'ഗണേശ പൂജയില്‍ പോലും പ്രശ്‌നമുള്ളവരുണ്ട്'; ചീഫ് ജസ്റ്റിസിന്റെ വീട്ടിലെ ഗണപതി പൂജാ വിവാദത്തില്‍ മോദി
ഭുവനേശ്വര്‍: അധികാരമോഹികള്‍ക്കും വിഭജന ശക്തികള്‍ക്കും ഗണേശ പൂജയില്‍ പ്രശ്നമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭുവനേശ്വറില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ആണ് പ്രധാനമന്ത്രിയുടെ പ്രതികരണം. കോണ്‍ഗ്രസും അതിന്റെ ആവാസവ്യവസ്ഥയും താറുമാറായി എന്നും അദ്ദേഹം പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ വീട്ടിലെ ഗണപതി പൂജാ ആഘോഷത്തില്‍ മോദി പങ്കെടുത്തത് വിവാദമായിരുന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍ ആണ് അദ്ദേഹത്തിന്റെ പ്രതികരണം. 'വിഭജിച്ച് ഭരിക്കുക എന്ന നയം പിന്തുടരുന്ന ബ്രിട്ടീഷുകാര്‍ അക്കാലത്ത് ഗണേശോത്സവത്തെ വെറുത്തിരുന്നു. ഇന്നും സമൂഹത്തെ ഭിന്നിപ്പിക്കുകയും തകര്‍ക്കുകയും ചെയ്യുന്ന അധികാരമോഹികള്‍ക്ക് ഗണേശപൂജയില്‍ പ്രശ്നങ്ങളുണ്ട്. നിങ്ങള്‍ അത് മനസിലാക്കണം. ഞാന്‍ ഗണേശ പൂജയില്‍ പങ്കെടുത്തതിനാല്‍ കോണ്‍ഗ്രസും അതിന്റെ ആവാസവ്യവസ്ഥയും തകര്‍ന്നിരിക്കുകയാണ്,' പ്രധാനമന്ത്രി പറഞ്ഞു.

ഗണേശോത്സവം കേവലം ഒരു മതപരമായ ഉത്സവമല്ലെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍ ചരിത്രപരമായി നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ബ്രിട്ടീഷ് കൊളോണിയല്‍ കാലഘട്ടത്തില്‍ ഇന്ത്യന്‍ സമൂഹത്തില്‍ ഭിന്നത വിതച്ച് ബ്രിട്ടീഷുകാര്‍ ഭിന്നിപ്പിച്ച് ഭരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഗണേശോത്സവം ഐക്യത്തിനുള്ള ഒരു വേദിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആഘോഷത്തെ എതിര്‍ക്കുന്നവരുടെ വിദ്വേഷ മനോഭാവത്തെ അപലപിച്ച മോദി, സമൂഹത്തിനകത്ത് വിഷം പടര്‍ത്താന്‍ ശ്രമിക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത് എന്നും ആരോപിച്ചു. ഗണേശ പൂജയെക്കുറിച്ചുള്ള പ്രതിപക്ഷ വിമര്‍ശനം രാജ്യത്തെ വിഭജിക്കുന്നതിനുള്ള അവരുടെ താല്‍പര്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം വിഘടന ശക്തികളെ തഴച്ചുവളരാന്‍ അനുവദിക്കരുതെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
സമൂഹത്തെ വിഭജിക്കുന്നതിന് താല്‍പര്യമുള്ളവര്‍ക്ക് ഇന്നും ഗണേശോത്സവത്തില്‍ പ്രശ്നമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സെപ്തംബര്‍ 11 നായിരുന്നു ചന്ദ്രചൂഡിന്റെ വസതിയില്‍ നടന്ന ഗണപതി പൂജ ആഘോഷങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുത്തത്. മോദിയും ചന്ദ്രചൂഡും ഭാര്യയും ചേര്‍ന്ന് ഗണേശ വിഗ്രഹത്തില്‍ ആരതി നടത്തുകയും പ്രാര്‍ഥിക്കുകയും ചെയ്തിരുന്നു.
മോദി ചീഫ് ജസ്റ്റിസിന്റെ വീട്ടിലെ ഗണപതി പൂജ ആഘോഷങ്ങളില്‍ പങ്കെടുത്തതിനെ പ്രതിപക്ഷം രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചിരുന്നത്. ജനങ്ങളുടെ മനസ്സില്‍ ജുഡീഷ്യല്‍ നിഷ്പക്ഷതയെക്കുറിച്ച് സംശയം ഉണര്‍ത്താന്‍ ഈ നടപടി ഇടയാക്കും എന്നായിരുന്നു ശിവസേന (യുബിടി) പറഞ്ഞത്. ശിവസേന തര്‍ക്കം സംബന്ധിച്ച കേസില്‍ നിന്ന് ചന്ദ്രചൂഢ് വിട്ടുനില്‍ക്കണം എന്നും പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു.
സംഭവത്തില്‍ അഭിഭാഷകരും വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും ചെയ്ത പ്രവര്‍ത്തി എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മിലുള്ള അധികാര വിഭജനത്തില്‍ വിട്ടുവീഴ്ച ചെയ്തതാണ് എന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിംഗ് പറഞ്ഞിരുന്നു. സംഭവത്തെ എസ്സിബിഎ അപലപിക്കണമെന്നും ഇന്ദിര ജെയ്‌സിംഗ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ എന്‍ഡിഎ നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
ഗണപതി പൂജ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നായിരുന്നു ബിജെപിയുടെ വാദം. പ്രതിപക്ഷം ചീഫ് ജസ്റ്റിസിന്റെ വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നത് എന്നും ഇത് ജൂഡീഷ്യറിയുടെ കെട്ടുറപ്പിന് ഹാനികരവുമാണെന്ന് ശിവസേന നേതാക്കളും പറഞ്ഞിരുന്നു.












Click it and Unblock the Notifications