ഗൗതം ഗംഭീറിന് മൂന്നാംതവണയും വധഭീഷണി; അന്വേഷണം ആരംഭിച്ചതായി ദില്ലി സെൻട്രൽ ഡിസിപി
ദില്ലി: മുൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിന് വധഭീഷണി. ഇത് മൂന്നാം തവണയാണ് ഗൗതം ഗംഭീറിന് ഐ.എസ്.ഐ.എസ്സിൻ്റെ വധഭീഷണിയുണ്ടാകുന്നത്. കാശ്മീരിനെ കുറിച്ച് സംസാരിക്കുന്നത് നിർത്തണമെന്നും രാഷ്ട്രീയം വിടണമെന്നുമാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. പരാതി ലഭിച്ച പശ്ചാത്തലത്തിൽ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി സെൻട്രൽ ഡിസിപി ശ്വേതാ ചൗഹാൻ പറഞ്ഞു.
ദില്ലി പൊലീസിൽ തങ്ങൾക്ക് ചാരന്മാരുണ്ടെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്.ദില്ലി പൊലീസിനോ, ഡിസിപി ശ്വേത ചൗഹാനോ തങ്ങളെ ഒന്നും ചെയ്യാൻ കഴിയില്ലെന്നും ഇ-മെയിൽ മുഖേന ലഭിച്ച ഭീഷണി സന്ദേശത്തിൽ അക്രമികൾ വ്യക്തമാക്കുന്നുണ്ട്. രാഷ്ട്രീയം പൂർണമായും അവസാനിപ്പിക്കണമെന്നും കാശ്മീരിനെ കുറിച്ച് സംസാരിക്കുന്നത് നിർത്തണമെന്നുമാണ് സന്ദേശത്തിലുള്ളത്.

ഇതിനു വിരുദ്ധമായി പ്രവർത്തിച്ചാൽ തന്നെയും കുടുംബത്തെയും കൊന്നുകളയുമെന്നും മുന്നറിയിപ്പുണ്ട്. ദില്ലിയിലെ വസതിയിൽ നിന്നുള്ള വീഡിയോ സന്ദേശങ്ങൾ അടക്കം ഉൾക്കൊള്ളിച്ചാണ് ഐഎസ്ഐഎസ് സംഘം വധ ഭീഷണി മുഴക്കിയിരിക്കുന്നത്. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് ഭീഷണി സന്ദേശം ലഭിക്കുന്നത്. നേരത്തെ ചൊവ്വ, ബുധൻ ദിവസങ്ങളിലും ഈ മെയിൽ മുഖേന ഭീഷണി സന്ദേശം ലഭിച്ചിരുന്നു.
ഷാലിന്‍... ഹോളിവുഡിലേക്കുള്ള പോക്കാണോ; എന്തൊരു മാസ് ലുക്കാണെന്ന് ആരാധകര്‍
ഗൗതം ഗംഭീർ പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് ഇദ്ദേഹത്തിൻ്റെ ദില്ലിയിലെ വസതിക്ക് സുരക്ഷ വർധിപ്പിച്ചിരുന്നു. വധഭീഷണി സന്ദേശം അയച്ച രജിസ്റ്റേർഡ് മെയിൽ ഐഡി അഡ്രസ്സും അക്കൗണ്ട് കൈകാര്യം ചെയ്യുന്നവരുടെ വിവരങ്ങളും ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ വിഭാഗത്തിന്‍റെ ഇന്‍റലിജൻസ് ഫ്യൂഷൻ ആന്‍റ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് യൂണിറ്റ് ഗൂഗിളിന് കത്തയച്ചു.
2019ലും ഗൗതം ഗംഭീറിന് വധഭീഷണി ലഭിച്ചിട്ടുണ്ട്. തനിക്ക് ഫോണിലൂടെ വധഭീഷണികൾ വരുന്നുണ്ടെന്നും സംരക്ഷണം ഏർപ്പെടുത്തണമെന്നും ഗംഭീർ അന്ന് തന്നെ ആവശ്യപ്പെട്ടിരുന്നു. തനിക്കും കുടുംബത്തിനും ലഭിച്ച വധഭീഷണിയെക്കുറിച്ച് ഷാഹ്ദാര ഡെപ്യൂട്ടി കമ്മീഷണർക്കും മറ്റ് മേലുദ്യോഗസ്ഥർക്കും ഗംഭീർ പരാതി നൽകിയിരുന്നു. 2018ലാണ് ഗംഭീർ ക്രിക്കറ്റിൽ നിന്ന് ഔദ്യോഗികമായി വിരമിച്ചത്. പിന്നീട് രാഷ്ട്രീയത്തിൽ സജീവമായി. 2019ൽ ബി.ജെ.പി എം.പിയായി തെരഞ്ഞെടുക്കപ്പെട്ടു. ഈസ്റ്റ് ദില്ലിയിൽ നിന്നാണ് ഗൗതം ഗംഭീർ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടത്.












Click it and Unblock the Notifications