സ്വർണം ഇവിടെ നിന്ന് വേണ്ടുവോളം കുഴിച്ചെടുക്കാം;ഏറ്റവും കൂടുതൽ ഉള്ളത് യുഎഇയിലല്ല, ഇന്ത്യയും പട്ടികയിലേ ഇല്ല
ഇന്ത്യയിൽ സ്വർണത്തിന് വലിയ തോതിലുള്ള ആവശ്യകതയാണുള്ളത്. സാംസ്കാരികപരമായ പാരമ്പര്യങ്ങൾ, വിവാഹങ്ങൾ, സുരക്ഷിതമായ നിക്ഷേപം എന്ന നിലയിലുള്ള പ്രാധാന്യം എന്നിവയെല്ലാമാണ് ഈ ആവശ്യകത വർദ്ധിപ്പിക്കുന്നത്.എന്നാൽ, രാജ്യത്തെ സ്വർണ ശേഖരം പരിമിതമായതിനാൽ ഈ ആവശ്യം നിറവേറ്റുന്നത് വെല്ലുവിളിയാണ്. സ്വർണവും ഇന്ത്യയും തമ്മിൽ ദീർഘകാല ബന്ധമുണ്ടെങ്കിലും, ആഭ്യന്തരമായ ഉത്പാദനം കുറവായതിനാൽ ഉപഭോഗം നിറവേറ്റാൻ സാധിക്കാതെ വരുന്ന സാഹചര്യമുണ്ട്. അതുകൊണ്ട് തന്നെ നിലവിലെ ആവശ്യങ്ങൾക്കായി സ്വർണം വലിയ തോതിലാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ക്രൂഡ് ഓയിൽ കഴിഞ്ഞാൽ രാജ്യം കൂടുതലായി ഇറക്കുമതി ചെയ്യുന്നതും സ്വർണമാണ്.
അതേസമയം ലോകത്ത് സ്വർണ നിക്ഷേപങ്ങളാൽ സമ്പന്നമായ നിരവധി രാജ്യങ്ങളുണ്ട്. ആഗോള സ്വർണ്ണ വിപണിയിൽ ഈ രാജ്യങ്ങൾ നിർണായക പങ്ക് വഹിക്കുന്നു. ലോകത്തിന്റെ സ്വർണ ആവശ്യകതയുടെ വലിയൊരു ഭാഗം നിറവേറ്റുന്നതും ഇവരാണ്. ലോകത്തിന്റെ ഗോൾ ഹബ് എന്ന് അറിയപ്പെടുന്ന ദുബായ് ആയിരിക്കും സ്വർണ നിക്ഷേപത്തിൽ മുൻപിൽ എന്നായിരിക്കും പൊതുവെയുള്ള വിലയിരുത്തലുകൾ. എന്നാൽ അങ്ങനെയല്ല, ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ നിക്ഷേപമുള്ള രാജ്യങ്ങൾ റഷ്യയും ഓസ്ട്രേലിയയുമാണ്.

യുഎസ് ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ടുകൾ പ്രകാരം, റഷ്യയിലെ സൈബീരിയയിലും ഓസ്‌ട്രേലിയയിലെ പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലുമാണ് ഏറ്റവും കൂടുതൽ സ്വർണ നിക്ഷേപം ഉള്ളത്. 2024-ൽ റഷ്യയുടെ സ്വർണ ഉത്പാദനം ഏകദേശം 310 മെട്രിക് ടൺ ആയിരുന്നു, ഇതിൽ ഭൂരിഭാഗവും സൈബീരിയയിലെയും റഷ്യൻ ഫാർ ഈസ്റ്റിലെയും ഖനികളിൽ നിന്നുള്ളതാണ്.
