ഇതാണ് പുതിയ ട്രെന്‍ഡ്: വരന്‍ പോര, 3 വധുമാര്‍ മണ്ഡപം വിട്ടു!
ലഖ്‌നൊ: പെണ്‍കുട്ടിയുടെ ഇഷ്ടമൊന്നും നോക്കേണ്ട, ഏതെങ്കിലും ഒരാളെ കണ്ടുപിടിച്ച് വിവാഹം കഴിപ്പിച്ച് വിട്ടാല്‍ മതി എന്ന് കരുതുന്ന വീട്ടുകാരുണ്ടെങ്കില്‍ ജാഗ്രത. ഇനി ഈ പരിപാടി പഴയ പോലെ നടന്നു എന്ന് വരില്ല. നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും മണ്ഡപം വരെ എത്തിച്ചിട്ടും കാര്യമില്ല. വരനെ ഇഷ്ടപ്പെട്ടില്ലെങ്കില്‍ വധുമാര്‍ അവിടെ നിന്നും ഇറങ്ങിപ്പോകാന്‍ വരെ ധൈര്യം കാണിച്ചെന്ന് വരും.
ഉത്തര്‍ പ്രദേശില്‍ തങ്ങള്‍ക്ക് ചേര്‍ന്ന വരനല്ല എന്ന കാരണം പറഞ്ഞ് മൂന്ന് നവവധുമാരാണ് മണ്ഡപത്തില്‍ നിന്നും ഇറങ്ങിപ്പോയത്. വിവാഹം വേണ്ടെന്ന് വധുമാര്‍ കട്ടായം പറഞ്ഞതോടെ വരനും സംഘവും കയ്യും വീശി വീട്ടിലേക്ക് മടങ്ങേണ്ടി വന്നു. താരതമ്യേന വികസനം കുറഞ്ഞ ഉത്തര്‍ പ്രദേശിലെ ഗ്രാമങ്ങളിലാണ് പെണ്‍കുട്ടികള്‍ ഈ ധൈര്യം കാണിക്കുന്നത് എന്നതാണ് ഇതിലെ ശ്രദ്ധേയമായ കാര്യം.

കന്നൂജ് ജില്ലയിലെ ജയനഗറില്‍ മീന (പേര് യഥാര്‍ഥമല്ല) എന്ന പെണ്‍കുട്ടിയാണ് ചടങ്ങുകള്‍ക്കിടെ വിവാഹം വേണ്ടെന്ന് വെച്ചത്. പറഞ്ഞതിലും കൂടുതല്‍ പ്രായമുണ്ട് എന്ന് കാഴ്ചയില്‍ തോന്നിയത് കൊണ്ടായിരുന്നു ഇത്. 25 വയസ്സാണ് എന്ന് പറഞ്ഞാണ് 18 കാരിയെ ഇയാള്‍ വിവാഹം ആലോചിച്ചത്. എന്നാല്‍ വരന് ശരിക്കും 38 വയസ്സായിരുന്നത്രെ. രണ്ട് വീട്ടുകാരും സംസാരിച്ച് വിവാഹം വേണ്ടെന്ന് വെച്ചതിനാല്‍ പോലീസിന് ഇടപെടേണ്ടി വന്നില്ല.
ഞായറാഴ്ച തന്നെ ഹാമിര്‍പുര്‍ ജില്ലയിലെ ബന്ദുര്‍കുര്‍ഡിലും സമാനമായ സംഭവം ഉണ്ടായി. വരന്റെ അംഗവൈകല്യം മറച്ചുവെച്ച് വിവാഹത്തിനെത്തിയ വീട്ടുകാരെ വധുവിന്റെ വീട്ടുകാര്‍ മര്‍ദ്ദിക്കുക വരെ ഉണ്ടായി ഇവിടെ. വിവാഹത്തിനെത്തിയ വരന്‍ സ്ത്രീധനത്തിന്റെ കൂട്ടത്തില്‍ ബൈക്ക് കൂടി വേണമെന്ന് ആവശ്യപ്പെട്ടതാണ് ശാരദനഗറില്‍ വിവാഹം മുടങ്ങാന്‍ കാരണമായത്. ഡിമാന്‍ഡ് കൂടിയതോടെ പെണ്‍കുട്ടി നിക്കാഹിന് താല്‍പര്യമില്ല എന്ന് പറഞ്ഞ് ഇറങ്ങിപ്പോകുകയായിരുന്നു.












Click it and Unblock the Notifications