ഗോവയില്‍ പാലം തകര്‍ന്ന് കാണാതായവരെ മുതലകള്‍ പിടിച്ചതായി സംശയം

  • Posted By:
Subscribe to Oneindia Malayalam

പനജി: കഴിഞ്ഞദിവസം ഗോവയില്‍ പാലം തകര്‍ന്ന് പുഴയില്‍ കാണാതായവരെ മുതലകള്‍ പിടിച്ചതായി രക്ഷാപ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നു. ഏതാണ്ട് പതിനഞ്ചോളംപേരെ പുഴയില്‍ കാണാതായതായാണ് സംശയം. സൗത്ത് ഗോവയില്‍ പോര്‍ച്ചുഗീസ് കാലത്ത് സുവാരി നദിക്ക് കുറുകെ പണിത നടപ്പാലമാണ് തകര്‍ന്നത്.

സംഭവത്തില്‍ രണ്ടുപേര്‍ മരിച്ചതായാണ് ഔദ്യോഗികമായി പുറത്തുവിട്ടത്. കുറഞ്ഞത് പതിനഞ്ചോളം പേരെ കാണാതായതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നു. എന്നാല്‍ മുതലകള്‍ ധാരാളമുള്ള പുഴയില്‍ വീണവരെ രക്ഷിക്കുക പ്രയാസകരമായിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തകരും മുതലകളുടെ ആക്രമണഭയത്തിലായതിനാല്‍ കാണാതായവരെ കണ്ടെത്തല്‍ വൈകുകയാണ്.

goa-bridge

സേനയുടെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്. പ്രത്യേക പരിശീലനം ലഭിച്ച നാവികസേനയുടെ സഹായവും തേടിയിട്ടുണ്ട്. പുഴയില്‍ വന്‍തോതില്‍ മുതലകളുള്ളതായാണ് അധികൃതര്‍ പറയുന്നത്. അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് കഴിഞ്ഞ നാലുവര്‍ഷമായി അടച്ചിട്ട പാലത്തിലാണ് അപകടമുണ്ടായത്. പുഴയില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചയാളെ സുരക്ഷാവിഭാഗം രക്ഷിക്കാന്‍ ശ്രമിക്കുന്നത് കാണാന്‍ തടിച്ചുകൂടിയവര്‍ അപകടത്തില്‍പ്പെടുകയായിരുന്നു.


English summary
Goa bridge collapse: Crocodiles stall rescue efforts, at least 15 people missing
Please Wait while comments are loading...