തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിന് ലോട്ടറി; ബിജെപി മന്ത്രിയുടെ വിശ്വസ്തനായിരുന്ന നേതാവ് കോൺഗ്രസിലേക്ക്
പനാജി; 2022 ൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ഗോവ. കഴിഞ്ഞതിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നിട്ട് പോലും അവസാന നിമിഷം ബിജെപി തന്ത്രം പുറത്തെടുത്തതോടെ കോൺഗ്രസ് അധികാരത്തിൽ നിന്ന് പുറത്തായി. എന്നാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഏത് വിധേനയും വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ്. കോൺഗ്രസിന്റെ പ്രതീക്ഷ ഉയർത്തുകയാണ് സംസ്ഥാനത്തെ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങൾ.

സംസ്ഥാനത്ത് അധികാരം തിരിച്ച് പിടിക്കാനായി സംഘടന തലത്തിൽ ഉൾപ്പെടെ അഴിച്ച് പണിക്ക് ഒരുങ്ങുകയാണ് കേന്ദ്രനേതൃത്വം. എല്ലാ പഴുതുകളും അടച്ച് വിജയം മാത്രം ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾക്കാണ് നേതൃത്വം ഒരുങ്ങുന്നത്. ഇതിനായി ശക്തരായ നേതാക്കളുടെ പടയെ മുൻനിരയിൽ നിർത്തി നയിക്കാനാണ് പാർട്ടിയുടെ നീക്കം. മികച്ച നേതാക്കളെ തന്നെ സ്ഥാനാർത്ഥിയാക്കാനുള്ള ചർച്ചകളും പാർട്ടിയിൽ പുരോഗമിക്കുന്നുണ്ട്.

അതിനിടെയിലാണ് ബിജെപി മന്ത്രിയുടെ മുൻ വിശ്വസ്തനായ നേതാവ് കോൺഗ്രസിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നത്. മുൻ ചെയർമാനും കർക്കോറം കക്കോറ മുനിസിപ്പൽ കൗൺസിലറുമായ ബാൽകൃഷ്ണ ഹോദർകർ ആണ് കോൺഗ്രസിൽ ചേരാൻ ഒരുങ്ങുന്നത്. കർക്കോറം എംഎൽഎയും മന്ത്രിയുമായ നിലേഷ് കാബ്രലിന്റെ അടുത്ത വിശ്വസ്തനായിരുന്നു ഹോദർകർ.

കഴിഞ്ഞ കർക്കോറം കക്കോറ മുനിസിപ്പൽ ചെയർമാൻ തിരഞ്ഞെടുപ്പിനിടെയാണ് നിലേഷുമായി ഹോദർകർ തെറ്റിരിരിയിരുന്നത്. ഹോദർകർ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ട് പിന്നാലെ കാബ്രലിന്റെ അനുയായികളായ 9 കൗൺസിലർമാർ ചെയർമാനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. എന്നാൽ ചില സാങ്കേതിക കാരണങ്ങളാണ് മുനിസിപ്പൽ ഭരണസമിതി പ്രമേയം തള്ളി.

ഇത്തരത്തിൽ മൂന്ന് തവണയാണ് ഹോദർകറിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. രണ്ടാം തവണയും നീക്കം പരാജയപ്പെട്ടെങ്കിലും മൂന്നാം തവണ ഹോദർക്കർ ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താവുകയായിരുന്നു.
Recommended Video

അതിനിടെ ഹോദർകർ കോൺഗ്രസിൽ ചേരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വരും തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കുമോയെന്നത് വ്യക്തമല്ല. ഹോദർകർ കോൺഗ്രസിന് വേണ്ടി മത്സരിച്ചാൽ അത് മേഖലയിൽ ബിജെപിക്ക് കനത്ത തിരിച്ചടി സമ്മാനിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications