തമിഴ്‌നാട്ടിലെ തിരുവള്ളൂരിൽ ബസും ലോറിയും കൂട്ടിയിടിച്ച് നാല് പേർക്ക് ദാരുണാന്ത്യം; 20 പേർക്ക് പരിക്ക്
ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂരിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ ഇരുപതോളം പേർക്കാണ് പരിക്കേറ്റത്. കെജി കണ്ടിഗൈ മേഖലയിലാണ് ദാരുണമായ അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. ലോറിയും പൂർണമായും തകർന്ന നിലയിലാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാവുന്നത്.
വൈകുന്നേരം ആർകെ പേട്ടയിൽ നിന്ന് തിരുട്ടാണിയിലേക്ക് പോകുകയായിരുന്ന ഒരു സർക്കാർ ബസും (റൂട്ട് നമ്പർ 48) എതിർദിശയിൽ തിരുട്ടണിയിൽ നിന്ന് ഷോളിങ്കറിലേക്ക് പോകുകയായിരുന്ന ഒരു ടിപ്പർ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. കെജി കണ്ടിഗൈ പ്രദേശത്തെത്തിയ വാഹനങ്ങൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ നാല് ബസ് യാത്രക്കാർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് ഉടൻ തന്നെ മാറ്റുകയായിരുന്നു. പരിക്കേറ്റ 20ലധികം പേരെ പൊതുജനങ്ങളുടെ സഹായത്തോടെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ ഉടൻ 108 ആംബുലൻസുകളിൽ പീരക്കുപ്പം പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കും തിരുത്തണി സർക്കാർ ആശുപത്രിയിലേക്കും ചികിത്സയ്ക്കായി മാറ്റുകയായിരുന്നു.
ഇവരിൽ അഞ്ച് പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടെ ആറ് പേരെ പിന്നീട് കൂടുതൽ വൈദ്യസഹായത്തിനായി തിരുവള്ളൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തിട്ടുണ്ട്. മരിച്ചവരുടെ വിശദാംശങ്ങൾ ആശുപത്രി അധികൃതർ നേരത്തെ പുറത്തുവിട്ടിരുന്നു. അപകടത്തിന്റെ കാരണം എന്തെന്ന് ഇതുവരെയും വ്യക്തമായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
സംഭവ സ്ഥലത്ത് എത്തിയ പോലീസ് അപകടകാരണം സംബന്ധിച്ച് കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ടിപ്പർ ലോറിയുടെ ഡ്രൈവർക്കായി അധികൃതർ തിരച്ചിൽ ആരംഭിച്ചു. ബസിനുള്ളിൽ കുടുങ്ങിയ ലോറിയുടെ മുൻഭാഗം രണ്ട് ജെസിബി മെഷീനുകൾ ഉപയോഗിച്ച് നീക്കം ചെയ്യുകയായിരുന്നു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ നാല് പേരുടെ ദാരുണമായ മരണവാർത്ത കേട്ടപ്പോൾ താൻ ഞെട്ടിപ്പോയെന്നും അതീവ ദുഃഖിതനാണെന്നും മുഖ്യമന്ത്രി സ്‌റ്റാലിൻ ഒരു ഔദ്യോഗിക പത്രക്കുറിപ്പിലൂടെ അറിയിച്ചു. മരിച്ചവരുടെ പേര് വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
തിരുട്ടണി സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന 20 പരിക്കേറ്റവർക്ക് പ്രത്യേക ചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 3 ലക്ഷം രൂപ വീതവും, ഗുരുതരമായി പരിക്കേറ്റവർക്ക് 1 ലക്ഷം രൂപ വീതവും, നിസാര പരിക്കേറ്റവർക്ക് 50,000 രൂപ വീതവും മുഖ്യമന്ത്രിയുടെ പൊതു ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം നൽകാൻ ഉത്തരവിട്ടുവെന്നും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications