ഗുലാം നബി പുതിയ പടയോട്ടം തുടങ്ങി; ജമ്മു നിറച്ച് ബാനറുകള്‍... സുപ്രധാന പ്രഖ്യാപനം ഇന്ന്
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് ഇന്ന് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കും. ജമ്മുവില്‍ മഹാറാലി സംഘടിപ്പിച്ചിരിക്കുകയാണ് അദ്ദേഹം. റാലിയില്‍ തന്റെ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസില്‍ നിന്ന് പുറത്തുവന്ന ശേഷം ആസാദ് നടത്തുന്ന ആദ്യ പൊതു പരിപാടിയാണിന്ന്. ഡല്‍ഹിയില്‍ നിന്ന് രാവിലെ അദ്ദേഹം ജമ്മുവിലെത്തും. സൈനിക് കോളനിയിലാണ് സമ്മേളനം നടക്കുക എന്ന് മുന്‍ മന്ത്രി ജിഎം സരൂരി പറഞ്ഞു.
ആസാദ് കോണ്‍ഗ്രസ് വിട്ടതോടെ കൂടെ രാജിവച്ചവരാണ് സരൂരി ഉള്‍പ്പെടെയുള്ള നേതാക്കള്‍. ഇവരെല്ലാം ആസാദിനൊപ്പം ഉറച്ചുനില്‍ക്കുകയാണ്. ജമ്മു കശ്മീരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ നിറയാനാണ് തീരുമാനം. നേരത്തെ കശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന വ്യക്തി കൂടിയാണ് ആസാദ്. ദേശീയ രാഷ്ട്രീയത്തില്‍ സജീവമായതോടെ പ്രവര്‍ത്തന കേന്ദ്രം ഡല്‍ഹിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ അമ്പത് വര്‍ഷേേത്താളം കോണ്‍ഗ്രസിന്റെ ഭാഗമായിരുന്നു അദ്ദേഹം.

ജമ്മു വിമാനത്താവള വഴിയില്‍ ആസാദിനെ സ്വാഗതം ചെയ്തുള്ള ബാനറുകളും ബോര്‍ഡുകളും നിറഞ്ഞിരിക്കുകയാണ്. 20000 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യം സമ്മേളന നഗരിയില്‍ ഒരുക്കിയിട്ടുണ്ട്. ആസാദിനെ പിന്തുണച്ച് കോണ്‍ഗ്രസ് വിട്ട എല്ലാവരും റാലിക്കെത്തും. ഇന്ന് 3000 പേര്‍ ആസാദിനൊപ്പം ചേരുന്നതായി സമ്മേളന നഗരിയില്‍ വച്ച് പ്രഖ്യാപിക്കും. ഇവര്‍ക്ക് പ്രത്യേക ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. ആസാദ് ഗ്രൗഡിലെത്തുന്ന വേളയില്‍ എല്ലാവരും കൈ ഉയര്‍ത്തിക്കാട്ടി പിന്തുണ പ്രഖ്യാപിക്കാനാണ് തീരുമാനം. ശനിയാഴ്ച കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച മുന്‍ എംഎല്‍എ അശോക് ശര്‍മ, ആസാദിന്റെ പാര്‍ട്ടിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്.
2005 മുതല്‍ 2008 വരെ കശ്മീര്‍ മുഖ്യമന്ത്രിയായിരുന്നു ആസാദ്. അദ്ദേഹത്തെ വീണ്ടും മുഖ്യമന്ത്രിയാക്കാനാണ് തങ്ങളുടെ പ്രവര്‍ത്തനമെന്ന് സരൂരി പറഞ്ഞു. കശ്മീരില്‍ തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക തയ്യാറാക്കുന്ന അന്തിമ ഘട്ടത്തിലാണ്. നവംബര്‍ 25ന് പട്ടിക തയ്യാറായാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് കശ്മീര്‍ ഒരുങ്ങും. കശ്മീരിന്റെ സംസ്ഥാന പദവി തിരിച്ചുകിട്ടണമെന്ന ആവശ്യമുള്ളവരാണ് ആസാദും കൂട്ടരും.
ആസാദ് ബിജെപിയില്‍ ചേരാന്‍ സാധ്യതയുണ്ടെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം തള്ളുകയാണ് ആസാദ് ചെയ്തത്. രാഷ്ട്രീയ എതിരാളികളോട് സംസാരിച്ചാല്‍ ഡിഎന്‍എ മാറില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ആസാദ് സംസാരിച്ചിരുന്നു. താന്‍ പ്രതീക്ഷിച്ച പോലെ കഠിന ഹൃദയനല്ല മോദി എന്നാണ് ആസാദ് പറഞ്ഞത്.












Click it and Unblock the Notifications