യുവതിയെ മുറിയിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തു: നീന്തൽ താരങ്ങള്‍ അറസ്റ്റിൽ
ന്യൂഡൽഹി: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ കൂട്ടബലാത്സംഗം ചെയ്ത നീന്തൽ താരങ്ങള്‍ അറസ്റ്റിൽ. ബെംഗളുരുവിൽ ആശുപത്രിയിൽ നഴ്സ് ആയി ജോലി ചെയ്യുന്ന 22കാരിയാണ് പീഡിപ്പിക്കപ്പെട്ടത്. ട്രെയിനിങ്ങിന്റെ ഭാഗമായാണ് നാല് നീന്തൽ താരങ്ങള്‍ ബെംഗളുരുലെത്തിയത്. തുടർന്ന് ഇവരിലൊരാളായ രജത് ഡേറ്റിങ് ആപ്പിലൂടെ യുവതിയെ പരിചയപ്പെടുകയായിരുന്നു.
മാർച്ച് 24ന് ഇരുവരും ഹോട്ടലിൽ ഡിന്നർ കഴിക്കാനായി എത്തി. തുടർന്ന് രജത് യുവതിയെ റൂമിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്നും റൂമിലെത്തിയ ശേഷം ഇയാളും മൂന്ന് സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ദേവ് സരോഹ, യോഗേഷ് കുമാർ, രജത്,ശിവ രാണ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ബലാത്സംഗത്തിന് ഇരയാക്കപ്പെട്ട താൻ രാത്രിയിൽ സുഹൃത്തുക്കളെ വിളിക്കുകയായിരുന്നുവെന്നും അവർ എത്തിയാണ് തന്നെ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടുത്തിയതെന്നും യുവതി പറയുന്നു. വെള്ളിയാഴ്ചയാണ് യുവതി പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുന്നത്. യുവതിയെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കുകയും കൂട്ടബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് സ്ഥിരീകരിച്ചിട്ടുമുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
കേസിലെ പ്രതികള്‍ 20കളിൽ ഉള്ളവർ ആണെന്നും മൂന്ന് മാസമായി ട്രെയിനിങ്ങുമായി ബന്ധപ്പെട്ട് രജത്തും ശിവ റാണയും ബെംഗളുരുവിലുണ്ടെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ ആഴ്ചയാണ് ഇരുവരുടെയും സുഹൃത്തുക്കളായ മറ്റ് രണ്ട് പേരും ബെംഗളുരുവിലെത്തിയത്.












Click it and Unblock the Notifications