പ്രയാഗ്‌രാജും ഇസ്‌കോണും സന്ദർശിച്ച് ഗൗതം അദാനി; 'ശുദ്ധ ഹൃദയത്തോടെ സേവനം ചെയ്‌താൽ ദൈവത്തിൽ എത്തിചേരും'
പ്രയാഗ്‌രാജ്: മഹാ കുംഭമേള നടക്കുന്ന പ്രയാഗ്‌രാജ് സന്ദർശിച്ച് രാജ്യത്തെ പ്രമുഖ വ്യവസായിയും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനി. ഐക്യത്തിനും വിശുദ്ധിക്കും സേവനത്തിനുമുള്ള പ്രതിബദ്ധതയുടെ പ്രതീകമായാണ് അദ്ദേഹത്തിന്റെ ഈ സന്ദർശനം. മാനവികതയെയും ദൈവികതയെയും സേവിക്കുന്നതിനുള്ള മാർഗമായ ആത്മീയതയിലുള്ള വിശ്വാസം പ്രതിഫലിപ്പിച്ചു കൊണ്ട് കൂടിയാണ് ഗൗതം അദാനി കുംഭമേള നടക്കുന്ന പ്രയാഗ്‌രാജിലേക്ക് എത്തിയത്.
മഹാകുംഭമേള നടക്കുന്ന മേഖലയിലെ ഇസ്‌കോണിന്റെ സർവീസ് ക്യാമ്പാണ് അദാനി ആദ്യം സന്ദർശിച്ചത്. അവിടെ അദ്ദേഹത്തിന്റെ സംഘം, ഇസ്‌കോണുമായി സഹകരിച്ച് കൊണ്ട് "മഹാപ്രസാദ് സേവ" വഴി പ്രതിദിനം 1,00,000-ത്തിലധികം വരുന്ന ഭക്തർക്ക് സൗജന്യവും ശുദ്ധവുമായ ഭക്ഷണം നൽകി വരുന്നുണ്ട്. മഹാപ്രസാദം തയ്യാറാക്കുന്ന അടുക്കള നേരിട്ട് കണ്ട് അദ്ദേഹം വിലയിരുത്തി.

ഭക്തരെ സേവിക്കുന്നത് ഗംഗ മാതാവിനെ സേവിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ആത്മീയതയോടുള്ള തന്റെ സമീപനം എടുത്തുകാണിച്ച ഗൗതം അദാനി സേവന പ്രവർത്തനങ്ങൾ ശുദ്ധമായ ഹൃദയത്തോടെ ചെയ്യുമ്പോൾ അത് ദൈവത്തിലേക്ക് നേരിട്ട് എത്തിച്ചേരുമെന്നും ചൂണ്ടിക്കാട്ടി. ഇസ്‌കോൺ സന്ദർശിച്ച ശേഷം ഗൗതം അദാനി ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനമായ ത്രിവേണി സംഗമത്തിലേക്കാണ് പോയത്.
ഹിന്ദു പുരാണങ്ങളിൽ ഏറെ പ്രാധാന്യത്തോടെ കണ്ടിരുന്ന ഇടങ്ങളിൽ ഒന്നാണ് ത്രിവേണി സംഗമം. പാലാഴി കടയുന്നതിനിടെ അമൃത് തുള്ളികൾ വീണ സ്ഥലമാണ് ഇതെന്ന് വിശ്വസിക്കപ്പെടുന്നു. ഈ പുണ്യസ്ഥലത്ത്, അദാനി തന്റെ കുടുംബത്തിന്റെയും രാജ്യത്തിന്റെയും ക്ഷേമത്തിനായും ഐശ്വര്യത്തിനായും പ്രത്യേകത പ്രാർത്ഥനകൾ നടത്തി.
തീർഥരാജ് എന്നറിയപ്പെടുന്ന പ്രയാഗരാജിന് ആത്മീയവും ചരിത്രപരവുമായ വലിയ പ്രാധാന്യമാണ് ഉള്ളത്. ഇന്ത്യയിലെ പ്രസിദ്ധമായ 16 ഹനുമാൻ ക്ഷേത്രങ്ങളിൽ ഒന്നായ ലെറ്റെ ഹനുമാൻ ക്ഷേത്രം ഇവിടെയാണ്. അദാനി ഈ ക്ഷേത്രം സന്ദർശിക്കുകയും നഗരത്തിന്റെ സമ്പന്നമായ ആത്മീയ പൈതൃകത്തോടുള്ള ആദരവ് പ്രകടിപ്പിക്കുകയും ചെയ്‌തു.
#WATCH | Uttar Pradesh: Adani Group Chairman, Gautam Adani arrives in Prayagraj to attend #MahaKumbh2025
— ANI (@ANI) January 21, 2025
"I am very excited, " says Adani Group Chairman, Gautam Adani pic.twitter.com/ZXtsZxjvpJ
ഈ സന്ദർശന വേളയിൽ മഹാ കുംഭ മേള സമയത്ത് ഒരു കോടി സൗജന്യ ആരതി സംഗ്രഹ പുസ്‌തകങ്ങൾ വിതരണം ചെയ്യുന്ന ഗീത പ്രസ് ക്യാമ്പിന്റെ പ്രവർത്തനവും അദ്ദേഹം നേരിട്ട് കണ്ട് വിലയിരുത്തി. സനാതന സാഹിത്യത്തിന് ഗീത പ്രസ് നൽകിയ ഒരു നൂറ്റാണ്ട് നീണ്ട സേവനത്തെയും ഇന്ത്യൻ സംസ്‌കാരത്തിനും ആത്മീയതയ്ക്കും നൽകിയ സമാനതകളില്ലാത്ത സംഭാവനകളെയും അദാനി പ്രശംസിച്ചു.
കോടിക്കണക്കിന് ഭക്തർ എത്തുന്ന കുംഭമേള മേഖലയിലെ ശുചിത്വം ഉറപ്പാക്കുന്ന ശുചീകരണ തൊഴിലാളികളുമായി അദാനി കൂടിക്കാഴ്‌ച നടത്തി. ദശലക്ഷക്കണക്കിന് ഭക്തർ ഒഴുകിയെത്തിയിട്ടും ഘാട്ടുകളും റോഡുകളും മാലിന്യങ്ങൾ ഇല്ലാതെ തുടരുന്നുവെന്ന് ഉറപ്പാക്കിയതിന് അവരുടെ അശ്രാന്ത പരിശ്രമത്തെ അദ്ദേഹം അഭിനന്ദിച്ചു.

