ഗോവയിലെ 26% സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ക്രിമിനല്‍ കേസ്, മുന്നില്‍ കോണ്‍ഗ്രസ്; കോടീശ്വരന്മാരില്‍ ബിജെപി
പനാജി: ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 301 സ്ഥാനാര്‍ത്ഥികളില്‍ 26 ശതമാനം പേര്‍ക്കെതിരേയും ക്രിമിനല്‍ കേസുകളുണ്ടെന്ന് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ ഡി ആര്‍) റിപ്പോര്‍ട്ട്. ആകെ സ്ഥാനാര്‍ത്ഥികളില്‍ 77 പേര്‍ക്കെതിരെയാണ് ക്രിമിനല്‍ കേസുള്ളത്. ഇതില്‍ എട്ട് ശതമാനം പേര്‍ക്കെതിരെ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് കേസെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിമിനല്‍ കേസുകളില്‍പ്പെട്ട ഏറ്റവുമധികം സ്ഥാനാര്‍ത്ഥികള്‍ കോണ്‍ഗ്രസിലാണ്.
37 സീറ്റില്‍ മത്സരിക്കുന്ന കോണ്‍ഗ്രസിലെ 17 പേര്‍ക്കെതിരെ ക്രിമിനല്‍ കേസുണ്ട്. 46 ശതമാനം വരും ഇത്. 40 സീറ്റിലും മത്സരിക്കുന്ന ബി ജെ പിയില്‍ 10 പേര്‍ക്കെതിരെ ക്രിമിനല്‍ കേസുണ്ട്. 25 ശതമാനമാണ് ഇത്. മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടിയിലെ 13 പേരില്‍ ആറ് പേര്‍ക്കെതിരേയും (46 ശതമാനം), മൂന്ന് സീറ്റില്‍ മത്സരിക്കുന്ന ഗോവ ഫോര്‍വേഡ് പാര്‍ട്ടിയില്‍ ഒരാള്‍ക്കെതിരേയും (33 ശതമാനം) ക്രിമിനല്‍ കേസുണ്ട്. 13 സീറ്റില്‍ മത്സരിക്കുന്ന എന്‍ സി പിയുടെ 4 പേര്‍ക്കെതിരെ (31 ശതമാനം) ക്രിമിനല്‍ കേസുണ്ട്.

തൃണമൂലിന്റെ 26 സ്ഥാനാര്‍ത്ഥികളില്‍ 6 പേര്‍ക്കെതിരേയും (23 ശതമാനം) ആം ആദ്മിയുടെ 39 സ്ഥാനാര്‍ത്ഥികളില്‍ 9 പേര്‍ക്കെതിരേയും (23 ശതമാനം) ക്രിമിനല്‍ കേസുണ്ട്. സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വിശദമാക്കുന്നത്. 12 സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ ഉണ്ടെന്നും അതില്‍ ഒരാള്‍ക്ക് ബലാത്സംഗവുമായി ബന്ധപ്പെട്ട കേസുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. എട്ട് സ്ഥാനാര്‍ത്ഥികളുടെ പേരില്‍ വധശ്രമത്തിന് കേസുണ്ട്.

ഫെബ്രുവരി 14 ന് നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെ 301 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്, അതില്‍ 116 പേര്‍ ദേശീയ പാര്‍ട്ടികളില്‍ നിന്നും 104 പേര്‍ സംസ്ഥാന പാര്‍ട്ടികളില്‍ നിന്നും 13 പേര്‍ അംഗീകരിക്കപ്പെടാത്ത പാര്‍ട്ടികളില്‍ നിന്നും 68 പേര്‍ സ്വതന്ത്രരുമാണ്. തെക്കന്‍ ഗോവയില്‍ നിന്ന് കുറഞ്ഞത് 156 സ്ഥാനാര്‍ത്ഥികളും വടക്കന്‍ ഗോവ ജില്ലയില്‍ നിന്ന് 145 പേരും മത്സരിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 40 മണ്ഡലങ്ങളിലും ബി ജെ പി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസ് 37 ഇടത്തും സഖ്യകക്ഷിയായ ഗോവ ഫോര്‍വേഡ് പാര്‍ട്ടി (ജി എഫ് പി) മൂന്നിടത്തുമാണ് മത്സരിക്കുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി (ടി എം സി) 26 ലും എന്‍ സി പി 13 ലും എ എ പി 39ലും ശിവസേന 11 ലും എം ജി പി 13 ലും ഗോയഞ്ചോ സ്വാഭിമാന്‍ പാര്‍ട്ടി നാലിലും ജയ് മഹാഭാരത് പാര്‍ട്ടി ആറിലും സംഭാജി ബ്രിഗേഡ് മൂന്നിലും മത്സരിക്കും. 38 മണ്ഡലങ്ങളില്‍ റവല്യൂഷണറി ഗോവ പാര്‍ട്ടിയും മത്സരിക്കുന്നുണ്ട്. സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 187 പേര്‍ (62 ശതമാനം) കോടിപതികളാണ്. കുറഞ്ഞത് 31 ശതമാനം സ്ഥാനാര്‍ത്ഥികള്‍ക്ക് 5 കോടിയില്‍ കൂടുതല്‍ ആസ്തിയുണ്ട്. 16 ശതമാനം പേര്‍ക്ക് 2 കോടി മുതല്‍ 5 കോടി രൂപ വരെ, 20 ശതമാനം പേര്‍ക്ക് 10 ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ, 11 ശതമാനം പേര്‍ക്ക് 10 ലക്ഷം രൂപയില്‍ താഴെ എന്നിങ്ങനെയാണ് കണക്ക്.

റിപ്പോര്‍ട്ട് പ്രകാരം ബി ജെ പിയുടെ 95 ശതമാനം സ്ഥാനാര്‍ത്ഥികളും കോടീശ്വരന്മാരാണ്, കോണ്‍ഗ്രസിന്റെ 87 ശതമാനം, എം ജി പിയുടെ 69 ശതമാനം, തൃണമൂലിന്റെ 65 ശതമാനം സ്ഥാനാര്‍ത്ഥികളും കോടീശ്വരന്‍മാരാണ്. ജി എഫ് പിയുടെ 67 ശതമാനം, എ എ പിയുടെ 62 ശതമാനം. എന്‍ സി പിയുടെ 62 ശതമാനവും പേര്‍ കോടിപതികളാണ്. 92 കോടി രൂപ വീതം ആസ്തിയുള്ള കോണ്‍ഗ്രസിന്റെ മൈക്കല്‍ ലോബോയും (കലാന്‍ഗുട്ട്) ഭാര്യ ഡെലീലയും (സിയോലിം) ആണ് കോടിപതികളായ സ്ഥാനാര്‍ത്ഥികളില്‍ ഒന്നാം സ്ഥാനത്താണ്. ബിചോലിമിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയ്ക്ക് 59 കോടി ആസ്തിയുണ്ട്.












Click it and Unblock the Notifications