പി അധ്യക്ഷ ശാരദാ ദേവിയുടെ വസതിക്ക് നേരെയും ആക്രമണമുണ്ടായി.
കഴിഞ്ഞ മൂന്ന് ദിവസമായി മണിപ്പൂരിൽ സംഘർഷം രൂക്ഷമായിരിക്കുകയാണ്. വെള്ളിയാഴ്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി ആര്‍കെ രഞ്ജന്‍ സിംഗിന്റെ വീടിന് ആൾക്കൂട്ടം തീയിട്ടിരുന്നു. അതിനിടെ അക്രമികൾ പോലീസിന്റേയും സുരക്ഷാ സേനയുടേയും യൂനിഫോം ധരിച്ചുകൊണ്ട് എത്താമെന്ന് കേന്ദ്ര ഇന്റലിജെന്റ് അറിയിച്ചു. സൈന്യവും ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്തെ മെയ്തേയ്-കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള കലാപമാണ് സംഘര്‍ഷം രൂക്ഷമാക്കിയത്. മാസങ്ങളായി തുടരുന്ന സംഘർഷത്തിൽ നൂറിലധികം പേരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. 300 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. നാലായിരത്തിലധികം പേരാണ് വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്തത്.
അതേസമയം മെയ്തേയ് കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റമുട്ടലല്ല സംസ്ഥാനത്ത് നടക്കുന്നതെന്നാണ് മുഖ്യമന്ത്രി ബീരേൻ സിംഗീന്റെ ന്യായീകരണം. ആയുധങ്ങളടക്കം പുറത്ത് നിന്നെത്തിച്ച് ഒരു സംഘം കലാപമുണ്ടാക്കുകയാണെന്നുമാണ് ബിരേന്‍ സിംഗ് വാദിക്കുന്നത്. അതിനിടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ടിട്ടും മണിപ്പൂരില്‍ അശാന്തി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ആവശ്യം ഗോത്ര സംഘടനകൾ ഉന്നയിച്ചിട്ടുണ്ട്.












Click it and Unblock the Notifications