ജി-20 സമ്മേളനത്തിന് ഇന്ന് ശ്രീനഗറില്‍ തുടക്കം: ജമ്മുകശ്മീരില്‍ ഉടനീളം കനത്ത സുരക്ഷ
ദില്ലി: മൂന്നാമത് ജി20 ടൂറിസം വർക്കിംഗ് ഗ്രൂപ്പ് യോഗത്തിന് ഇന്ന് ശ്രീനഗറില്‍ തുടക്കമാവും. 2019 ല്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷമുള്ള ആദ്യത്തെ പ്രധാന അന്താരാഷ്ട്ര പരിപാടിയായതിനാൽ തന്നെ കനത്ത സുരക്ഷയാണ് മേഖലയില്‍ ഒരുക്കിയിരിക്കുന്നത്. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടക്കുന്ന സമ്മേളനത്തിനായി ത്രിതല സുരക്ഷാ ഗ്രിഡിന് കീഴിലായി വ്യോമ നിരീക്ഷണ ഡ്രോൺ നിരീക്ഷണത്തിനായി ദേശീയ സുരക്ഷാ ഗാർഡും (എൻ എസ് ജി) മാർക്കോസ് കമാൻഡോകളേയും ജമ്മു കശ്മീരിന് ചുറ്റും വിന്യസിച്ചിട്ടുണ്ട്.
ഏതെങ്കിലും തരത്തിലുള്ള ഭീകരാക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസിന്റെ പ്രത്യേക ഓപ്പറേഷൻ ഗ്രൂപ്പിനെയും (എസ് ഒ ജി) പല സ്ഥലങ്ങളിലും വിന്യസിച്ചു. പ്രതിനിധികളെ വരവേൽക്കാൻ ശ്രീനഗർ നഗരം വലിയ തോതില്‍ മോടിപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കശ്മീരിലെ വിനോദസഞ്ചാര-വ്യാപാര മേഖലയ്ക്ക് ഉത്തേജനം നൽകുന്ന ജി20 ഉച്ചകോടി യോഗങ്ങളെ വരവേൽക്കാൻ കശ്മീരിലെ ജനങ്ങളും തയ്യാറായിരിക്കുകയാണ്.

ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ശ്രീനഗറിൽ പൊതുജനങ്ങളുടെ സഞ്ചാരത്തിന് നിയന്ത്രണങ്ങളൊന്നും ഉണ്ടാകില്ല. എല്ലാ കടകളും വ്യാപാര സ്ഥാപനങ്ങളും പതിവ് പോലെ തുറന്ന് പ്രവർത്തിക്കും. ഈ ജി20 ഉച്ചകോടി യോഗം ജമ്മു കശ്മീരിന്റെ എല്ലാ മേഖലകളിലും വികസനത്തിന് ഉത്തേജനം നൽകുമെന്നും കേന്ദ്രഭരണ പ്രദേശത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന അന്താരാഷ്ട്ര ടൂറിസം പ്രോല്‍സാഹിപ്പിക്കപ്പെടുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
അതേസമയം, കശ്മീരിൽ ജി 20 ടൂറിസം വർക്കിംഗ് ഗ്രൂപ്പ് സമ്മേളനം ഇന്ത്യ വിളിച്ച് ചേർത്തതില്‍ അതൃപ്തിയുമായി പാകിസ്താന്‍ വീണ്ടും രംഗത്ത് വന്നു. പാക്കിസ്ഥാന്റെ വിമർശനം നിരസിച്ച ഇന്ത്യ, ജി 20 യോഗങ്ങൾ രാജ്യത്തുടനീളം സംഘടിപ്പിക്കുന്നുണ്ടെന്നും അതിനാൽ ജമ്മു കശ്മീരിലും ലഡാക്കിലും യോഗങ്ങള്‍ നടത്തുന്നത് സ്വാഭാവികമാണ്. ഇവ ഇന്ത്യയുടെ അവിഭാജ്യ ഭാഗങ്ങളാണെന്നും വ്യക്തമാക്കി.
"ഇന്ത്യയിൽ മുഴുവനും, ഇന്ത്യയുടെ എല്ലാ നഗരങ്ങളിലും, ഭാഗങ്ങളിലും ജി 20 മീറ്റിംഗുകൾ സംഘടിപ്പിക്കുന്നു. അതിനാൽ ജമ്മു കശ്മീരിലും ലഡാക്കിലും മീറ്റിംഗുകൾ നടത്തുന്നത് സ്വാഭാവികമാണ്, കാരണം ഇവ ഇന്ത്യയുടെ അവിഭാജ്യ ഭാഗങ്ങളാണ്," വിദേശകാര്യ മന്ത്രാലയം (MEA) ഔദ്യോഗിക വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. ശ്രീനഗറിലും കശ്മീരിന്റെ ചില ഭാഗങ്ങളിലും ജി 20 യോഗം സംഘടിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ നിരുത്തരവാദപരമായ നീക്കമാണെന്നായിരുന്നു പാകിസ്ഥാന്റെ വിമർശനം.












Click it and Unblock the Notifications