വികെ പാണ്ഡ്യൻ ബിജെഡിയിൽ ചേർന്നു; നവീൻ പട്‌നായിക്കിന്റെ പിൻഗാമിയാര് എന്ന ചോദ്യത്തിന് ഉത്തരമായോ ?
ഭുവനേശ്വർ: ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ വിശ്വസ്‌തനും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ വികെ പാണ്ഡ്യൻ ബിജെഡിയിൽ ചേർന്നു. നവീൻ പട്‌നായിക്കിന്റെയും മറ്റ് മുതിർന്ന പാർട്ടി നേതാക്കളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിലായിരുന്നു പാണ്ഡ്യന്റെ പാർട്ടി പ്രവേശനം.
ഒഡീഷയിൽ ഏറ്റവും ശുഭദിനമായി കണക്കാക്കുന്ന കാർത്തിക പൂർണിമ നാളിൽ തന്നെ വികെ പാണ്ഡ്യനെ പാർട്ടിയിൽ ഉൾപ്പെടുത്താനുള്ള ബിജെഡിയുടെ തീരുമാനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തൽ. പാർട്ടിയിൽ ഔദ്യോഗികമായി അംഗത്വം സ്വീകരിച്ചെങ്കിലും പാണ്ഡ്യന്റെ ചുമതല എന്താണെന്നോ, പദവി എന്താണെന്നോ തീരുമാനിച്ചിട്ടില്ല.

എങ്കിലും ഒഡീഷയുടെ ഭരണസാരഥ്യത്തിൽ നിർണായക ശക്തിയാകാൻ കെൽപുള്ള, ആവുമെന്ന് രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്ന വ്യക്തിയാണ് വികെ പാണ്ഡ്യൻ. അടുത്ത വർഷം ഏപ്രിൽ-മെയ് മാസങ്ങളിലായി രണ്ട് പ്രധാന തിരഞ്ഞെടുപ്പുകളെയാണ് സംസ്ഥാനം നേരിടാൻ ഒരുങ്ങുന്നത്.
ഈ സാഹചര്യത്തിൽ നിയസഭാ, പൊതു തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി പാർട്ടിയുടെ പ്രചാരണ തന്ത്രവും, സ്ഥാനാർത്ഥി നിർണയവും ഉൾപ്പെടെയുള്ള നിർണായക വിഷയങ്ങളിൽ അദ്ദേഹത്തിന്റെ പങ്ക് പ്രധാനമാണെന്ന് ബിജെഡിയിൽ നിന്നുള്ളവർ തന്നെ വ്യക്തമാക്കുന്നു.
1997ൽ അധികാരത്തിലേറിയത് മുതൽ ഒഡീഷയിൽ നവീൻ പട്‌നായിക്കിന് എതിരാളികളില്ല. കഴിഞ്ഞ 26 വർഷങ്ങളായി അദ്ദേഹം തന്നെയാണ് സംസ്ഥാനം ഭരിക്കുന്നത്. തമിഴ്‌നാട് സ്വദേശിയായ വികെ പാണ്ഡ്യൻ എത്തുന്നതോടെ ബിജു ജനതാദളിൽ രണ്ടാമനാര് എന്ന ചോദ്യത്തിന് ഉത്തരമായെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
പാർട്ടിയിൽ ചേരുന്നതിന് മുന്നോടിയായി നവീൻ പട്‌നായിക്കിന്റെ കാലിൽ തൊട്ട് പാണ്ഡ്യൻ അനുഗ്രഹം വാങ്ങിയെന്ന് മുതിർന്ന ബിജെഡി നേതാവും ലോക്‌സഭയിലെ പാർട്ടി നേതാവുമായ പിനാകി മിശ്ര പറഞ്ഞിരുന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള പാണ്ഡ്യൻ പാർട്ടിയുടെ ഉന്നതങ്ങളിലേക്ക് എത്തുന്നതിൽ പല നേതാക്കൾക്കും എതിർപ്പുണ്ടെന്ന വാദം മിശ്ര പൂർണമായും തള്ളി.
"പാർട്ടിയിലെ എല്ലാ മുതിർന്ന നേതാക്കളും അദ്ദേഹത്തിന്റെ വരവിൽ സന്തുഷ്‌ടരാണ്" മിശ്ര മാധ്യമങ്ങളോട് വ്യക്തമാക്കി. പാണ്ഡ്യന്റെ ഭരണ പരിചയവും, രാഷ്‌ട്രീയ പ്രവർത്തന മികവും പാർട്ടിക്ക് ഒരുപോലെ ഗുണം ചെയ്യുമെന്നും മിശ്ര ചൂണ്ടിക്കാട്ടി.
ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന 2000 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ വികെ പാണ്ഡ്യൻ ഒക്ടോബർ 23നാണ് സ്വയം വിരമിച്ചത്. സംസ്ഥാനത്തെ ഏറ്റവും ശക്തനായ ഉദ്യോഗസ്ഥനായാണ് അദ്ദേഹം കണക്കാക്കപ്പെടുന്നത്.
ഇതിന് പിന്നാലെ ക്യാബിനറ്റ് മന്ത്രിയുടെ റാങ്കോടെ പട്‌നായിക് സർക്കാരിന്റെ മുൻനിര സംരംഭങ്ങളായ നബിൻ ഒഡീഷയുടെയും, വിഷൻ 5ടിയുടെയും ചെയർമാനായി അദ്ദേഹത്തെ നിയമിച്ചുകൊണ്ട് ഉത്തരവ് പുറത്തുവന്നിരുന്നു.












Click it and Unblock the Notifications