മണിപ്പൂരിൽ വീണ്ടും സംഘർഷം; 3 പേർ കൊല്ലപ്പെട്ടു, 4 പേർക്ക് പരിക്ക്
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. തിങ്കളാഴ്ച ഇരുവിഭാഗങ്ങൾ തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 3 പേർ കൊല്ലപ്പെടുകയും 4 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇംഫാൽ വെസ്റ്റ് ജില്ലയിലെ കാങ്ചപ് മേഖലയിലായിരുന്നു ഏറ്റുമുട്ടൽ നടന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം കാക്ചിങ്ങ് പ്രദേശത്ത് രണ്ട് വിഭാഗങ്ങൾ തമ്മിൽ നടന്ന വെടിവെയ്പ്പിൽ 4 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. മണിപ്പൂരിലെ നാഗാ വിഭാഗം എംഎൽഎമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ഡൽഹിയിൽ ചർച്ച നടത്താനിരിക്കേയാണ് വീണ്ടും സംഘർഷം ഉണ്ടായത്.

അമിത് ഷായുടെ സന്ദർശനത്തിന് തൊട്ട് പിന്നാലെയും സംസ്ഥാനത്ത് 100 കണക്കിന് വീടുകൾ കലാപകാരികൾ അഗ്നിക്കിരയാക്കി. കുക്കി സായുധ സംഘം ഉപേക്ഷിച്ച കക്ചിങ് പ്രദേശത്തെ ക്യാമ്പാണ് കഴിഞ്ഞ ദിവസം തീയിട്ട് നശിപ്പിച്ചത്. ജില്ലയിലെ തന്നെ സെമാവുവിൽ പ്രദേശവാസികൾ ഉപേക്ഷിച്ച 200 ഓളം വീടുകൾക്ക് യുകെഎൽഎഫ് സംഘം തീയിട്ടെന്ന് ആരോപിച്ചാണ് എതിർവിഭാഗം ക്യാമ്പ് നശിപ്പിച്ചത്. പ്രദേശത്തെ മെയ്തെയ് സമുദായക്കാരനായ എംഎൽഎ രഞ്ജിത് സിംഗിന്റെ വീടും കലാപകാരികൾ കത്തിച്ചിരുന്നു. വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടതോടെ സെറോവിലേയും സുഗ്നിലേയും നൂറ് കണക്കിന് മെയ്തെയ് സമുദായക്കാർ വീട് ഉപേക്ഷിച്ച് പോയതായും റിപ്പോർട്ടുണ്ട്.
അതിനിടെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്റർനെറ്റ് നിരോധനം ജൂൺ 10 വരെ നീട്ടിതായി സർക്കാർ അറിയിച്ചു. തിങ്കളാഴ്ച വൈകീട്ടാണ് അഞ്ച് ദിവസം കൂടി നിരോധനം തുടരുമെന്നാണ് സർക്കാർ വ്യക്തമാക്കിയത്.
മെയ് 3 മുതലായിരുന്നു സംസ്ഥാനത്ത് സംഘർഷം ഉടലെടുത്തത്. ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്തെയ് സമുദായത്തെ പട്ടിക വർഗ വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള ഹൈക്കോടതി വിധിയും ഇത് നടപ്പാക്കാനുള്ള സർക്കാർ നീക്കവുമാണ് സംഘർഷത്തിൽ കലാശിച്ചത്. തീരുമാനത്തിനെതിരെ നാഗ,കുക്കി ഗോത്ര വിഭാഗങ്ങൾ വലിയ പ്രതിഷേധം ഉയർത്തുകയായിരുന്നു. ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഇതുവരെ 98 പേരാണ് കൊല്ലപ്പെട്ടത്. 300 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. 1000ത്തോൾ പേർ കുടിയൊഴിപ്പിക്കപ്പെട്ടെന്നാണ് കണക്കുകൾ.
അതേസമയം സംഘർഷത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താൻ കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. ഗുവാഹത്തി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് അജയ് ലാബയാണ് സമിതി അധ്യക്ഷൻ. വിരമിച്ച മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ഹിമാൻഷു ശേഖർദാസ്, മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ അലോക് പ്രഭാകർ എന്നിവരാണ് മറ്റ് സമിതി അംഗങ്ങൾ.












Click it and Unblock the Notifications