'ഭിന്നശേഷിയുള്ള പെണ്‍മക്കളുടെ ചികിത്സ'; ഒഴിപ്പിക്കല്‍ നടപടിയില്‍ വൈകാരിക മറുപടിയുമായി മുന്‍ ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: കാലാവധി കഴിഞ്ഞിട്ടും സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയില്‍ താമസം തുടരുന്ന മുന്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനെതിരെ ഒഴിപ്പിക്കല്‍ നടപടി ആവശ്യപ്പെടുമ്പോള്‍ വൈകാരികമായ മറുപടിയുമായി ജസ്റ്റിസ് ചന്ദ്രചൂഡ്. ഭിന്നശേഷിയുള്ള രണ്ട് പെണ്‍മക്കളുടെ പിതാവാണ് താനെന്നും അവരുടെ ചികിത്സാര്‍ത്ഥമാണ് ഔദ്യോഗിക വസതിയില്‍ തുടരേണ്ട സാഹചര്യമുണ്ടായതെന്നും കേന്ദ്രത്തിന് നല്‍കിയ കത്തില്‍ ചന്ദ്രചൂഡ് വിശദീകരിക്കുന്നു. ചികിത്സ തുടരാന്‍ അനുയോജ്യമായ ഒരു വീട് കണ്ടെത്താന്‍ സമയമെടുക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
തന്റെ രണ്ടു പെണ്‍മക്കള്‍ക്ക് ഗുരുതരമായ രോഗങ്ങളും ജനിതക പ്രശ്‌നങ്ങളും ഉണ്ട്. നെമാലൈന്‍ മയോപ്പതി എന്ന ജനിതക രോഗത്തിന് എയിംസില്‍ വിദഗ്ധരുടെ ചികിത്സയിലാണ് മക്കള്‍ രണ്ടു പേരും. അതേസമയം ഇതൊരു വ്യക്തിപരമായ പ്രശ്‌നമാണെന്ന് തനിക്ക് അറിയാമെന്നും അദ്ദേഹം കത്തില്‍ സമ്മതിക്കുന്നുണ്ട്. താന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സുപ്രീംകോടതിയിലെ ജഡ്ജിമാരുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പരമോന്നത ജുഡീഷ്യല്‍ പദവി വഹിച്ചിരുന്ന തനിക്ക് ഉത്തരവാദിത്തങ്ങളെക്കുറിച്ച് പൂര്‍ണമായി അറിയാമെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ താന്‍ ഈ ഔദ്യോഗിക വസതി ഒഴിയുമെന്നും അദ്ദേഹം കത്തില്‍ പറയുന്നു.
മുന്‍ കാലങ്ങളില്‍ ചീഫ് ജസ്റ്റിസുമാര്‍ക്ക് വിരമിക്കലിനു ശേഷവും ഔദ്യോഗിക വസതിയില്‍ താമസം തുടരാന്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. പുതിയ താമസ സൗകര്യം കണ്ടെത്തുന്നതിന് വേണ്ടിയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ഡല്‍ഹിയിലെ കൃഷ്ണ മേനോന്‍ മാര്‍ഗിലുള്ള അഞ്ചാം നമ്പര്‍ ബംഗ്ലാവില്‍ നിന്ന് മുന്‍ ചീഫ് ജസ്റ്റിസിനെ ഉടന്‍ ഒഴിപ്പിക്കണമെന്നാണ് സുപ്രീംകോടതി അഡ്മിനിസ്‌ട്രേഷന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന് മുന്‍ ചീഫ് ജസ്റ്റിസ് കത്തയച്ചത്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ചന്ദ്രചൂഡ് സ്ഥാനം ഒഴിഞ്ഞെങ്കിലും അദ്ദേഹം ഇപ്പോഴും സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാര്‍ക്കുള്ള ഔദ്യോഗിക ബംഗ്ലാവില്‍ താമസം തുടരുകയാണ്. കഴിഞ്ഞ വര്‍ഷം തന്റെ പിന്‍ഗാമിയായി ചുമതലയേറ്റ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയോട് ഈ വര്‍ഷം ഏപ്രില്‍ വരെ ബംഗ്ലാവില്‍ താമസിക്കാന്‍ അനുമതി തേടിയിരുന്നു.
ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ആവശ്യത്തോട് അനുഭവപൂര്‍ണമായ സമീപനം ജസ്റ്റിസ് സഞ്ജീവ് ഖന്ന സ്വീകരിച്ചതിനെ തുടര്‍ന്ന് കേന്ദ്ര ഭവന മന്ത്രാലയവും അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ചന്ദ്രചൂഡും കുടുംബവും ഔദ്യോഗിക വസതിയില്‍ താമസം തുടര്‍ന്നത്. അനുവദിച്ച കാലാവധിയായ മെയ് 31ന് ശേഷവും ഒഴിയാത്ത സാഹചര്യത്തിലാണ് ഒഴിപ്പിക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതി അഡ്മിനിസ്‌ട്രേഷന്‍ കത്തയച്ചത്.
ജസ്റ്റിസ് ചന്ദ്രചുഡ് ഇവിടെ താമസിക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ പിന്‍ഗാമികളായി ചുമതലയേറ്റ ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്കും ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ആര്‍എസ് ഗവായിക്കും ഈ വസതി ലഭിച്ചിരുന്നില്ല. മറ്റു ജഡ്ജിമാര്‍ ബംഗ്ലാവ് അനുവദിക്കാന്‍ കാത്തിരിക്കുന്ന സാഹചര്യത്തില്‍ ഇനി കൂടുതല്‍ കാലാവധി നീട്ടി നല്‍കാനാകില്ലെന്നാണ് സുപ്രീംകോടതി അഡ്മിനിസ്‌ട്രേഷന്‍ കേന്ദ്ര സര്‍ക്കാരിനെ നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications