ഇന്ത്യ-ഗള്‍ഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച് മോദി; പിന്തുണച്ച് അമേരിക്ക, ഇനി ചൈന വിയര്‍ക്കും
ന്യൂദല്‍ഹി: ഇന്ത്യ - ഗള്‍ഫ് - യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദല്‍ഹിയില്‍ നടക്കുന്ന ജി20 ഉച്ചകോടിയിലാണ് പ്രഖ്യാപനം. ഇന്ത്യയില്‍ തുടങ്ങി യൂറോപ്പിലേക്ക് നീളുന്ന സാമ്പത്തിക ഇടനാഴി രാജ്യങ്ങളെ ബന്ധിപ്പിക്കും എന്നും അതിനാണ് പ്രഥമ പരിഗണന എന്നും മോദി പറഞ്ഞു. ചൈനയുടെ വണ്‍ ബെല്‍റ്റ് പദ്ധതിക്ക് ബദലായി അമേരിക്കയുടെ മുന്‍കൈയിലാണ് സാമ്പത്തിക ഇടനാഴിക്ക് വഴിയൊരുങ്ങിയിരിക്കുന്നത്.
പുതിയ അവസരങ്ങള്‍ക്ക് വഴി തുറക്കുകയാണ് ലക്ഷ്യമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. സാമ്പത്തിക ഇടനാഴിയിലെ നിക്ഷേപത്തിന് പ്രതിജ്ഞാബദ്ധമാണെന്ന് ഫ്രാന്‍സും ഇടനാഴിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് ജര്‍മ്മനിയും വ്യക്തമാക്കി. വിശാലമായ ഭൗമരാഷ്ട്രീയ പ്രത്യാഘാതങ്ങളുള്ള വ്യാപാര ബന്ധങ്ങള്‍ ഉയര്‍ത്തുന്ന സാമ്പത്തിക ഇടനാഴിയായിരിക്കും ഇത്.

മൂന്ന് പ്രദേശങ്ങളിലുടനീളം ഡാറ്റ, റെയില്‍വേ, തുറമുഖങ്ങള്‍, വൈദ്യുതി നെറ്റ്വര്‍ക്കുകള്‍, ഹൈഡ്രജന്‍ പൈപ്പ് ലൈനുകള്‍ എന്നിവ ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ അമേരിക്ക, സൗദി അറേബ്യ, യൂറോപ്യന്‍ യൂണിയന്‍, യുഎഇ എന്നീ രാജ്യങ്ങള്‍ ആരംഭിക്കും. വ്യാപാര കേന്ദ്രീകൃതമാണെങ്കിലും പദ്ധതി വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് കാരണമാകും എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
1.4 ബില്യണ്‍ ജനങ്ങളുള്ള ഇന്ത്യയുടെ വിശാലമായ വിപണിയെ പാശ്ചാത്യ രാജ്യങ്ങളുമായി സമന്വയിപ്പിക്കാനും ചൈനീസ് അടിസ്ഥാന സൗകര്യ ചെലവുകള്‍ക്ക് വിരുദ്ധമായി സന്തുലിതാവസ്ഥ നിര്‍ണയിക്കാനും മധ്യേഷ്യന്‍ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും ഇസ്രായേലും അറബ് ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാനും ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ.
യുഎഇ, സൗദി അറേബ്യ, ജോര്‍ദാന്‍, ഇസ്രായേല്‍ എന്നിവയുള്‍പ്പെടെ മിഡില്‍ ഈസ്റ്റിലുടനീളം റെയില്‍വേ, തുറമുഖ സൗകര്യങ്ങളെ ബന്ധിപ്പിക്കുന്ന ഒരു നിര്‍ദ്ദിഷ്ട പദ്ധതി ഇന്ത്യയും യൂറോപ്പും തമ്മിലുള്ള വ്യാപാരം 40 ശതമാനം വരെ വേഗത്തിലാക്കും. ഇന്ന് മുംബൈയില്‍ നിന്ന് സൂയസ് കനാല്‍ വഴി യൂറോപ്പിലേക്ക് പോകുന്ന ഒരു ഷിപ്പിംഗ് കണ്ടെയ്നറിന് ഭാവിയില്‍ ദുബായില്‍ നിന്ന് ഇസ്രായേലിലെ ഹൈഫയിലേക്ക് റെയില്‍ മാര്‍ഗം പോകാം.
ഇത് വഴി പണവും സമയവും ലാഭിക്കാമെന്ന് യുറേഷ്യ ഗ്രൂപ്പിന്റെ ദക്ഷിണേഷ്യന്‍ പ്രാക്ടീസ് ഹെഡ് പ്രമിത് പാല്‍ ചൗധരി പറഞ്ഞു. നിലവില്‍ സൂയസ് കനാല്‍ ലോക വ്യാപാരത്തിന് ഒരു വലിയ തടസ്സമാണ്. ആഗോള സമുദ്ര വ്യാപാരത്തിന്റെ ഏകദേശം 10 ശതമാനവും സൂയസ് കനാലാണ് കൈകാര്യം ചെയ്യുന്നതെങ്കിലും പലപ്പോഴും വലിയ തടസങ്ങള്‍ നേരിടുന്നു. 2021 മാര്‍ച്ചില്‍ എവര്‍ ഗിവന്‍ എന്ന കണ്ടെയ്നര്‍ കപ്പല്‍ ജലപാതയില്‍ കുടുങ്ങി ഗതാഗതം തടസപ്പെടുത്തിയിരുന്നു.
പാകിസ്താന്‍ വഴി ചൈന പുതിയ കടല്‍ പാത ഗള്‍ഫിലേക്കു തുറക്കാന്‍ ശ്രമിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഇത് യാഥാര്‍ഥ്യമാകുന്നതിന് മുമ്പ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനായിരുന്നു അമേരിക്കയുടെ താല്‍പര്യം. അതാണിപ്പോള്‍ ഫലം കണ്ടിരിക്കുന്നത്.












Click it and Unblock the Notifications