തൂത്തുക്കുടിയില്‍ നാലുകുട്ടികള്‍ കാറിനകത്ത് ശ്വാസംമുട്ടി മരിച്ചു
തൂത്തുക്കുടി: നാടിനെ നടുക്കിയ ഒരു സംഭവത്തില്‍ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ കാറിനുള്ളില്‍ നാലു കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു. ഉത്സവം കാണാനെത്തിയ കുട്ടികളാണ് ദാരുണമായ മരണത്തിന് കീഴടങ്ങിയത്. മുത്തഴക്(10), ഇസൈക്കിയമ്മാള്‍(8), മോസസ്(4), ആദി(4) എന്നിവരാണു മരിച്ചത്. കുട്ടികളെ കാണാത്തിനെ തുടര്‍ന്ന് തിരയുമ്പോള്‍ പഴയ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മാതാപിതാക്കളോടൊപ്പമാണ് കുട്ടികള്‍ വേദനാഥം വില്ലേജില്‍ ഉത്സവത്തിനെത്തിയത്. ബാങ്ക് ലോണ്‍ അടക്കാത്തതിനാല്‍ പിടിച്ചെടുത്തു കാറുകള്‍ സമീപത്തെ യാര്‍ഡില്‍ നിരത്തിയിട്ടിട്ടുണ്ടായിരുന്നു. കുട്ടികള്‍ കാറിനരികത്തുനിന്നും കളിക്കവെ ഒരു കാറിനുള്ളില്‍ കയറുകയും അബന്ധത്തില്‍ ഓട്ടോ ലോക്ക് വീഴുകയുമാണ് ഉണ്ടായതെന്നാണ് കരുതുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കുട്ടികളെ കാണാതെ തിരഞ്ഞ രക്ഷിതാക്കളോട് സ്ഥലത്തുണ്ടായവരാണ് യാര്‍ഡില്‍ കളിക്കുന്നതു കണ്ടതായി പറഞ്ഞത്. നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തുന്നതിനിടെ പഴയ കാറില്‍ കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കാറിനുള്ളില്‍ പ്രാണവായു നിലച്ചതാണ് മരണ കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി പോലീസ് വ്യക്തമാക്കി.
രണ്ടു വര്‍ഷത്തോളമായി ഉപയോഗിക്കാതെ കിടന്നിരുന്നതാണ് കാര്‍. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പോലീസ് പ്രാഥമിക അന്വേഷണം നടത്തുന്നുണ്ട്. കുട്ടികളുടെ മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, ഇത്തരം കാറുകള്‍ പൂര്‍ണമായും ലോക്ക് ചെയ്യാതിരുന്നത് ബാങ്കിന്റെ അനാസ്ഥയാണെന്ന് നാട്ടുകാരില്‍ ചിലര്‍ ആരോപിച്ചു.












Click it and Unblock the Notifications