ഇതിന് പുറമേ അദാനി ഗ്രൂപ്പ് ഭക്തരുടെ സൗകര്യാർത്ഥം വയോജനങ്ങൾക്കും വികലാംഗർക്കും ചെറിയ കുട്ടികളുള്ള അമ്മമാർക്കും ഗോൾഫ് കാർട്ടുകൾ ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഭഗവദ്ഗീതയുടെ അന്തസത്ത പ്രചരിപ്പിക്കുന്നത് ലക്ഷ്യമിട്ട് ഗീത സാരത്തിന്റെ അഞ്ച് ലക്ഷം പതിപ്പുകൾ സന്ദർശകർക്ക് വിതരണം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.
ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ നടക്കുന്ന അദാനി ഗ്രൂപ്പിന്റെ മഹാപ്രസാദ സർവീസ് അഞ്ച് ദശലക്ഷം ഭക്തർക്ക് സേവനം നൽകുമെന്നാണ് കരുതപ്പെടുന്നത്. ഭക്ഷണം തയ്യാറാക്കുന്നതിനായി ഇസ്‌കോൺ രണ്ട് വലിയ അടുക്കളകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. മാത്രമല്ല മഹാകുംഭ ഏരിയയിലുടനീളം 40 വിതരണ കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
ഭാരതീയ സംസ്‌കാരത്തിന്റെ മഹത്തായ യജ്ഞമായാണ് ഗൗതം അദാനി മഹാ കുംഭത്തെ വിശേഷിപ്പിച്ചത്. സേവനം എന്നത് ജീവകാരുണ്യത്തിന്റെ ഏറ്റവും ഉയർന്ന രൂപമാണ്. ഇന്ത്യയുടെ സാംസ്‌കാരികവും ആത്മീയവുമായ കാര്യങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതാണ് ഈ സന്ദർശനം എന്ന് സംശയമേതുമില്ലാതെ പറയാം.
മഹാപ്രസാദ് സേവ, ഗീത പ്രസുമായുള്ള സഹകരണം, ശുചിത്വം നിലനിർത്താനുള്ള ശ്രമങ്ങൾ തുടങ്ങിയ പ്രവർത്തികളിലൂടെ അദാനി ഗ്രൂപ്പിന്റെ സംഭാവനകൾ ആത്മീയവും മാനുഷികവുമായ ഒരു ഉദ്യമമെന്ന നിലയിൽ മഹാകുംഭ മേളയുടെ അന്തസത്തയെ ഉയർത്തിപിടിക്കുന്നതാണ്.












Click it and Unblock the Notifications