ആം ആദ്മിക്ക് കഴിയില്ല; കോണ്‍ഗ്രസിനെ കൊണ്ട് സാധിക്കും; പുകഴ്ത്തി ഗുലാം നബി ആസാദ്
ദില്ലി: ഹിമാചല്‍ പ്രദേശിലെയും ഗുജറാത്തിലെയും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് മാത്രമേ ബി ജെ പിയെ വെല്ലുവിളിക്കാന്‍ സാധിക്കുകയുള്ളുവെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ആം ആദ്മി പാര്‍ട്ടി കേവലം ദില്ലിയിലെ മാത്രം പാര്‍ട്ടിയായതിനാല്‍ ബി ജെ പിയെ വെല്ലുവിളിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാസങ്ങള്‍ക്ക് മുമ്പാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുമായുള്ള ബന്ധം ഗുലാം നബി ആസാദ് വിച്ഛേദിച്ചത്.

അതേസമയം, താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മതേതരത്വ നിലപാടിന് എതിരല്ലെന്നും മറിച്ച് അതിന്റെ ദുര്‍ബലമായ പാര്‍ട്ടി സംവിധാനത്തിനാണെന്നും ആസാദ് പറഞ്ഞു. 'ഞാന്‍ കോണ്‍ഗ്രസില്‍ നിന്ന് വേര്‍പിരിഞ്ഞെങ്കിലും അവരുടെ മതേതരത്വ നയത്തിന് എതിരായിരുന്നില്ല. പാര്‍ട്ടിയുടെ സംഘടന സംവിധാനങ്ങള്‍ ക്ഷയിച്ചതുകൊണ്ട് മാത്രമായിരുന്നു. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ച വയ്ക്കണമെന്നാണ് തനിക്ക് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രത്യക്ഷത്തില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന പ്രസ്താവനയാണ് ഗുലാം നബി ആസാദ് നടത്തിയത്. അതേസമയം, ആം ആദ്മി പാര്‍ട്ടിക്കെതിരെ വിമര്‍ശനമാണ് ഗുലാം നബി ആസാദ് ഉന്നയിച്ചത്. പഞ്ചാബില്‍ ജയിച്ചതുകൊണ്ട് ആ മാറ്റം മറ്റ് സംസ്ഥാനങ്ങളില്‍ നടന്നെന്ന് വരില്ല. പഞ്ചാബിലെ ജനങ്ങള്‍ ഇപ്പോള്‍ ആം ആദ്മി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നില്ലെന്ന് ഗുലാം നബി ആസാദ് പറഞ്ഞു.

കേന്ദ്ര ഭരണ പ്രദേശമായ ദില്ലിയിലെ രാഷ്ട്രീയ പാര്‍ട്ടി മാത്രമാണ് ആം ആദ്മി. അവര്‍ക്ക് പഞ്ചാബിനെ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ല. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ബി ജെ പിയെ നേരിടാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്ന കാര്യം കേന്ദ്രം പരിഗണിച്ചേക്കുമെന്ന ധനമന്ത്രി നിര്‍മല സീതാരാമന്റെ അഭിപ്രായത്തോടും അദ്ദേഹം പ്രതികരിച്ചു.

താന്‍ ഈ വിഷയം നിരവധി തവണ ഉന്നയിച്ചിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഏത് നടപടിയും പ്രശംസിക്കപ്പെടുമെന്നും ഗുലാം നബി ആസാദ് പറഞ്ഞു. അതേസമയം, കോണ്‍ഗ്രസ് വിട്ടതിന് ശേഷം ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. 'ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി' എന്നാണ് പാര്‍ട്ടിയുടെ പുതിയ പേര്. പുതിയ പാര്‍ട്ടിയുടെ കൊടിയും ഗുലാം നബി ആസാദ് വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടിരുന്നു.

ആഗസ്റ്റ് 26 നായിരുന്നു ഗുലാം നബി ആസാദ്് കോണ്‍ഗ്രസ് വിട്ടത്. കോണ്‍ഗ്രസിലെ 'ഗ്രൂപ്പ് ഓഫ് 23' നേതാവ് എന്ന നിലയില്‍ പാര്‍ട്ടി പുനഃസംഘടിപ്പിക്കാന്‍ ശ്രമിച്ച 23 മുതിര്‍ന്ന നേതാക്കളില്‍ ആസാദും ഉള്‍പ്പെട്ടിരുന്നു. അദ്ദേഹം പാര്‍ട്ടി വിട്ടതിന് പിന്നാലെ വലിയൊരു വിഭാഗം നേതാക്കള്‍ പാര്‍ട്ടി വിട്ടിരുന്നു.












Click it and Unblock the Notifications