ജി-20 ഉച്ചക്കോടി; നേരിട്ടെത്താൻ സാധിക്കില്ല, മോദിയെ ഫോണിൽ വിളിച്ച് അറിയിച്ച് പുടിൻ
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള തന്റെ അസൗകര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് അറിയിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ. തനിക്ക് പകരം റഷ്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് പങ്കെടുക്കുമെന്നും പുടിൻ മോദിയെ ഫോണിൽ വിളിച്ച് അറിയിച്ചു.
റഷ്യയുടെ തീരുമാനം മാനിക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി , ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന ജി 20 ഉച്ചകോടിക്ക് റഷ്യ നൽകുന്ന മികച്ച പിന്തുണയ്ക്ക് നന്ദി അറിയിച്ചു. അതേസമയം ഇരുനേതാക്കളും ഉഭയകക്ഷി സഹകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ച ചെയ്തു. ചന്ദ്രയാൻ-3 ദൗത്യം വിജയകരമായതിൽ പുടിൻ മോദിയെ അഭിനന്ദനം അറിയിച്ചു.

ഊർജ മേഖലയിൽ വൻതോതിലുള്ള പദ്ധതികൾ സ്ഥിരമായി നടപ്പാക്കുന്നതിനും അന്താരാഷ്‌ട്ര ഗതാഗത, ലോജിസ്റ്റിക്‌സ് അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനുള്ള സംയുക്ത പ്രവർത്തനങ്ങളെ സംബന്ധിച്ചും നേതാക്കൾ ചർച്ച ചെയ്തു. ഇന്ത്യയിലെ ഏറ്റവും വലിയ ആണവനിലയം റഷ്യയാണ് കൂടംകുളത്ത് നിർമ്മിക്കുന്നത്. ഇറാന്റെ ചബഹാർ തുറമുഖത്തെ നോർത്ത്-സൗത്ത് ട്രാൻസ്പോർട്ട് കോറിഡോറിലും ഇരു രാജ്യങ്ങളും സഹകരിക്കുന്നുണ്ട്.
അതേസമയം നേരത്തേ ബ്രിക്സ് ഉച്ചകോടിയിലും പുടിൻ നേരിട്ട് പങ്കെടുത്തിരുന്നില്ല. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ വാറന്റ് ഉള്ളതിനാൽ അറസ്റ്റ് ഭയന്ന് പുടിൻ ഓൺലൈനായിട്ടായിരിക്കും ഉച്ചകോടിയിൽ പങ്കെടുത്തിരുന്നത്. ഇതേ കാരണം കൊണ്ട് തന്നെയാണ് അദ്ദേഹ ഇന്ത്യയിലും എത്താത്തത് എന്നാണ് റിപ്പോർട്ടുകൾ. യുക്രയ്നിലെ അധിനിവേശവുമായി ബന്ധപ്പെട്ടാണ് പുടിനെതിരെ അന്താരാഷ്ട്ര കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. വിദേശ യാത്ര ചെയ്യുന്നത് അറസ്റ്റിലേക്ക് നയിക്കുമോയെന്നതാണ് പുടിന്റെ ഭയം.
അതേസമയം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ജി 20 യോഗത്തിനായി അടുത്ത മാസം 7-ന് ഇന്ത്യയിൽ എത്തും.സന്ദര്‍ശനത്തിന്റെ ഭാഗമായി ബൈഡന്‍ ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടത്തുമെന്ന് വൈറ്റ് ഹൗസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കൽ, യുക്രെയ്ൻ യുദ്ധത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ ആഘാതം ലഘൂകരിക്കൽ, ബഹുമുഖ വികസന ബാങ്കുകളുടെ ശേഷി വർധിപ്പിക്കൽ എന്നിവ ഉൾപ്പെടെയുള്ള ആഗോള പ്രശ്‌നങ്ങൾ ജോ ബൈഡനും ജി 20 അംഗ രാജ്യങ്ങളുടെ നേതാക്കളും തമ്മിൽ ചർച്ച നടത്തുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. സപ്റ്റംബർ 9,10 തീയതികളിലാണ് ഉച്ചകോടി നടക്കുന്നത്.












Click it and Unblock the Notifications