ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി മാധവ് സിംഗ് സോളങ്കി അന്തരിച്ചു, വിയോഗം 94ാം വയസ്സില്‍!!
അഹമ്മദാബാദ്: ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മാധവ് സിംഗ് സോളങ്കി അന്തരിച്ചു. അദ്ദേഹത്തിന് 94 വയസ്സായിരുന്നു. ഗാന്ധിനഗറിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. നരസിംഹ റാവു സര്‍ക്കാരില്‍ സോളങ്കി വിദേശകാര്യ മന്ത്രിയായിരുന്നു. 1980കളിലാണ് ഗുജറാത്തില്‍ സോളങ്കി മുഖ്യമന്ത്രിയായി എത്തുന്നത്. ഖാം ഫോര്‍മുല അന്ന് അദ്ദേഹത്തെ പ്രശസ്തനാക്കി. ക്ഷത്രിയ-ഹരിജന്‍-ആദിവാസി-മുസ്ലീം ഫോര്‍മുലയായിരുന്നു ഇത്. അതിന്റെ ചുരുക്ക പേരായിരുന്നു ഖാം.
ഖാം സഖ്യത്തെ ഉപയോഗിച്ച് അധികാരത്തെ നിയന്ത്രിച്ച് നിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. സോളങ്കി ഒരു അഭിഭാഷകന്‍ കൂടിയായിരുന്നു. 1976ല്‍ ചെറിയൊരു കാലയളവില്‍ അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. 1981ല്‍ വീണ്ടും മുഖ്യമന്ത്രിയായി. ആ സമയത്ത് സാമൂഹികപരമായും സാമ്പത്തികപരമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് സംവരണം കൊണ്ടുവന്നത് സോളങ്കിയാണ്. 1985ല്‍ മുഖ്യമന്ത്രി സ്ഥാനം സോളങ്കി രാജിവെച്ചെങ്കിലും പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 149 സീറ്റുകല്‍ നേടി അദ്ദേഹം തന്നെ മുഖ്യന്ത്രിയായി.
ഗുജറാത്ത് രാഷ്ട്രീയത്തില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്ന നേതാവായിരുന്നു സോളങ്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സോളങ്കിയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. മാധവ്‌സിംഗ് സോളങ്കിയുടെ മകന് ഭരത് സിംഗ് സോളങ്കിയുമായി സംസാരിച്ചെന്നും, വിയോഗത്തില്‍ ദു:ഖമുണ്ടെന്നും മോദി പറഞ്ഞു. മുമ്പ് എഐസിസി ജനറല്‍ സെക്രട്ടറിയായിരിക്കെ കേരളത്തിന്റെ ചുമതല വഹിച്ചിരുന്നു സോളങ്കി. 1995ല്‍ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയത് ഈ ചുമതലയില്‍ ഉള്ളപ്പോഴാണ്.