ഓസ്‌ട്രേലിയയിൽ, പടിഞ്ഞാറൻ ഓസ്‌ട്രേലിയയാണ് സ്വർണ ഖനനത്തിൻ്റെ പ്രധാന കേന്ദ്രം. ഇവിടെ ഏകദേശം 12,000 മെട്രിക് ടൺ സ്വർണ്ണ നിക്ഷേപമുണ്ടെന്നാണ് കണക്കാക്കുന്നത്. കൂടാതെ, പ്രതിവർഷം 320-330 മെട്രിക് ടൺ സ്വർണം ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. കാനഡ (ഏകദേശം 3,200 മെട്രിക് ടൺ), ചൈന (ഏകദേശം 3,100 മെട്രിക് ടൺ) എന്നിവയാണ് പിന്നിൽ. അമേരിക്കയ്ക്ക് ഏകദേശം 3,000 മെട്രിക് ടൺ സ്വർണ്ണ നിക്ഷേപമുണ്ട്. ഇന്ത്യയെ സംബന്ധിച്ച് കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നേരിയ തോതിൽ ഖനനം നടക്കുന്നുണ്ട്. ചില സംസ്ഥാനങ്ങളിൽ വലിയ അളവിൽ സ്വർണ നിക്ഷേപം കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇത് വേർതിരിച്ചെടുക്കുക പ്രയാസമാണ്.
അതേസമയം വെള്ളി നിക്ഷേപങ്ങളുടെ കാര്യത്തിൽ, യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച് പെറുവാണ് ലോകത്ത് ഒന്നാം സ്ഥാനത്ത്. ഏകദേശം 140,000 മെട്രിക് ടൺ വെള്ളി നിക്ഷേപം പെറുവിനുണ്ട്. ലോക വെള്ളി വിതരണത്തിൽ പെറുവിൻ്റെ അന്റാമിന പോലുള്ള ഖനികൾക്ക് നിർണായക സ്ഥാനമുണ്ട്. 92,000 മെട്രിക് ടൺ കരുതൽ ശേഖരവുമായി റഷ്യ രണ്ടാം സ്ഥാനത്താണ്. രാഷ്ട്രീയ വെല്ലുവിളികൾക്കിടയിലും റഷ്യ ശക്തമായ ഉത്പാദനം തുടരുന്നുണ്ട്.
ഏകദേശം 70,000 മെട്രിക് ടൺ വെള്ളി നിക്ഷേപവുമായി ചൈന മൂന്നാം സ്ഥാനത്താണ്. പോളണ്ടാണ് നാലാം സ്ഥാനത്ത്. ഏകദേശം 61,000 മെട്രിക് ടൺ വെള്ളി നിക്ഷേപമുണ്ട് അവർ.. യൂറോപ്പിലെ തന്നെ പ്രധാന വെള്ളി ഉത്പാദകർ കൂടിയാണ് പോളണ്ട്. മെക്സിക്കോ വെള്ളി ഉത്പാദനത്തിൽ മുന്നിലാണെന്ന് മാത്രമല്ല, ഏകദേശം 37,000 മെട്രിക് ടൺ വെള്ളി നിക്ഷേപം അവർക്കുണ്ട്.
സ്വർണ്ണ, വെള്ളി നിക്ഷേപങ്ങൾ ഖനികളിൽ ഉള്ളതും സർക്കാരുകൾ സാമ്പത്തിക ആസ്തിയായി കൈവശം വെക്കുന്ന കരുതൽ ശേഖരവും തമ്മിൽ വ്യത്യാസമുണ്ട്. ഈ നിക്ഷേപങ്ങൾ ഖനന കമ്പനികൾക്ക് വികസിപ്പിക്കാൻ കഴിയുന്ന ഉപയോഗിക്കാത്ത ധാതു സമ്പത്തിനെയാണ് സൂചിപ്പിക്കുന്നത്.
ഏറ്റവും വലിയ നിക്ഷേപങ്ങളുള്ള രാജ്യങ്ങൾക്ക് ഭാവിയിലെ ഖനന ഉത്പാദനത്തിലും അതുമായി ബന്ധപ്പെട്ട സാമ്പത്തിക നേട്ടങ്ങളിലും തന്ത്രപരമായ മുൻതൂക്കമുണ്ട്.












Click it and Unblock the Notifications