അന്തര്‍വാഹിനി പദ്ധതിയില്‍ നിന്ന് പിന്മാറി ഫ്രാന്‍സ്: പ്രഖ്യാപനം മോദിയുടെ സന്ദര്‍ശനത്തിന് തൊട്ടുമുമ്പ്
ദില്ലി: പ്രധാനമന്ത്രിയുടെ സന്ദര്‍ശത്തിന് തൊട്ടുമുമ്പ് നിര്‍ണായകമായ അന്തര്‍വാഹിനികള്‍ ആഭ്യന്തരമായി നിര്‍മ്മിക്കുന്ന പ്രോജക്റ്റില്‍ നിന്നും പിന്മാറി ഫ്രാന്‍സ്. എയര്‍ ഇന്‍ഡിപെന്‍ഡന്റ് പ്രൊപ്പല്‍ഷനുമായി ബന്ധപ്പെട്ട നിര്‍ദ്ദേശത്തില്‍ (ആര്‍എഫ്പി) പരാമര്‍ശിച്ചിരിക്കുന്ന വ്യവസ്ഥകള്‍ കാരണം, ഇന്ത്യന്‍ നാവികസേനയ്ക്കായുള്ള ആറ് പരമ്പരാഗത അന്തര്‍വാഹിനികള്‍ ആഭ്യന്തരമായി നിര്‍മ്മിക്കുന്ന പി -75 ഐ പദ്ധതിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ഫ്രാന്‍സിന്റെ നേവല്‍ ഗ്രൂപ്പ് അറിയിക്കുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാരീസ് സന്ദര്‍ശനത്തിന് ഒരു ദിവസം മുമ്പാണ് നേവല്‍ ഗ്രൂപ്പിന്റെ പ്രഖ്യാപനം. അതേസമയം, അടുത്തിടെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. പരമ്പരാഗത അന്തര്‍വാഹിനിയെ കൂടുതല്‍ നേരം ഉയര്‍ന്ന വേഗതയില്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കാന്‍ അനുവദിക്കുന്ന സാങ്കേതിക വിദ്യയാണ് എ ഐ പി സിസ്റ്റം.

കഴിഞ്ഞ വര്‍ഷം ജൂണില്‍, പ്രതിരോധ മന്ത്രാലയം പി 75 ഐ പദ്ധതിക്ക് അനുമതി നല്‍കുകയും തുടര്‍ന്ന്, ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത രണ്ട് ഇന്ത്യന്‍ കമ്പനികള്‍ക്ക് ആര്‍ എഫ് പി നല്‍കുകയും ചെയ്തിരുന്നു. സ്വകാര്യ കമ്പനിയായ ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, സര്‍ക്കാര്‍ നടത്തുന്ന മസഗാവ് ഡോക്‌സ് ലിമിറ്റഡ് എന്നിവയായിരുന്നു ആ കമ്പനികള്‍. അതിനൂതനമായ എയര്‍ ഇന്ഡിപെന്‍ഡന്റ് പ്രൊപ്പല്‍ഷന്‍ സൗകര്യങ്ങളോട് കൂടിയ ആറ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്നതിന് 43,000 കോടി രൂപയാണ് ചെലവ്. അന്തര്‍വാഹിനികള്‍ തദ്ദേശിയമായി നിര്‍മ്മിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിട്ടത്. നയതന്ത്ര പങ്കാളിത്ത മാതൃകയുടെ കീഴില്‍ അംഗീകാരം ലഭിക്കുന്ന ആദ്യ പദ്ധതിയാണിത്.
അതേസമയം, മൂന്ന് ദിവസത്തെ വിദേശ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച പുറപ്പെട്ടിരുന്നു. ജര്‍മ്മനി, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിക്കുക. ഇപ്പോള്‍ പ്രധാനമന്ത്രി ജര്‍മ്മിനിയിലാണ്. ബര്‍ലിന്‍ ബ്രാന്‍ഡന്‍ബര്‍ഗ് വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി ഊഷ്മളമായ വരവേല്‍പ്പാണ് ഇന്ത്യന്‍ സമൂഹം നല്‍കിയത്. ജര്‍മന്‍ ചാന്‍സലര്‍ ഓലാഫ് ഷോള്‍സിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി ബര്‍ലിനിലെത്തിയത്.












Click it and Unblock the Notifications